കനത്ത ചൂടിലും തളരാത്ത േപാരാളിയായി ചിത്തരഞ്ജൻ
text_fieldsമണ്ണഞ്ചേരി: കടലും കായലിനുമിടയിലെ കടുത്ത വേനൽച്ചൂട് പി.പി. ചിത്തരഞ്ജെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ അലട്ടുന്നില്ല. ചിട്ടയായ പ്രവർത്തനത്തിലൂടെ പരമാവധി വോട്ടർമാരെ നേരിട്ട് കാണാനുള്ള തിരക്കിലാണ് സ്ഥാനാർഥി. രാവിലെ ആറിന് തുടങ്ങുന്ന പ്രചാരണം അവസാനിക്കുന്നത് രാത്രി ഏറെ വൈകി.
ശനിയാഴ്ചയും പതിവുപോലെ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാവിലെ അത്യാവശ്യം ഫോൺ കാളുകൾ എടുത്തു. പിന്നെ ചെത്തിയിൽ സുഹൃത്തുക്കളുമായി വോട്ട് തേടാൻ പോയി. ഒമ്പതുവരെ ചെത്തിയിലെ സുഹൃത്തുക്കളും പരിചയക്കാരുമായി സൗഹൃദം പങ്ക് വെക്കൽ. തുടർന്ന് രണ്ട് മരണവീട് സന്ദർശിച്ചു. കായലോരങ്ങളിലൂടെ പുന്നമടയിലായിരുന്നു പ്രചാരണത്തിെൻറ ഔദ്യോഗിക തുടക്കം. ബോട്ടിലായിരുന്നു യാത്ര. വിപ്ലവഗാനങ്ങളും അനൗൺസ്മെൻറും കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കൈകൂപ്പി ഉയർത്തി അഭിവാദ്യം ചെയ്ത് സ്ഥാനാർഥി. ഇടവഴികളിൽ വാഹനത്തിൽനിന്ന് ചാടിയിറങ്ങിയും വോട്ടർമാരെ കണ്ടു. രാവിലെ 9:30ന് പുന്നമട കമ്പനി ചിറയിൽനിന്ന് സ്വീകരണം തുടങ്ങി. സ്റ്റാർട്ടിങ് പോയൻറിൽ ഉച്ചക്ക് രണ്ടിന് അവസാനിച്ചു. തുടർന്ന് മീൻകറി കൂട്ടിയുള്ള ഊണ്. വിശ്രമത്തിനുള്ള സമയം ഇല്ല. മൂത്ര സംബന്ധമായ അസുഖത്തിന് ദീർഘനാളായി മരുന്ന് കഴിക്കുന്നുണ്ട്. പ്രചാരണത്തിനിടെ മരുന്ന് മുടക്കിയില്ല. ചൂടിനെ നേരിടാൻ പ്രചാരണത്തിനിറങ്ങുമ്പോൾതന്നെ ഫ്ലാസ്കിൽ ചൂടുവെള്ളം കരുതും. കൂടെ പ്രചാരണത്തിലുള്ളവരും വെള്ളം കുടിക്കാൻ ഇടക്കിടെ ഉപദേശിക്കും. 2.30ന് ജില്ലാ കോടതി മേഖലയിൽ കോർത്തുചിറ കിഴക്ക് സ്വീകരണം തുടങ്ങി വഴിച്ചേരി മാർക്കറ്റിൽ അവസാനിച്ചു. അപ്പോൾ സമയം രാത്രി ഒമ്പതു കഴിഞ്ഞിരുന്നു.
എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഹ്രസ്വമായ പ്രസംഗം. പിണറായി സർക്കാറിെൻറ നേട്ടങ്ങളായിരുന്നു ഏറിയ സ്ഥലങ്ങളിലും പറഞ്ഞത്. ഔദ്യോഗിക പ്രചാരണം കഴിഞ്ഞും സ്ഥാനാർഥി വെറുതെ ഇരുന്നില്ല. 10.30 വരെ നഗരത്തിൽ പകൽ കാണാൻ കഴിയാത്ത വ്യക്തികളെ കണ്ടുള്ള വോട്ട് പിടിത്തം. ശനിയാഴ്ച 20 സ്ഥലങ്ങളിലായിരുന്നു സ്വീകരണം. ഉറങ്ങുമ്പോൾ 12.30 ആകും. എത്ര താമസിച്ച് കിടന്നാലും പുലർച്ച അഞ്ചിന് എഴുന്നേൽക്കും. സ്ഥാനാർഥി കൈവീശി പറഞ്ഞുകൊണ്ട് പിരിഞ്ഞു.
തയാറാക്കിയത്: ജിനു റെജി / ടി.എ.കെ. ആശാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.