സ്ഥാനാർഥികൾ അറിയാൻ... അരൂരിൽ ഗതാഗതസൗകര്യങ്ങൾ ഇനിയും വികസിക്കണം
text_fieldsഅരൂർ (ആലപ്പുഴ): മണ്ഡലത്തിലെ ഗതാഗതസൗകര്യങ്ങളിൽ ഇനിയും വികസനസാധ്യതകളേറെ. ദേശീയപാത കടന്നുപോകുന്ന അഞ്ച് പഞ്ചായത്തുകൾ മണ്ഡലത്തിലുണ്ട്. ജലഗതാഗതത്തിന് അനന്തസാധ്യതകൾ ഉണ്ടെങ്കിലും അത് വികസിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് ഇത്തരം പ്രശ്നങ്ങളാണ്.
ജലഗതാഗതം
അരൂർ മണ്ഡലത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി നിർദേശിക്കാവുന്നത് ജലഗതാഗതമാണ്. കായൽതീരത്താണ് മണ്ഡലത്തിലെ 10 പഞ്ചായത്തും. പതിറ്റാണ്ടുകളായി ചരക്കുകൾ കടത്തിയിരുന്നത് ജലമാർഗമാണ്. കൂടുതൽ യാത്രകളും ജലയാനത്തിൽ ആയിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പുവരെ അരൂക്കുറ്റിയിൽനിന്ന് എറണാകുളത്തേക്കും കൊല്ലത്തേക്കും ബോട്ടുസർവിസ് ഉണ്ടായിരുന്നു. പെരുമ്പളത്തുനിന്ന് ആരംഭിച്ച് അരൂർ, അരൂക്കുറ്റി, ഇടക്കൊച്ചി കുമ്പളം, പനങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ സ്പർശിച്ച് എറണാകുളത്തേക്ക് ബോട്ടുണ്ടായിരുന്നതാണ്. റോഡ് ഗതാഗതത്തിെൻറ വിപുലീകരണത്തോടെയും കാലോചിതമായി ജലയാനങ്ങളുടെ പരിഷ്കരണം നടക്കാതെയും വന്നതോടെയാണ് ഇത് അപ്രത്യക്ഷമായത്.
ദേശീയ ജലപാതയുടെ ആരംഭത്തോടെ കേരളത്തിൽ ദീർഘജലയാത്രകളുടെ അനന്തസാധ്യതകൾ വീണ്ടും തെളിഞ്ഞു. ജലയാത്രയുടെ സാധ്യതപഠനത്തിന് ഏറ്റവും യോജിച്ച സ്ഥലമാണ് അരൂർ മണ്ഡലം. ഏതാണ്ട് എല്ലാ പഞ്ചായത്തുകളും കായലുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. പല പഞ്ചായത്തിലും കായൽതീരങ്ങളിൽ ബോട്ടുജെട്ടികളുണ്ട്. ബോട്ട് സർവിസ് കാര്യക്ഷമമാകുന്നതോെട ആവശ്യമായ സൗകര്യങ്ങൾ പഞ്ചായത്തുകൾക്കുതന്നെ നിർമിക്കാം.
വൈക്കത്തുനിന്ന് രാവിലെ എറണാകുളത്തേക്ക് സർവിസ് ആരംഭിച്ച സോളാർ ബോട്ടിൽ നിറയെ യാത്രക്കാരാണ്. അരൂക്കുറ്റിയിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
റെയിൽവേ
1989ൽ നിലവിൽ വന്ന തീരദേശ റെയിൽവേയും അരൂർ മണ്ഡലത്തിലെ റെയിൽവേ യാത്രക്കാരുടെ യാത്രാസൗകര്യങ്ങൾക്ക് ഇനിയും പുരോഗതി വേണം. ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ സ്റ്റോപ് ഇപ്പോഴുമില്ല. വലിയ സ്റ്റേഷനായി അരൂർ വികസിക്കാൻ അഞ്ച് ഏക്കർ റെയിൽവേ വാങ്ങിയിരുന്നു. എന്നാൽ, നിർമാണവേളയിലുണ്ടായ തൊഴിൽ തർക്കങ്ങൾ റെയിൽവേ സ്റ്റേഷൻ വികസനത്തെ തടസ്സപ്പെടുത്തി. ഇപ്പോൾ പാസഞ്ചർ ട്രെയിനുകൾ മാത്രം നിർത്തുന്ന സ്റ്റേഷനായി പരിമിതപ്പെട്ടിരിക്കുകയാണ്. സ്റ്റേഷൻ പൂട്ടാനുള്ള പല നടപടികളും റെയിൽവേ ആരംഭിച്ചിട്ടുണ്ട്. അടിയന്തരമായി ഇക്കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അരൂർ റെയിൽവേ സ്റ്റേഷൻ നഷ്ടമാകും.
റോഡ് ഗതാഗതം
കൊച്ചിയെ ആശ്രയിച്ചാണ് മണ്ഡലത്തിലെ ജനങ്ങൾ അധികവും ജീവിക്കുന്നത്. 1962ൽ അരൂർ -ഇടക്കൊച്ചി പാലം നിലവിൽ വന്നതോടെയാണ് കൊച്ചിയിലേക്കുള്ള റോഡ് ഗതാഗതം ആരംഭിച്ചത്. അതിനുമുമ്പ് കേവുവള്ളങ്ങളിലായിരുന്നു ചരക്ക് കടത്തും യാത്രകളും. 1987ൽ എറണാകുളത്തേക്ക് ബൈപാസ് വന്നതോടെ ദേശീയപാത വഴി ഗതാഗതം മെച്ചപ്പെട്ടു. എറണാകുളത്തേക്ക് 15 കിലോമീറ്റർ മാത്രേമ ദൂരമുള്ളൂ എങ്കിലും മണിക്കൂറുകൾ ഗതാഗത തടസ്സങ്ങളിൽ കുരുങ്ങിക്കിടക്കാറുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്നത് അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിലാണ്.
ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും പരിഹാരമായി കേന്ദ്രസർക്കാർ നിർദേശിച്ചത് അരൂർ മുതൽ തുറവൂർ വരെയുള്ള എലിവേറ്റഡ് ഹൈവേ എന്നതാണ്. ഇതിന് കേന്ദ്രസർക്കാർ തുക അനുവദിക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രി ആലപ്പുഴ ബൈപാസ് ഉദ്ഘാടനവേളയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനപ്പെരുപ്പവും റോഡ് വികസിപ്പിക്കുന്നതിന് സ്ഥലമെടുപ്പിനുള്ള തടസ്സവുമാണ് എലിവേറ്റഡ് ഹൈവേയെക്കുറിച്ച് ആലോചിക്കാൻ കാരണം.
13 കിലോമീറ്റർ നീളത്തിൽ എലിവേറ്റഡ് ഹൈവേ മണ്ഡലത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. കിഴക്കൻ മേഖലയായ അരൂക്കുറ്റി മുതൽ പള്ളിപ്പുറം വരെയുള്ള പഞ്ചായത്ത് നിവാസികൾക്ക് യാത്ര എളുപ്പമാക്കാൻ സൗകര്യങ്ങൾ കുറവാണ്. തുറവൂർ -തൈക്കാട്ടുശ്ശേരി പാലം നിലവിൽവന്നിട്ടുണ്ടെങ്കിലും ചേർത്തല -അരൂക്കുറ്റി റോഡിൽനിന്ന് സ്വകാര്യബസ് സർവിസുകൾ ഈ പാതയിലൂടെ ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.