ഹൃദയം കവർന്ന് കണ്ണൻ; വികസന പ്രവർത്തനങ്ങൾ നിരത്തി ചിറ്റയം
text_fieldsപ്രഭാതഭക്ഷണത്തിനുശേഷം നിശ്ചയിച്ചതിൽനിന്ന് ഒന്നര മണിക്കൂർ വൈകി പോരാട്ട ചരിത്രത്തിലെ വേറിട്ട കാഴ്ചയായ മണ്ണടിയിലെ വേലുത്തമ്പി ദളവയുടെ സ്മൃതികുടീരത്തിൽനിന്നുമാണ് എം.ജി. കണ്ണെൻറ സ്വീകരണപരിപാടികൾക്ക് തുടക്കമായത്. കണ്ണൻ തുറന്ന വാഹനത്തിലേക്ക് കയറിയപ്പോൾ ചെണ്ടമേളം ഉയർന്നു. മാലപ്പടക്കം പൊട്ടി. ഈ സമയം ആദ്യ സ്വീകരണകേന്ദ്രത്തിൽ സ്വീകരിക്കാൻ കാത്തുനിന്നവർ കണ്ണെൻറ അടുത്തേക്ക് ഓടിയെത്തി മാലയിട്ട് സ്വീകരിച്ചു.
ഇതുകഴിഞ്ഞുള്ള നന്ദി പ്രസംഗത്തിൽ പി.എസ്.സി വിഷയവുമായി ബന്ധപ്പെട്ട സമരത്തിൽ ക്രൂരമർദനമേറ്റതിനെക്കുറിച്ചും വീട്ടിലെ ദുരിത ജീവിതത്തെക്കുറിച്ചുമൊക്കെ അേദ്ദഹം പരാമർശിച്ചു. അടൂർ മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജനപ്രതിനിധിയായിരുന്ന കാലത്ത് മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളിൽ ഊന്നിയായിരുന്നു നേതാക്കളുടെ പ്രസംഗം. തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ട തൊഴിലാളികളെ നേരിൽ കണ്ട് വോട്ടു ചോദിച്ച് പ്രചാരണം മുന്നോട്ട്.
എല്ലായിടത്തും സ്വീകരണം ഏറ്റുവാങ്ങി ചെറിയ പ്രസംഗം. ചൂടിെൻറ കാഠിന്യം രൂക്ഷമായ സമയത്തും പറമല കശുവണ്ടി ഫാക്ടറിയിലെ നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾ സ്ഥാനാർഥിയെ കാത്തു നിൽപുണ്ടായിരുന്നു.
തുറന്ന ജീപ്പിൽ വന്ന സ്ഥാനാർഥി ഇവരുടെ ഇടയിലേക്ക് കടന്നുചെന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ഒന്നൊന്നായി വിവരിച്ച സ്ഥാനാർഥി പിന്നെ വ്യക്തിപരമായ കാര്യങ്ങളിലേക്കു കടന്നപ്പോൾ വികാരാധീനനായി. പ്രസംഗം മുഴുമിപ്പിക്കാനാവാതെ പൊട്ടിക്കരഞ്ഞു. ഇതു കണ്ട സ്ത്രീ തൊഴിലാളികൾ വിതുമ്പലടക്കാൻ പാടുപെടുന്നത് കാണാമായിരുന്നു.
തന്നെ വളർത്താൻ കഷ്ടപ്പെട്ട മാതാപിതാക്കളെക്കുറിച്ചും മറ്റും കണ്ണൻ വിവരിച്ചപ്പോൾ കണ്ണീർ തുടക്കുന്നത് കാണാമായിരുന്നു.
അടുത്ത സ്വീകരണസ്ഥലത്തേക്ക് സ്ഥാനാർഥി പോയിക്കഴിഞ്ഞിട്ടും കണ്ണീർ വാർക്കുന്ന തൊഴിലാളികൾ ഫാക്ടറിക്കുള്ളിലേക്ക് കടക്കാതെ പ്രധാന ഗേറ്റിൽ നിൽക്കുന്നുണ്ടായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിലൂടെ കടന്നുപോയ 62 സ്വീകരണ പരിപാടിയാണ് കണ്ണൻ ഒരുദിവസം ഏറ്റുവാങ്ങിയത്.
എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിെൻറ സ്വീകരണ പരിപാടിയുടെ രണ്ടാംദിനം ഏനാത്ത് ഇളങ്ങമംഗലം മാളികയിൽ ജങ്ഷനിലായിരുന്നു തുടക്കം. രാവിലെ എട്ടിനുതന്നെ നിരവധി ആളുകളാണ് സ്വീകരണകേന്ദ്രങ്ങളിൽ ചിറ്റയത്തെ കാത്തുനിന്നത്.
