അങ്കമാലിയങ്കം ഇഞ്ചോടിഞ്ച്
text_fieldsഅങ്കമാലി: അങ്കമാലിയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എം.എല്‍.എ കോണ്‍ഗ്രസിലെ റോജി.എം. ജോണും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി രണ്ട് തവണ അങ്കമാലിയെ പ്രതിനിധാനംചെയ്ത ജനതാദള്‍ -എസിലെ മുന്‍ മന്ത്രി ജോസ് തെറ്റയിലും, എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പിയിലെ അഡ്വ.കെ.വി. സാബുവുമാണ് പ്രധാനമായും ഗോദയിലുള്ളത്.
ജ്യോതി ലക്ഷ്മി ( എസ്.യു.സി.ഐ ), ബി. സ്റ്റാലിന് ( ബി.എസ്.പി ), വി. ബിജു ( ജെ.എസ്.എസ് ), സ്വതന്ത്ര സ്ഥാനാര്‍ഥികളായി മാര്ട്ടിന് പോള്‍, വേലായുധന് എന്നിവരും മത്സര രംഗത്തുണ്ട്.
പ്രതിപക്ഷ എം.എല്‍.എയായിരുന്നിട്ടും ലഭ്യമാക്കിയ സര്‍ക്കാര്‍ ഫണ്ടും എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടും, എം.പി ഫണ്ടും മറ്റ് സ്വകാര്യ പങ്കാളിത്ത ഫണ്ടുകളും ഉപയോഗിച്ച് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങളും സേവനങ്ങളും എടുത്തുകാട്ടിയാണ് റോജി വോട്ടഭ്യര്‍ഥിക്കുന്നത്.
മണ്ഡലം പരിധിയില്‍ വരുന്ന നഗരസഭ പ്രദേശത്തും അയ്യമ്പുഴ, മലയാറ്റൂര്‍ -നീലീശ്വരം, മഞ്ഞപ്ര, കാലടി, കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, പാറക്കടവ് പഞ്ചായത്ത് പ്രദേശങ്ങളില്‍ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കി വരുകയാണ്. തുടക്കത്തില്‍ പിന്നാക്കം പോയ റോജി ഇപ്പോള്‍ പ്രചാരണത്തില്‍ ഏറെ മുന്നിലാണ്.
ജോസ് തെറ്റയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും മാസങ്ങള്‍ക്ക് മുമ്പേ സജീവമായി രംഗത്തിറങ്ങിയിരുന്നു. ജനതാദള്‍ -എസ് സംസ്ഥാന നേതാവും കഴിഞ്ഞ തവണ മത്സരിക്കുകയും ചെയ്ത ബെന്നി മൂഞ്ഞേലിയുടെ പേരാണ് തുടക്കം മുതല്‍ പരിഗണനയിലുണ്ടായിരുന്നതെങ്കിലും അങ്കമാലി തിരിച്ചുപിടിക്കാന്‍ ഒടുവില്‍ തെറ്റയിലിനാണ് നറുക്ക് വീണത്. ഒൗദ്യോഗിക പ്രഖ്യാപനം വന്ന നിമിഷം മുതല്‍ വിശ്രമമില്ലാത്ത പ്രചാരണമാണ് തെറ്റയിലിേൻറത്.
മുന്‍ നഗരസഭ അധ്യക്ഷൻ കൂടിയായ ജോസ് തെറ്റയില്‍ രണ്ട് തവണ മണ്ഡലത്തെ പ്രതിനിധാനംചെയ്തതിനാല് പഴയ ബന്ധങ്ങൾ പുതുക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
ഒരിക്കല്‍കൂടി അങ്കമാലിയുടെ പ്രതിനിധി ആകാനാകുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് തെറ്റയില്‍ മുന്നേറുന്നത്. അന്തരിച്ച സി.പി.എം നേതാവും മുന്‍ നിയമ സ്പീക്കര്‍ എ.പി കുര്യന് തുടങ്ങിവെച്ച വികസനങ്ങള്‍ക്ക് താന്‍ മന്ത്രിയായിരിക്കെ നടപ്പാക്കിയ വികസനങ്ങള്‍ എടുത്തുകാട്ടിയും വികസന മുരടിപ്പുകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയുമാണ് തെറ്റയില്‍ പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ്.
തൃപ്പൂണിത്തുറ സ്വദേശിയായ കെ.വി.സാബുവിനെയാണ് ബി.ജെ.പി രംഗത്തിറങ്ങിയിട്ടുള്ളത്. അങ്കമാലി മണ്ഡലം കാലങ്ങളായി നേരിടുന്ന വികസന മുരടിപ്പിന് പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനവുമായാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രചാരണ രംഗത്തുള്ളത്. ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറിയായ സാബു 2006ല്‍ പിറവത്തും 2011ല്‍ തൃപ്പൂണിത്തുറയിലും നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരമാണ് കാഴ്ചവെച്ചത്.
മണ്ഡലത്തിലുടനീളം ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയ സാബു തികഞ്ഞ ആത്മവിശ്വാസത്തോടെ ഇരുമുന്നണി സ്ഥാനാര്ഥികളോടൊപ്പമെത്താന് ആവേശകരമായ പ്രചാരണമാണ് കാഴ്ച വെക്കുന്നത്.
വിജയം സുനിശ്ചിതം
ബേബി.വി.മുണ്ടാടന്‍ ( ചെയര്മാന്, യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി, )
അങ്കമാലിയില്‍ റോജി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. അഴിമതിയും കൊള്ളയും നീതിനിഷേധവും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഇടതു സര്‍ക്കാറിനെതിരെയുള്ള വിധി എഴുത്തായിരിക്കും അങ്കമാലയിലുമുണ്ടാവുക. ദുരാരോപണവും ബഹിഷ്കരണവുമായി റോജിയെ ഒറ്റപ്പെടുത്താന്‍ ഇടതുമുന്നണി തരംതാണ രാഷ്ട്രീയം കളിച്ചു. അത് ഇടതുമുന്നണിക്ക് തന്നെ തിരിച്ചടിയാകും.
വീണ്ടും ജയിക്കും
സി.ബി.രാജന് ( ജനറല്‍ കണ്‍വീനര്‍, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി )
ജോസ് തെറ്റയില്‍ വീണ്ടും വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടും. അഞ്ച് വര്‍ഷമായി അങ്കമാലി വികസന മുരടിപ്പ് നേരിടുകയാണ്. ഇടതു ഭരണകാലത്ത് ഒട്ടേറെ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും വികസനത്തിന് പ്രയോജനപ്പെടുത്താന്‍ എം.എല്‍.എക്ക് സാധിക്കാതിരുന്നത് കഴിവ് കേടായി ജനം വിലയിരുത്തപ്പെടുകയാണ്. തുടര്‍ ഭരണത്തിന് അങ്കമാലിയും കൈത്താങ്ങാകും.
വികസനപ്രശ്നത്തിന് പരിഹാരം
ബിജു പുരുഷോത്തമന് ( വൈസ് ചെയര്മാന്, എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി)
അങ്കമാലി ബൈപാസും കാലടി സമാന്തരപ്പാലവും കുടിവെള്ള പ്രശ്നവും കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പും കാലങ്ങളായി അങ്കമാലിക്കാരുടെ സ്വപ്നമാണ്.
അവക്കെല്ലാം പരിഹാരം കാണാന്‍ എന്‍.ഡി.എക്ക് മാത്രമെ സാധിക്കൂ. അതിനാല്‍ സാബുവിെൻറ വിജയം ജനങ്ങളുടെ പ്രതീക്ഷയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.