അനധികൃതമായി സൂക്ഷിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി
text_fieldsഅങ്കമാലി: നെടുമ്പാശ്ശേരി കാരക്കാട്ടുകുന്നിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ വിവാഹ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാൻ വിപണനം ലക്ഷ്യമാക്കി സൂക്ഷിച്ചിരുന്ന 2000 കിലോയിലധികം വരുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. കാരക്കാട്ടുകുന്നിലെ കെ.വൈ. മിനിയുടെ ഉടമസ്ഥതയിലുള്ള ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിൽനിന്നാണ് മിന്നൽ പരിശോധനയിൽ ഇവ പിടികൂടിയത്.
നിരോധിത പ്ലാസ്റ്റിക് ഷീറ്റുകൾ, പ്ലേറ്റുകൾ അടക്കമുള്ള ഡിസ്പോസിബിൾ ഉൽപന്നങ്ങൾ എന്നിവയാണ് കണ്ടെടുത്തത്. കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നിർദേശത്തെത്തുടർന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടാൻ ജില്ലയിലുടനീളം എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ രണ്ട് ടീമുകൾ ഊർജിത പരിശോധന നടത്തിവരുകയായിരുന്നു.
അതിനിടെയാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗത്തിന് കർശന നിയന്ത്രങ്ങളുണ്ടായിട്ടും അതെല്ലാം അവഗണിച്ചായിരുന്നു കാരക്കാട്ടുകുന്നിലെ ഗോഡൗണിൽനിന്ന് പരസ്യമായി വിപണനം നടത്തിവന്നിരുന്നത്. എൻഫോഴ്സ്മെന്റ് ടീം ലീഡർമാരായ എസ്. ജയകൃഷ്ണൻ, വി.എം. അജിത്കുമാർ, എം.സി. ദേവരാജൻ, എൽദോസ് സണ്ണി, സി.കെ. മോഹനൻ, എ.പി. ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ജെസിയും പരിശോധന സംഘത്തിലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.