മാസംതോറും വൈദ്യുതി നിരക്ക് വർധന: ചട്ട ഭേദഗതി കേരളം എതിർക്കും
text_fieldsതിരുവനന്തപുരം: വൈദ്യുതി നിരക്ക് മാസംതോറും കൂട്ടാൻ നിർദേശിക്കുന്ന കേന്ദ്രസർക്കാറിന്റെ ചട്ടംഭേദഗതിയെ കേരളം എതിർക്കും. വൈദ്യുതി നിരക്ക് നിർണയത്തിലെ നിയന്ത്രണങ്ങൾ മറികടക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യവത്കരണ നീക്കം തകൃതിയായിരിക്കെയാണ് മാസംതോറും നിരക്ക് പരിഷ്കരിക്കണമെന്ന നിർദേശം. ചട്ടംഭേദഗതി നിർദേശം കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. കേന്ദ്ര നിർദേശത്തിലുള്ള എതിർപ്പ് സംസ്ഥാനം അറിയിക്കും. പെട്രോൾ, ഡീസൽ എന്നിവയുടെ കാര്യത്തിലെന്ന പോലെ വൈദ്യുതി നിരക്കും അടിക്കടി കൂട്ടുന്നതാകും ചട്ടംഭേദഗതിയെന്നാണ് കേരളം വിലയിരുത്തുന്നത്.
വൈദ്യുതിക്ക് അടിക്കടി വിലകയറുന്നത് ജനങ്ങൾക്ക് വലിയ ബാധ്യതയുണ്ടാക്കും. വിപണിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള ചെലവും ഉൽപാദനത്തിനുള്ള ഇന്ധനവില വർധിക്കുന്നതുമനുസരിച്ച് അധികബാധ്യത ജനങ്ങളിൽനിന്ന് അതത് മാസം തന്നെ ഈടാക്കണമെന്ന ചട്ടമാണ് കേന്ദ്രം തയാറാക്കിയത്.
ഇന്ധനച്ചെലവ്, വൈദ്യുതി വാങ്ങൽ ചെലവ്, പ്രസരണ ചാർജ് എന്നിവയിലെ മാറ്റത്തിനനുസരിച്ച് നിരക്ക് വർധിപ്പിക്കാൻ വിതരണ കമ്പനികൾക്ക് അവസരം ഒരുങ്ങുന്നതാണ് നിർദേശം. ഇത് കണക്കാക്കാൻ പ്രത്യേക ഫോർമുലയുണ്ടാകും. റെഗുലേറ്ററി കമീഷന്റെ അനുമതി ആവശ്യമില്ല.
നിലവിൽ ഇന്ധനച്ചെലവിലുള്ള അധികബാധ്യത മാത്രമാണ് റെഗുലേറ്ററി കമീഷനുകളുടെ അനുമതിയോടെ സർച്ചാർജായി ഈടാക്കാൻ അനുവദിച്ചത്. അതിനായി ട്രൂയിങ് അപ് പെറ്റീഷൻ കമീഷന് നൽകണം. കമീഷൻ തെളിവെടുപ്പ് നടത്തിയാണ് തീരുമാനമെടുക്കുന്നത്. പുതിയ ചട്ടമനുസരിച്ച് കൂടുതൽ ബാധ്യത ജനങ്ങളുടെ തലയിലാകും.
ചട്ടങ്ങളുടെ കരടിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലക്ക് ലാഭം ഉറപ്പാക്കി വൈദ്യുതി രംഗമാകെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് തീരുമാനം. സംസ്ഥാനത്തിന്റെ നിലപാട് കൂടിയാലോചനകൾക്കുശേഷം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.