ആലപ്പുഴയിലെ കുടമാറ്റം ആർക്കുവേണ്ടി; അവസാന പോരാട്ട ചിത്രത്തിലേക്ക് ഒരെത്തിനോട്ടം
text_fieldsപുന്നപ്രയുടെയും വലയാറിെൻറയും സമരഭൂമികയായ ആലപ്പുഴയിലെ കുടമാറ്റം ആർക്കുവേണ്ടിയാണെന്നാണ് എല്ലാവരും കാതോർക്കുന്നത്. പുതുമുഖ സ്ഥാനാർഥികളും ചെറുപ്പക്കാരും വിവിധ മണ്ഡലങ്ങളിൽ ആവേശം തീർക്കുന്നുണ്ടെങ്കിലും താഴേതട്ടിലുള്ള മനംമാറ്റം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. പഴയ തലമുറക്കാരായ വി.എസ്. അച്യുതാനന്ദനും ഗൗരിയമ്മയും വിശ്രമത്തിലാണ്. ആൻറണിയും വയലാർ രവിയും കളത്തിലില്ല. ഏറ്റവുമൊടുവിൽ ജില്ലയെ നയിച്ച മന്ത്രിമാരായ ജി. സുധാകരൻ, ഡോ. ടി.എം. തോമസ് ഐസക്, പി. തിലോത്തമൻ എന്നിവർ മത്സര കളമൊഴിഞ്ഞു. സി.പി.എം-ബി.ജെ.പി 'ഡീൽ' ആരോപണം ഉയർത്തി ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിെൻറ വെളിപ്പെടുത്തലും ആഴക്കടൽ മത്സ്യബന്ധനവും സ്വർണക്കടത്ത് ഉൾപ്പെടെയുള്ള ആരോപണവും ഒടുവിലെത്തിയ ഇരട്ടവോട്ടും പ്രതിഫലിക്കുമോ?.അതല്ല സർക്കാറിെൻറ വികസനപ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും സാധാരണക്കാരിൽ സൃഷ്ടിച്ച ആവേശം ഇടതിന് അനൂകൂലമാകുമോ?. ഈ പോരാട്ടത്തിലും ആര് വീഴും ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് മുന്നണികൾ. അവസാനവിസിൽ മുഴങ്ങുംമുേമ്പ കളംപിടിക്കാനുള്ള തോരാട്ടത്തിൽ ഇടിയും കനത്തമഴയുമൊക്കെ അവഗണിച്ചാണ് സ്ഥാനാർഥികളുടെ വോട്ടുതേടൽ. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലെയും അവസാനപോരാട്ടചിത്രത്തിലേക്ക് ഒരെത്തിനോട്ടം.
1. ആലപ്പുഴയിൽ പ്രവചനാതീതം
ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന ആലപ്പുഴയിൽ ഇക്കുറി മത്സരം പ്രവചനാതീതം. തുടർച്ചയായി വിജയം സമ്മാനിച്ച മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചത് സഹായകരമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. എന്നാൽ, മുൻനഗരസഭ ചെയർമാൻ പി.പി. ചിത്തരഞ്ജൻ ഇടതുമണ്ണിൽ ചെങ്കൊടി ഉയർത്തുമെന്നാണ് എൽ.ഡി.എഫിെൻറ വിശ്വാസം. പഴയസഖാവും എം.പിയുമായ ഡോ. കെ.എസ്. മനോജിെൻറ വരവോടെ ലത്തീൻ സമുദായം അടക്കമുള്ളവരുടെ വോട്ടുകളിലൂടെ അട്ടിമറിവിജയം നേടുമെന്നാണ് കോൺഗ്രസിെൻറ പ്രതീക്ഷ. ധീവര സമുദായംഗമായ ചിത്തരഞ്ജനിലൂടെ തീരദേശമേഖലയിലടക്കം വോട്ടുറപ്പിക്കാമെന്ന കണക്കുകൂട്ടിലാണ് എൽ.ഡി.എഫ്. ആര്.എസ്.എസിലൂടെ എത്തിയ മാധ്യമപ്രവര്‍ത്തകനായിരുന്ന സന്ദീപ് വാചസ്പതിയാണ് എൻ.ഡി.എ സ്ഥാനാർഥി.
