മഴ കാത്ത് കർഷകർ
text_fieldsആലത്തൂർ: കാറ്റിനോടൊപ്പം ഇരച്ചെത്തിയ വേനൽമഴ ചെറിയ തോതിൽ നാശം വിതച്ച് മടങ്ങിയെങ്കിലും ഇടവപ്പാതി കഴിഞ്ഞിട്ടും കാലവർഷം തുടങ്ങാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. ഇടവമാസത്തിലെ രോഹിണി ഞാറ്റുവേലയിൽ വിത നടത്തിയും ഞാറ്റടി തയാറാക്കിയും കാത്തിരിക്കുകയായിരുന്നു കർഷകർ. മകയിരം ഞാറ്റുവേലയിലേക്ക് കടക്കാനൊരുങ്ങുമ്പോഴും കാര്യമായ മഴ പെയ്യാതെ ഇടവം മൂന്നാമത്തെ ആഴ്ചയും കടന്നുപോകുകയാണ്.
ഇടവപ്പാതി പലപ്പോഴും വൈകിയെത്തുക പതിവായതിനാൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കർഷകർ. വയലുകൾ പാകപ്പെട്ട് കിട്ടിയതോടെ മിക്കയിടങ്ങളിലും പൊടിവിത നടത്തിയിരുന്നു. കാറും കോളും നിറഞ്ഞ മേഘങ്ങൾ വൈകുന്നേരങ്ങളിൽ കണ്ടു തുടങ്ങിയതോടെ മഴ പെയ്യുമെന്ന പ്രതീക്ഷയിൽ പലയിടത്തും ഞാറ്റടിയും തയാറാക്കി. സ്വന്തം കിണറും സംവിധാനവുമുപയോഗിച്ച് വെള്ളം പമ്പു ചെയ്ത് ഒറ്റപ്പെട്ട നിലയിൽ നടീൽ നടത്തിയവരും ചിലയിടങ്ങളിലുണ്ട്. മിഥുനത്തിൽ നടീൽ പൂർത്തിയാക്കി ഒക്ടോബറിൽ ഒന്നാംവിള കൊയ്തെടുത്ത് നവംബറിൽ രണ്ടാംവിളയിറക്കുന്നതാണ് സാധാരണ നെൽകൃഷി രീതി.
ഡെയിഞ്ച ചെടികൾ ഉണങ്ങി
കൊടുവായൂർ: രണ്ടു മൂന്നു ദിവസം വേനൽമഴ ലഭിച്ചതോടെ ഉഴുതുമറിച്ച് നെൽ വിത്ത് വിതച്ചവരും നെൽകൃഷിക്കായി ജൈവ വളച്ചെടിയായ ഡെയിഞ്ച വിത്തിറക്കിയവർക്കും മഴയില്ലാത്തത് തിരിച്ചടിയായി. വിതച്ച നെൽവിത്ത് മുളക്കാത്തതും ഒരടിയിലധികം ഉയരത്തിൽ വളർന്ന ഡെയിഞ്ച ചെടി ഉണങ്ങിയതും വിനയായി. മൂന്നടിയിലധികം വളർന്ന ഡെയിഞ്ചച്ചെടികളെ ചളിയിൽ ഉഴുതുമറിച്ചാണ് ഞാറ് നടാറുള്ളത്. എന്നാൽ ഉണക്കം ബാധിച്ചത് ആശങ്കയായതായി കൊടുവായൂരിലെ കർഷകൻ ബാലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.