മനം മാറാതെ മലബാർ
text_fieldsന്യൂനപക്ഷ വോട്ടുകൾക്ക് നിർണായക സ്വാധീനമുള്ള മലബാറിലെ 60 മണ്ഡലങ്ങളിൽ നിലവിലെ കക്ഷിനിലയിൽ വലിയ അട്ടിമറികൾക്ക് സാധ്യതയില്ലെന്നാണ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുേമ്പാൾ വിലയിരുത്താനാവുന്നത്. മുസ്ലിം ലീഗ് കോട്ടയായ മലപ്പുറം ജില്ലയിൽ പാർട്ടിക്ക് കാര്യമായ കോട്ടം തട്ടിക്കാൻ മറുപക്ഷത്തിനാവില്ലെന്നാണ് കരുതേണ്ടത്. വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉൾപെട്ട ഏഴു നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിലും വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ശബരിമല, ന്യൂനപക്ഷങ്ങൾക്കെതിരായ തീവ്ര വർഗീയവാദ ആരോപണം, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ പ്രധാന ചർച്ചാവിഷയമാവുന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ചില മണ്ഡലങ്ങളിലെങ്കിലും തിരിച്ചടിക്ക് സാധ്യതയുമുണ്ട്.
ആറു ജില്ലകളിലായി നിലവിൽ 37 ഇടതുമുന്നണിക്കും 23 ഐക്യമുന്നണിക്കുമാണ്.
കാസർകോട്ട് എൽ.ഡി.എഫ് 2, യു.ഡി.എഫ് 2, ബലാബലം 1
കാസർകോട് ജില്ലയിൽ അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ 2016ലെ ഫലം (എൽ.ഡി.എഫ് -3, യു.ഡി.എഫ് -2) തന്നെയാവും ഇത്തവണയും ആവർത്തിക്കുക. കേരളം ഉറ്റുനോക്കുന്ന, ബി.ജെ.പി വിജയപ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരം സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രനെ പിന്തുണക്കുമോ എന്ന് കണ്ടറിയണം. സി.പി.എമ്മിലെ വി.വി. രമേശൻ രംഗത്തുണ്ടെങ്കിലും മത്സരം സുരേന്ദ്രനും മുസ്ലിം ലീഗിലെ എ.കെ.എം. അഷ്റഫും തമ്മിലാണ്.
ഉദുമയിൽ സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പുവിനെ നേരിടുന്നത് കോൺഗ്രസിലെ ബാലകൃഷ്ണൻ പെരിയയാണ്. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 9000ത്തോളം വോട്ട് ഭൂരിപക്ഷം മണ്ഡലത്തിൽ യു.ഡി.എഫിന് ഉണ്ടായിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 11,000 വോട്ടിന് മുന്നിലാണ്. കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഇടതുമുന്നണിയുടെയും കാസർകോട് യു.ഡി.എഫിെൻറയും സിറ്റിങ് സീറ്റുകളാണ്.
കണ്ണൂരിൽ എൽ.ഡി.എഫ് 6, യു.ഡി.എഫ് 2, ബലാബലം 3
തലശ്ശേരിയിൽ സ്ഥാനാർഥിയില്ലാത്ത ബി.ജെ.പി, സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന സി.ഒ.ടി. നസീറിനാണ് പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച 25,000 വോട്ടും നസീറിന് കിട്ടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. നിശ്ചിത ശതമാനം വോട്ട് നസീറിന് ലഭിച്ച് ബാക്കി കോൺഗ്രസിലെ എം.പി. അരവിന്ദാക്ഷന് പോയാൽ തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഷംസീറിെൻറ ഭൂരിപക്ഷത്തെ (34,117) മറികടക്കാൻ കഴിയുമോ എന്ന് കരുതാൻ പ്രയാസം. എന്നാൽ, ഷംസീറിനോട് എതിർപ്പുള്ള സി.പി.എമ്മുകാർ സഹായിക്കുകയും നസീർ കുറച്ച് പാർട്ടി വോട്ടുകൾ പിടിക്കുകയും ചെയ്താൽ ചിത്രം മാറുമോ എന്ന സംശയവും നിലനിൽക്കുന്നു.
കണ്ണൂരിൽ നല്ല മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് സിറ്റിങ് എം.എൽ.എ കെ.എം. ഷാജി മത്സരിക്കുന്ന അഴീക്കോട്. ഷാജിക്കെതിരെ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറും ജനകീയനുമായ കെ.വി. സുമേഷിനെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. ബി.ജെ.പി വോട്ടുകൾ ആകർഷിക്കാൻ ശേഷിയുള്ള ഷാജിക്ക് ഇത്തവണ അത് കിട്ടാനിടയില്ല. കൃഷ്ണദാസ് പക്ഷക്കാരനായ ബി.ജെ.പി സ്ഥാനാർഥി കെ. രഞ്ജിത്ത് മണ്ഡലത്തിൽ ശക്തി തെളിയിക്കാനുള്ള പോരാട്ടത്തിലാണ്.