2. അമ്പലപ്പുഴയിൽ ആര് വീഴും?
ഹാട്രിക് വിജയം നേടിയ മന്ത്രി ജി. സുധാകരെൻറ അസാന്നിധ്യം എത്രത്തോളം പ്രതിഫലിക്കുമെന്ന് വിലയിരുത്തെപ്പടുന്ന മണ്ഡലമാണിത്. ജി. സുധാകരെൻറ പിൻഗാമിയായി എച്ച്. സലാമിലൂടെ വിജയത്തിൽ കുറഞ്ഞൊന്നും സി.പി.എം ചിന്തിക്കുന്നില്ല. മന്ത്രി മാറിനില്‍ക്കുന്ന സാഹചര്യത്തിനൊപ്പം സി.പി.എമ്മിലെ ഒരുവിഭാഗത്തിെൻറ അതൃപ്തിയും വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു യു.ഡി.എഫിനായി കളത്തിലിറങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയമാണ് എൽ.ഡി.എഫിെൻറ ആത്മവിശ്വാസം. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ എ.എം. ആരിഫിന് ഭൂരിപക്ഷം കിട്ടാതെപോയ മണ്ഡലത്തിൽ അട്ടിമറി വിജയം സ്വന്തമാക്കാമെന്ന കണക്കുകൂട്ടിലാണ് യു.ഡി.എഫ്. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണിയാണ് ബി.ജെ.പി സ്ഥാനാർഥി. സുഭദ്രാമ്മ തോട്ടപ്പള്ളി (വെൽഫെയർ പാർട്ടി), എം.എം. താഹിർ (എസ്.ഡി.പി.ഐ) എന്നിവരും മത്സര രംഗത്തുണ്ട്.
3. കുട്ടനാട് ഹൃദയപക്ഷം ചേരുമോ?
കർഷകരും കർഷകത്തൊഴിലാളികളും ഏറെയുള്ള മണ്ണിൽ ഇടതുപക്ഷം ഹൃദയപക്ഷമാകുമോയെന്നാണ് അറിയേണ്ടത്. അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനായ തോമസ് കെ.തോമസിനെയാണ് എൽ.ഡി.എഫ് പോരിനിറക്കിയത്. സർക്കാറിെൻറ വികസനവും തോമസ് ചാണ്ടിയോടുള്ള സഹതാപവും എൻ.സി.പി സ്ഥാനാർഥിയിലൂടെ എത്ര കണ്ട് വോട്ടായി മാറുമെന്ന കാര്യത്തിൽ ഇടതുപാളയത്തിൽതന്നെ സംശയമുണ്ട്. പൊതുരംഗത്ത് നിറസാന്നിധ്യമായ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിലെ ജേക്കബ് എബ്രഹാം ആണ് യു.ഡി.എഫ് സ്ഥാനാർഥി. ഇടതുപാളയത്തില്‍നിന്ന് അടര്‍ത്തിയെടുത്ത സി.പി.ഐ നേതാവ് തമ്പി മേട്ടുതറയെയാണ് എന്‍.ഡി.എയുടെ സാരഥി. പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം ഇടതുചേരിയില്നിന്നടക്കം വോട്ടു സമാഹരിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുേന്നറിയപ്പോൾ ലോക്സഭയിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം.
4. ഹരിപ്പാട് പച്ചപിടിക്കും
യു.ഡി.എഫിനൊപ്പം ചേരുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കോട്ടയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്. ഇരുമുന്നണികളെയും സ്വീകരിക്കുകയും തള്ളുകയും ചെയ്ത പാരമ്പര്യമാണുള്ളത്. തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കിട്ടിയ മുൻതൂക്കം അട്ടിമറിക്ക് വഴിവെക്കുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പ്. യുവസാരഥി ആര്. സജിലാലിലൂടെ വിജയംനേടാമെന്നാണ് ഇവരുടെ ലക്ഷ്യം. സർക്കാറിെൻറ അഴിമതി ആരോപണം ഒാരോന്നായി പുറത്തുകൊണ്ടുവന്ന രമേശ് ചെന്നിത്തല വൻഭൂരിപക്ഷത്തിൽ വിജയംനേടുമെന്നാണ് യു.ഡി.എഫിെൻറ ആത്മവിശ്വാസം. തദ്ദേശത്തിൽ വോട്ടുവിഹിതം വർധിപ്പിക്കാനായ പ്രതീക്ഷയിലാണ് കെ.സോമനെ എൻ.ഡി.എ കളത്തിലിറക്കിയത്.