സ്വീകരണ സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്തു.
ഏഴംകുളം പഞ്ചായത്തിൽ മാത്രം നടത്തിയ നിരവധി വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് പ്രസംഗം ആരംഭിച്ച ചിറ്റയം, കഴിഞ്ഞ 10 വർഷം മണ്ഡലത്തിലെ ജനങ്ങൾ തനിക്ക് നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞു. മണ്ഡലത്തിലെ ഓരോ വീട്ടിലും കുടിവെള്ളം എത്തിക്കുക എന്നതിനാണ് താൻ ഇനി മുൻഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് ഏനാത്ത് മേഖലയിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം മണ്ണടി മേഖലയിലേക്കെത്തി. കഴിഞ്ഞ 10 വർഷം മണ്ഡലത്തിലെ ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും നിറസാന്നിധ്യമായ തന്നെ ഇത്തവണയും അടൂരിലെ ജനങ്ങൾ കൈവിടില്ലെന്ന ആത്മവിശ്വാസമാണ് തനിക്കുള്ളതെന്നും ചിറ്റയം പറഞ്ഞു. സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം മണ്ണടി മേഖലയിലേക്കെത്തി.
തുവയൂർ, തെങ്ങമം മേഖലകളിലും പര്യടനം നടത്തി. എല്ലാ സ്വീകരണ സ്ഥലത്തും ആവേശം കൊഴുപ്പിക്കാൻ ചെണ്ടമേള സംഘവും ഉണ്ടായിരുന്നു. നൂറുകണക്കിന് പ്രവർത്തകരുടെ സ്നേഹ സ്വീകരണങ്ങൾക്ക് ചിറ്റയം മറുപടി പറയുമ്പോൾ വാക്കുകളിൽ ആത്മവിശ്വാസത്തിെൻറയും മണ്ഡലത്തിെൻറ ജനങ്ങളുടെ ഉറപ്പിെൻറയും ചിത്രം തെളിഞ്ഞുനിന്നു.
ശബരിമല ഓർമിപ്പിച്ച് പ്രതാപൻ
വേലുത്തമ്പി ദളവയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു ദേശീയ ജനാധിപത്യസഖ്യം സ്ഥാനാർഥി പന്തളം പ്രതാപെൻറ സ്വീകരണ പര്യടനത്തിന് തുടക്കം. മണ്ണടി, ഏനാത്ത് മേഖലകളിലും ഏറത്ത് പഞ്ചായത്തിലുമാണ് ആദ്യദിനത്തിൽ പര്യടനം നടന്നത്. നടപ്പാകാത്ത വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കലാണ് കഴിഞ്ഞ 10 വർഷവും നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
കടമ്പനാട്, ഏറത്ത് പഞ്ചായത്തുകളിലെ ഗ്രാമവീഥികളിലൂടെ വോട്ട് ചോദിച്ച് നീങ്ങിയ പ്രതാപനൊപ്പം പ്രചാരണം കൊഴുപ്പിച്ച് ബി.ജെ.പി പ്രവർത്തകനായ സുനിൽ കുമാർ ന്യൂ ജനറേഷൻ ചാക്യാരുടെ വേഷമണിഞ്ഞും ഒപ്പമുണ്ടായിരുന്നു. നരേന്ദ്ര മോദി സർക്കാറിെൻറ പദ്ധതികൾ വിവരിച്ച ശേഷം യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും അഴിമതികളും മറ്റും ആക്ഷേപഹാസ്യത്തിലൂടെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ഈ കാലാകാരൻ അവതരിപ്പിക്കുന്നു.
എല്ലാ സ്വീകരണ സ്ഥലത്തും ശബരിമല വിശ്വാസ സംരക്ഷണത്തിൽ ഉൗന്നിയാണ് പ്രചാരണം. നിലമേല് ജങ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനം ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വി.എൻ. ഉണ്ണി ഉദ്ഘാടനം ചെയ്തു. മണ്ണടി മുടിപ്പുര ജങ്ഷനിൽ എത്തിയപ്പോഴും നിരവധി ആളുകളാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ കാത്തുനിന്നത്. മണ്ണടി താഴത്തേക്ക് എത്തിയപ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സ്വീകരിക്കാൻ കാത്തുനിന്നത്. ഏനാത്ത് പടിഞ്ഞാറ് എത്തിയ സ്ഥാനാർഥിക്ക് ആവേശോജ്ജ്വല സ്വീകരണം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.