ഫേസ്ബുക്കിൽ ആരിഫ്–ഷാനിമോൾ മുഖാമുഖം; ആരോപണ പ്രത്യാരോപണങ്ങൾ ചൂടുപിടിക്കുന്നു
text_fieldsഅരൂർ (ആലപ്പുഴ): മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ എം.എൽ.എയും മുൻ എം.എൽ.എ എ.എം. ആരിഫ് എം.പിയും വികസന കാര്യങ്ങളെച്ചൊല്ലി സമൂഹമാധ്യമത്തിൽ നേർക്കുനേർ. ആരിഫ് തനിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നുപറഞ്ഞ് ഫേസ്ബുക്കിൽ ഷാനിമോൾ വിശദീകരണവുമായി രംഗത്തുവന്നതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ ചൂടുപിടിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ആരിഫിനെതിരെ മത്സരിച്ചപ്പോൾ ഷാനിമോൾക്ക് അരൂർ മണ്ഡലത്തിൽ 648 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇക്കാര്യം അന്ന് പാർട്ടിയിൽ വലിയ ചർച്ചക്കിടയാക്കി. അന്നുലഭിച്ച ഭൂരിപക്ഷത്തിെൻറകൂടി അടിസ്ഥാനത്തിലാണ് ഷാനിമോൾക്ക് യു.ഡി.എഫ് വീണ്ടും സീറ്റ് നൽകിയത്. എന്നാൽ, വിജയത്തെ നിസ്സാരവത്കരിക്കാനാണ് ആരിഫ് ശ്രമിക്കുന്നതെന്ന് ഷാനിമോൾ പറയുന്നു.
പലപ്പോഴും തോറ്റ ഒരാൾക്ക് അരൂരിലെ വോട്ടർമാർ നൽകിയ സഹതാപത്തിെൻറ അംഗീകാരമായാണ് എം.പി ഇതിനെ കാണുന്നതെന്ന് ഷാനിമോൾ പറഞ്ഞു. ആരിഫിെൻറ 38,700 വോട്ടിെൻറ ഭൂരിപക്ഷത്തെ മറികടന്നാണ് 648 വോട്ട് താൻ മണ്ഡലത്തിൽ നേടിയത്. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ മനു സി. പുളിക്കലിനെയും പരാജയപ്പെടുത്തി.
ഇത് അരൂരിലെ ജനങ്ങൾ തനിക്കുനൽകിയ അംഗീകാരമായാണ് കാണുന്നതെന്ന് ഷാനിമോൾ പറഞ്ഞു. എല്ലാ വികസന പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തിയെന്നും പൂർത്തീകരിക്കുന്നതിൽ അലംഭാവം കാണിച്ചെന്നുമാണ് ഷാനിമോളെക്കുറിച്ച് ആരിഫിെൻറ മറ്റൊരാരോപണം. കുറഞ്ഞ സമയത്തിൽ പതിനഞ്ചര കോടിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും പുതിയ ചില പദ്ധതികൾ തുടങ്ങിവെക്കാനും കഴിഞ്ഞതിെൻറ ചാരിതാർഥ്യത്തിലാണ് താനെന്ന് ഷാനിമോൾ പറയുന്നു. അരൂരിൽ ഭരണകക്ഷി എം.എൽ.എ ആയാൽ കാര്യങ്ങൾ കാര്യക്ഷമമാക്കാൻ കഴിയുമായിരുന്നെന്ന് ആരിഫ് പറയുന്നു.
പെരുമ്പളം പാലം, മാക്കേകടവ്-നേരേകടവ് പാലം എന്നിവക്കുണ്ടായ തടസ്സങ്ങൾ മാറ്റാൻ എം.എൽ.എ പ്രയത്നിച്ചില്ലെന്നാണ് മറ്റൊരാരോപണം. ഇക്കാര്യങ്ങളിൽ താൻ എന്തു നിലപാടെടുത്തെന്ന് വ്യക്തമാക്കുന്ന രേഖകൾ തെൻറയടുത്തുണ്ടെന്ന് ഷാനിമോൾ തിരിച്ചടിച്ചു.
കോവിഡ് ബാധിതയായി അവശയായി ആശുപത്രിയിൽ കഴിഞ്ഞ അവസരത്തിൽപോലും എം.എൽ.എ ഓഫിസിലേക്ക് വിളിക്കുന്ന അരൂരിലെ ജനങ്ങളോട് തെൻറ ജീവനക്കാർ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, ഇതിനെയും വക്രീകരിച്ച് കാണാനാണ് എം.പി ശ്രമിക്കുന്നത്. വ്യക്തിപരമായ ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് സൂചിപ്പിച്ചാണ് സമൂഹമാധ്യമത്തിലൂടെയുള്ള മറുപടി ഷാനിമോൾ ഉസ്മാൻ അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.