5. കായംകുളം ആർെക്കാപ്പം
ജില്ലയിലും സംസ്ഥാനത്തും ഉറ്റുനോക്കുന്ന വനിതകളുടെ പോരാട്ടമാണ് കായംകുളം മണ്ഡലത്തിലേത്. സിറ്റിങ് എം.എൽ.എ യു. പ്രതിഭ വിജയപ്രതീക്ഷയിലാണ് വീണ്ടുമിറങ്ങുന്നത്. അതേസമയം, മണ്ഡലത്തിൽ സുചരിചിതയായ ഇളമുറക്കാരി അരിത ബാബുവാണ് യു.ഡി.എഫിെൻറ പ്രതീക്ഷ. സംസ്ഥാനത്ത് ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിൽ ഇവർ ശ്രദ്ധാകേന്ദ്രമായിരുന്നു. പ്രിയങ്കഗാന്ധിയടക്കം വീട്ടിലെത്തിയാണ് പ്രചാരണം കൊഴുപ്പിച്ചത്.
വികസനത്തിന് ഇക്കുറി വോട്ട് വീഴുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് തേരോട്ടം. ലോക്സഭയിലും തദ്ദേശത്തിലും നേടിയ മികവാണ് ഇതിന് അടിസ്ഥാനം. സി.പി.എമ്മിലെ ഒരുവിഭാഗം പ്രതിഭക്കെതിരെ രംഗത്തെത്തിയത് തുടക്കത്തിൽ പാർട്ടിക്ക് തലവേദനായിരുന്നു. എന്നാൽ, പ്രചാരണത്തിലടക്കം ഇതിെന മറികടന്നുവെന്നാണ് അവസാനറൗണ്ട് ചിത്രം. ബി.ഡി.ജെ.എസ് ജില്ല െവെസ് പ്രസിഡൻറ് പി.പ്രദീപ് ലാൽ ആണ് എൻ.ഡി.എ സ്ഥാനാർഥി.
6. ആർക്കെന്നറിയാെത അരൂർ
വനിതകൾ നേർക്കുനേർ മത്സരിക്കുന്ന അരൂരിലെ പോരാട്ടത്തിനും ചൂടേറെ. ഇടതുകോട്ടയെന്ന് പറയുേമ്പാഴും വോട്ടർമാരുടെ നിലപാടുകളാണ് പ്രധാനമായും സ്ഥാനാർഥികളുടെ ജയപരാജയങ്ങളെ തീരുമാനിക്കുന്നത്. ഉപതെരെഞ്ഞടുപ്പിൽ അട്ടിമറി വിജയം നേടിയ സിറ്റിങ് എം.എൽ.എ ഷാനിമോൾ ഉസ്മാനാണ് യു.ഡി.എഫ് സ്ഥാനാർഥി. മണ്ഡലം ഇക്കുറിയും യു.ഡി.എഫിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് വലത് ക്യാമ്പ്. 'പാട്ടുപാടി'ജയിക്കാമെന്ന ഉറപ്പിലാണ് ഗായികയും ജില്ലപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ദലീമയെ സി.പി.എം സ്ഥാനാർഥിയാക്കിയത്. പോരാട്ടത്തിന് വീര്യംകൂട്ടാനാണ് എന്‍.ഡി.എ സ്ഥാനാർഥി ടി. അനിയപ്പെൻറ രണ്ടാം രംഗപ്രവേശനം. തദ്ദേശതെരഞ്ഞെടുപ്പിൽ ഏഴ് പഞ്ചായത്തുകളിലും എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്.
