എയർപോർട്ട് അതോറിറ്റിയുടെ ഊരാക്കുടുക്ക്; പി.എം.എ.വൈ പദ്ധതി അവതാളത്തിൽ
text_fieldsഅങ്കമാലി: ഈ മാസം 20നകം എയർപോർട്ട് അനുമതി വാങ്ങി അപേക്ഷ സമർപ്പിക്കാത്തപക്ഷം പി.എം.എ.വൈ ഭവന പദ്ധതി മറ്റ് ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതോടെ തലചായ്ക്കാൻ ഇടം കാത്തിരുന്നവർ നെട്ടോട്ടത്തിൽ.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെങ്ങമനാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം പഞ്ചായത്തുകളിലെയും അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ കാഞ്ഞൂർ പഞ്ചായത്തിലെയും വിവിധ ഭവന പദ്ധതികളിലെ നൂറുകണക്കിന് ഗുണഭോക്താക്കളാണ് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനാകാതെ വലയുന്നത്.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ ഒന്നാംവാർഡ് മള്ളൂശ്ശേരിയിൽ ഒഴികെ 18 വാർഡിലും എയർപോർട്ട് അനുമതി വാങ്ങേണ്ട പ്രദേശങ്ങളാണ്. ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളിലെയും സ്ഥിതി ദയനീയമാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിലാണ് (പി.എം.എ.വൈ) പുതുതായി അപേക്ഷകരുള്ളത്. നെടുമ്പാശ്ശേരി -13, ശ്രീമൂലനഗരം -11, ചെങ്ങമനാട് -നാല് എന്നീ പ്രകാരമുള്ള അപേക്ഷകളാണ് 20 നകം എയർപോർട്ട് അതോറിറ്റിയുടെ അനുമതി വാങ്ങി പഞ്ചായത്തുകളിൽ സമർപ്പിക്കേണ്ടത്.
400 ച.അടി വിസ്തൃതിയിൽ വീട് നിർമിക്കുന്നതിന് 3000 രൂപയോളം ചെലവഴിച്ച് അതോറിറ്റിയുടെ അനുമതിക്ക് ലൈസൻസി വഴി അപേക്ഷ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അതോറിറ്റിയിൽനിന്ന് അനുമതി പത്രം ലഭിച്ചിട്ടില്ല. ജനപ്രതിനിധികളും പദ്ധതി നിർവഹണ ഉദ്യോഗസ്ഥരും അടക്കം പാവപ്പെട്ടവരെ സഹായിക്കാൻ രംഗത്തുണ്ടെങ്കിലും എയർപോർട്ട് അനുമതി കീറാമുട്ടിയായതോടെ ഉദ്യോഗസ്ഥരും നിസ്സഹായാവസ്ഥയിലാണ്.
ചെങ്ങമനാട് പഞ്ചായത്തിൽ ലൈഫിൽ 17 പേർ
ചെങ്ങമനാട്: ഗ്രാമ പഞ്ചായത്തിൽ പി.എം.എ.വൈ ആകെയുള്ള ടാർജറ്റ് നാലുപേർ. നാലുപേർക്കും എയർപോർട്ട് അതോറിറ്റിയുടെ അനുമതി വേണം. ലൈഫ് ഭവനപദ്ധതിയിൽ അഡീഷനൽ എസ്.സി വിഭാഗത്തിൽ 45ഓളം അപേക്ഷകരിൽ 25 പേരാണ് അർഹരായത്. അതിൽ എട്ടുപേർക്ക് മാത്രമാണ് പെർമിറ്റ് അപേക്ഷ സമർപ്പിക്കാനായത്. അവശേഷിക്കുന്നവർ എയർപോർട്ട് അതോറിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. അതേസമയം, പി.എം.എ.വൈ പദ്ധതിയിൽ ആകെയുള്ള നാലുപേരും 20ന് മുമ്പ് എയർപോർട്ട് അതോറിറ്റിയുടെ അനുമതി നേടിയില്ലെങ്കിൽ പദ്ധതി മറ്റ് പഞ്ചായത്തുകളിലോ ജില്ലകളിലോ ആയിരിക്കുക നടപ്പാക്കുകയെന്നും വി.ഇ.ഒ പറഞ്ഞു.
