അടൂർ ഡിപ്പോയിൽനിന്ന് വിനോദ സഞ്ചാര സർവിസ് തുടങ്ങും
text_fieldsഅടൂർ: കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽനിന്ന് മലക്കപ്പാറക്കും മൂന്നാറിലേക്കും സർവിസ് ആരംഭിക്കുന്നു. ഡിപ്പോയുടെ വരുമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് തീരുമാനം. ആഴ്ച അവസാനമാകും സർവിസ്. ബസ് പുറപ്പെടുന്ന സമയം സംബന്ധിച്ച് തീരുമാനമായില്ല.
സൂപ്പർ ഡീലക്സ് ബസാണ് സർവിസിനയക്കുക. 40 സീറ്റുകൾ ബുക്കിങ്ങായാൽ സർവിസ് നടത്തും. അടൂരിൽനിന്ന് കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി വഴിയാണ് മലക്കപ്പാറക്ക് ബസ് പോകുക. കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി വഴിയാണ് മൂന്നാറിന് സർവിസ് പോകുന്നത്. ഒരു ദിവസം തങ്ങി സ്ഥലങ്ങൾ കണ്ടശേഷം മടങ്ങത്തക്കവിധമാകും സർവിസ് ക്രമീകരിക്കുക.
സുൽത്താൻബത്തേരി സർവിസ് പെരിക്കല്ലൂർ വരെയാക്കും
അടൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള സുൽത്താൻബത്തേരി സർവിസ് പഴയതുപോലെ പെരിക്കല്ലൂർവരെ നീട്ടാൻ ചീഫ് ഓഫിസിൽനിന്ന് അനുമതി ലഭിച്ചു.
കോവിഡിനുമുമ്പുവരെ പെരിക്കല്ലൂർ വരെയാണ് ഓടിയിരുന്നത്. എന്നാൽ, സർവിസ് പുനരാരംഭിച്ചപ്പോൾ സുൽത്താൻബത്തേരി വരെയാക്കുകയായിരുന്നു. വരുമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് വീണ്ടും പെരിക്കല്ലൂർവരെ ദീർഘിപ്പിച്ചത്. രാത്രി 8.15ന് അടൂരിൽനിന്ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ ഏഴിന് പെരിക്കല്ലൂരിൽ എത്തും. അവിടെ നിന്ന് വൈകീട്ട് 7.45ന് പുറപ്പെടും. ഇരുവശത്തേക്കുമായി 917 കിലോമീറ്ററാണ് ബസ് ഓടുക. പെരിക്കല്ലൂരിൽ ബസ് എത്തുമ്പോൾ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം അവിടത്തെ നാട്ടുകാർ ക്രമീകരിക്കും. ഓൺലൈൻ ബുക്കിങ് സംവിധാനത്തിൽ റൂട്ട് പെരിക്കല്ലൂർവരെയാക്കി ക്രമീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.