7. ചേർത്തലയുടെ മുഖംമാറ്റം
മന്ത്രി പി. തിലോമത്തമെൻറ പിന്മാറ്റത്തിലൂടെ പോരാട്ടം ശക്തമാക്കിയാണ് യു.ഡി.എഫ് മുന്നേറുന്നത്. കഴിഞ്ഞതവണ തിലോത്തമനോട് ഏറ്റുമുട്ടി പരാജയംനേരിട്ട യുവനേതാവ് എസ്. ശരത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വീണ്ടുമിറങ്ങിയാൽ മണ്ഡലം കൂടെ പോരുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഈ ദൗത്യം ഏറ്റെടുത്താണ് ശരത്തിെൻറ പടയോട്ടം. എൽ.ഡി.എഫ് വിജയത്തുടർച്ച ആവർത്തിക്കാൻ നിയോഗിച്ചത് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദിനെ. വികസനപ്രവർത്തനവും ക്ഷേമപദ്ധതികളും തുണയായി മാറുമെന്നാണ് ഇടതുവിശ്വാസം. ഇടതുപക്ഷത്തുനിന്ന് മറുകണ്ടം ചാടിയ മുന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡൻറുമായ പി.എസ്. ജ്യോതിസാണ് എന്‍.ഡി.എ സ്ഥാനാർഥി. മണ്ഡലത്തിലെ ഈഴവവോട്ടുകളിൽ കണ്ണുവെച്ചാണ് ഈ അങ്കം. യു.ഡി.എഫ് സ്ഥാനാർഥി ശരത്തിന് അതേപേരിലെ അപരനും മത്സരിക്കുന്നുണ്ട്.
8. മാവേലിക്കര ചുവന്നുതന്നെ
സിറ്റിങ് സീറ്റിൽ വിജയം ആവർത്തിക്കാൻ സി.പി.എം കളത്തിലിറക്കിയത് യുവനേതാവ് എം.എസ്. അരുൺകുമാറിനെ. തുടർവികസനത്തിനൊപ്പം തദ്ദേശതെരഞ്ഞെടുപ്പിലെ വിജയവും മുന്നേറ്റത്തിന് കൂടുതൽ സഹായകരമാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. സംവരണമണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസിെൻറ കെ.കെ. ഷാജുവിനെയാണ് യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. ഇടതുപാളയത്തിൽനിന്ന് അവസാനനിമിഷം ബി.െജ.പിയിലേക്ക് ചേക്കേറിയ കെ. സഞ്ജുവാണ് എൻ.ഡി.എ സ്ഥാനാർഥി. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 969 വോട്ടിെൻറ മേല്‍ക്കൈ നേടികൊടുത്തു. എന്നാൽ, തദ്ദേശത്തിൽ എത്തിയപ്പോൾ എല്‍.ഡി.എഫിന് 14,213 വോട്ടിെൻറ ആധിപത്യമാണ് കിട്ടിയത്. മണ്ഡലത്തിൽ രണ്ട് പഞ്ചായത്തുകളിൽ ബി.ജെ.പി പ്രാതിനിധ്യമുണ്ട്.
9. ചെങ്ങന്നൂർ 'ഡീൽ' ഉറപ്പിക്കുമോ?
ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിെൻറ സി.പി.എം-ബി.ജെ.പി ഡീൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ചെങ്ങന്നൂരിൽ ചർച്ചയാവുന്നത്. ഉപതെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ സിറ്റിങ് എം.എൽ.എ സജി ചെറിയാനെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്. എം. മുരളിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് ഉറച്ചവിശ്വാസത്തിലാണ് യു.ഡി.എഫ്. ബി.െജ.പിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാറാണ് എൻ.ഡി.എ സ്ഥാനാർഥി.
ആര്. ബാലശങ്കറിെൻറ വെളിപ്പെടുത്തൽ ഭീഷണിയാവില്ലെന്നും നില മെച്ചപ്പെടുത്താനാകുമെന്നും ബി.ജെ.പി കരുതുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നിലെത്തിയിരുന്നു. എന്നാൽ, തദ്ദേശമെത്തിയപ്പോൾ നിലമാറി എൽ.ഡി.എഫിന് അനൂകൂലമാവുകയായിരുന്നു. ചെങ്ങന്നൂര്‍ നഗരസഭയും ഒരു പഞ്ചായത്തും യു.ഡി.എഫ് നേടിയപ്പോള്‍ മണ്ഡലത്തിലെ ആറ് പഞ്ചായത്ത് എല്‍.ഡി.എഫിനൊപ്പമാണ്. ഒരു പഞ്ചായത്തില്‍ ബി.ജെ.പിയാണ് ഭരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.