ശ്രീമൂലനഗരം പഞ്ചായത്തിൽ കാത്തിരിക്കുന്നത് 61 പേർ
ശ്രീമൂലനഗരം: പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ പട്ടികജാതി അഡീഷനൽ ലിസ്റ്റിൽ 91പേരാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് പഞ്ചായത്ത് വില്ലേജ് എക്സ്റ്റെൻഷൻ ഓഫിസർ സൂരജ് പറഞ്ഞു. ഇവരിൽ 30 പേരുടെ ബിൽഡിങ് പെർമിറ്റിനുള്ള അപേക്ഷ സ്വീകരിക്കാനായെങ്കിലും അവശേഷിക്കുന്ന 61 പേർ എയർപോർട്ട് അതോറിറ്റിയുടെ അനുമതിക്ക് നടപടി പൂർത്തിയാക്കി കാത്തിരിക്കുകയാണ്.
ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രത്യേക താൽപര്യമെടുത്ത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റിയുടെ അനുമതി പിന്നീട് ഹാജരാക്കിയാൽ മതിയെന്ന് വ്യവസ്ഥയിൽ അപേക്ഷ സ്വീകരിച്ച് പെർമിറ്റ് നടപടി പൂർത്തിയാക്കുന്നുണ്ടെങ്കിലും അതോറിറ്റിയുടെ അനുമതി പിന്നീടാണെങ്കിലും ഹാജരാക്കേണ്ട അവസ്ഥയാണുള്ളതെന്നും വി.ഇ.ഒ ചൂണ്ടിക്കാട്ടി. കാഞ്ഞൂർ പഞ്ചായത്തിലും അതോറിറ്റിയുടെ അനുമതി കുരുക്കിൽപെട്ട് നിരവധിപേരാണ് ലൈഫ് ഭവൻ പദ്ധതി നടപടി പൂർത്തിയാക്കാനാകാതെ വലയുന്നത്.
നെടുമ്പാശ്ശേരിയിൽ അപേക്ഷകൾ 502
കരിയാട്: നെടുമ്പാശ്ശേരി പഞ്ചായത്തിൽ ലൈഫ് ഭവൻ പദ്ധതിയിൽ ആകെയുള്ള 502 അപേക്ഷയിലാണ് പരിശോധന ആരംഭിച്ചിട്ടുള്ളതെന്ന് വില്ലേജ് എക്സ്റ്റെൻഷൻ ഓഫിസർ സുധ പറഞ്ഞു. എയർപോർട്ട് അതോറിറ്റിയുടെ അനുമതി വാങ്ങേണ്ടവയാണ് അധികവും.
കൃഷ്ണൻകുട്ടിയുടെ കാത്തിരിപ്പ് 6 മാസം പിന്നിടുന്നു
ചെങ്ങമനാട്: സർക്കാർ കനിഞ്ഞിട്ടും വീടെന്ന സ്വപ്നം യാഥാർഥ്യമാകാൻ ആറുമാസത്തിലധികമായി എയർപോർട്ട് അതോറിറ്റിയുടെ കനിവ് കാത്തിരിക്കുകയാണ് പട്ടികജാതി കുടുംബാംഗമായ കൃഷ്ണൻകുട്ടി.
ചെങ്ങമനാട് അഞ്ചാം വാർഡ് പുതുവാശ്ശേരിയിൽ മങ്ങാട്ടുമഠം വീട്ടിൽ കൃഷ്ണൻകുട്ടിക്കാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതി പ്രകാരം വീട് അനുവദിച്ചത്.
കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന കൃഷ്ണൻകുട്ടി ദിവസങ്ങളോളം പണിക്ക് പോകാതെ എയർപോർട്ട് അതോറിറ്റിയുടെ അനുമതിക്കുവേണ്ടി ഓടിനടക്കുകയാണ്. നിർധന കുടുംബങ്ങളുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ട് വാർഡ് അംഗം ഇ.ഡി. ഉണ്ണികൃഷ്ണൻ സിയാൽ അധികൃതരുമായി പ്രശ്നം ചർച്ച ചെയ്തെങ്കിലും ഉന്നതങ്ങളിലുള്ള എയർപോർട്ട് അതോറിറ്റിയാണ് പരിഹാരമുണ്ടാക്കേണ്ടതെന്നായിരുന്നു വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.