ആലുവയിൽ പോരാട്ടം കനപ്പിച്ച് ഇടതും വലതും
text_fieldsആലുവ: പെരിയാറിെൻറ ഇരുകരകളിലായി പരന്നുകിടക്കുന്ന ആലുവ മണ്ഡലത്തിൽ ശക്തമായ പ്രചാരണങ്ങളുമായി മുന്നണികളും സ്ഥാനാർഥികളും കളംനിറയുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി തീരുമാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തങ്ങൾക്ക് കൂടുതൽ അനുകൂലമാകുമെന്ന പ്രതീക്ഷ തുടക്കത്തിൽ യു.ഡി.എഫിനുണ്ടായിരുന്നു.
എന്നാൽ, പ്രചാരണം ശക്തമായതോടെ എൽ.ഡി.എഫ് ഷെൽന നിഷാദും മുന്നേറുന്ന കാഴ്ചയാണ്. ഇതോടെ യു.ഡി.എഫ് ക്യാമ്പിലും ആവേശം കൂടി. ഇതിനിടയിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയോടെ എൻ.ഡി.എ സ്ഥാനാർഥി എം.എൻ. ഗോപിയും രംഗത്തുണ്ട്.
കഴിഞ്ഞ പത്തുവർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അൻവർ സാദത്തും യുവ ആർക്കിടെക്ട് ഷെൽന നിഷാദും തമ്മിലാണ് പ്രധാന മത്സരം. മണ്ഡലത്തിൽ നടപ്പാക്കിയ വികസന, ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി സാദത്ത് വോട്ട് തേടുമ്പോൾ മുൻ കോൺഗ്രസ് എം.എൽ.എ കെ. മുഹമ്മദാലിയുടെ മകെൻറ ഭാര്യ കൂടിയായ ഷെൽനയെ മുൻ നിർത്തി ഒരിക്കൽകൂടി സീറ്റ് പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫ്.
വെൽഫെയർ പാർട്ടിയുടെ കെ.എം. ഷെഫ്റിനും എസ്.ഡി.പി.ഐയുടെ റഷീദ് എടയപ്പുറവും മത്സരരംഗത്തുണ്ട്. എസ്.യു.സി.ഐ സ്ഥാനാർഥി എ.ജി. അജയൻ, എം.സി.പി.ഐ (യു) സ്ഥാനാർഥി വിശ്വകല തങ്കപ്പൻ, സ്വതന്ത്ര സ്ഥാനാർഥി കെ.വി. സരള എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
താൻ നടപ്പിലാക്കിയ വികസന, ക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ടുെവച്ചും കൂടുതൽ വികസനപ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്തുമാണ് അൻവർ സാദത്ത് വോട്ടർമാരെ സമീപിക്കുന്നത്. ആലുവ മാര്‍ക്കറ്റ് റോഡ് വികസനം, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, എല്ലാ പഞ്ചായത്തുകളിലും ഗ്രൗണ്ടുകള്‍ നിർമിക്കൽ, റോഡുകളുടെ വികസനം, കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം തുടങ്ങിയ വാഗ്ദാനങ്ങളാണ് യു.ഡി.എഫ് നൽകുന്നത്.
അപ്രതീക്ഷിത സ്ഥാനാർഥിയാണെങ്കിലും ഇടതുപക്ഷത്തെ ഷെൽന നിഷാദിന് മണ്ഡലത്തിലുള്ളവരുമായി വളരെവേഗം ഇടപഴകാൻ കഴിഞ്ഞു. അതിനാൽ വീട്ടമ്മമാർ, യുവതീയുവാക്കൾ തുടങ്ങിയവർക്കിടയിൽ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. സർക്കാറിെൻറ ഭരണനേട്ടങ്ങളും ആലുവയുടെ വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് ഷെൽന വോട്ട് അഭ്യർഥിക്കുന്നത്.
മണ്ഡലത്തിൽ സുപരിചിതനായ എം.എൻ. ഗോപിയിലൂടെ നേട്ടമുണ്ടാക്കാനാണ് എൻ.ഡി.എയുടെ ശ്രമം. പൊതുഅജണ്ടകൾക്കൊപ്പം മണ്ഡലത്തിലെ വികസന മുരടിപ്പാണ് വെൽഫെയർ പാർട്ടി സ്ഥാനാർഥി ഷെഫ്റിനും എസ്.ഡി.പി.ഐ സ്ഥാനാർഥി റഷീദ് എടയപ്പുറവും മുന്നോട്ടുെവക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.