കണ്ണൂരിൽ കഴിഞ്ഞതവണ കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി അട്ടിമറിജയമാണ് നേടിയത്. എതിരാളി കോൺഗ്രസിലെ സതീശൻ പാച്ചേനിക്ക് ഗ്രൂപ്പുപോര്, കോൺഗ്രസ്-ലീഗ് തർക്കങ്ങൾ എന്നിവ നേരിടേണ്ടിവന്നത് കടന്നപ്പള്ളിക്ക് അനുകൂലമാവുകയായിരുന്നു. ഇക്കുറി പഴുതുകളെല്ലാം അടച്ച് ഒറ്റക്കെട്ടായി കോൺഗ്രസും മുന്നണിയും തെരഞ്ഞെടുപ്പ് നേരിടുന്നത് ചിത്രം മാറാനുള്ള സൂചന നൽകുന്നു.
കണ്ണൂരിൽ നിലവിൽ 11ൽ എട്ടു മണ്ഡലങ്ങൾ ഇടതുമുന്നണിയും മൂന്നു മണ്ഡലങ്ങൾ ഐക്യമുന്നണിയുമാണ് പ്രതിനിധാനംചെയ്യുന്നത്. ഈ കണക്കിൽ മാറ്റങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിച്ചുകൂടാ. അതേ സമയം, കനത്ത മത്സരം നടക്കുന്ന അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂർ മണ്ഡലങ്ങളിൽ അട്ടിമറികളുണ്ടായാൽ കണക്കുകൾ തിരുത്തപ്പെടും.
കോഴിക്കോട് എൽ.ഡി.എഫ് 6, യു.ഡി.എഫ് 1, ബലാബലം 6
ഇടതുമുന്നണിക്ക് മുൻതൂക്കമുള്ള ജില്ലയാണ് കോഴിക്കോട്. 13ൽ കോഴിക്കോട് സൗത്തും കുറ്റ്യാടിയുമാണ് യു.ഡി.എഫിനൊപ്പമുള്ളത്. ഇത്തവണ ഇവക്ക് പുറമെ കോഴിക്കോട് നോർത്ത്, തിരുവമ്പാടി, കൊടുവള്ളി, വടകര, കൊയിലാണ്ടി മണ്ഡലങ്ങളിൽ വാശിയേറിയ മത്സരമാണ്. കാൽനൂറ്റാണ്ടിനുശേഷം മുസ്ലിം ലീഗ് വനിതക്ക് നൽകിയ കോഴിക്കോട് സൗത്തിൽ അഡ്വ. നൂർബിന റഷീദ് ഇന്ത്യൻ നാഷനൽ ലീഗിലെ അഹമ്മദ് ദേവർകോവിലിനെയാണ് നേരിടുന്നത്. നൂർബിനക്ക് മുൻതൂക്കമുണ്ട്.
ഇറക്കുമതിയുടെ പേരിൽ കൊടുവള്ളിയിലെ ഒരു വിഭാഗം ലീഗുകാർ മുനീറിനെതിരെ പ്രതിഷേധിെച്ചങ്കിലും അതെല്ലാം പരിഹരിച്ച് ഒറ്റക്കെട്ടായാണ് മുന്നണി രംഗത്തുള്ളത്. ലീഗിലെ ഗ്രൂപ്പുതർക്കം കഴിഞ്ഞ തവണ കാരാട്ട് റസാക്കിന് തുണയായെങ്കിലും ഇത്തവണ ആ സാധ്യത പാർട്ടി പൂർണമായും തള്ളുന്നു. തിരുവമ്പാടിയിൽ ലീഗിലെ സി.പി. ചെറിയ മുഹമ്മദും സി.പി.എമ്മിലെ ലിേൻറാ ജോസും തമ്മിെല മത്സരം മുറുകിയിരിക്കെ 3008 വോട്ട് ഭൂരിപക്ഷം മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്.
കൊയിലാണ്ടിയിൽ സി.പി.എം സ്ഥാനാർഥി കാനത്തിൽ ജമീല കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനിൽനിന്നും കോഴിക്കോട് നോർത്തിൽ സി.പി.എമ്മിലെ തോട്ടത്തിൽ രവീന്ദ്രൻ കോൺഗ്രസിലെ അഭിജിത്തിൽനിന്നും കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. വടകരയിൽ കെ.കെ. രമ പ്രചാരണത്തിൽ മുൻതൂക്കം നേടിയിട്ടുണ്ട്. എൽ.ജെ.ഡിയിലെ മനയത്ത് ചന്ദ്രനാണ് എതിരാളി. പരമ്പരാഗത സി.പി.എം വോട്ടുകൾ രമക്ക് ലഭിക്കാനിടയുള്ളതിനാൽ മണ്ഡലത്തിലെ എൽ.ഡി.എഫിെൻറ 9511 ഭൂരിപക്ഷം മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം യു.ഡി.എഫ് ക്യാമ്പുകളിലുണ്ട്.
വയനാട്ടിൽ പൊരിഞ്ഞ പോര്
വയനാട്ടിൽ മൂന്നു മണ്ഡലങ്ങളിലും പൊരിഞ്ഞ മത്സരമാണ്. ഇടതുമുന്നണി സിറ്റിങ് സീറ്റുകളായ കൽപറ്റയും മാനന്തവാടിയും തിരിച്ചുപിടിക്കാനും സുൽത്താൻ ബത്തേരി നിലനിർത്താനുമുള്ള കഠിന ശ്രമത്തിലാണ് യു.ഡി.എഫ്. മേഖലയെ പ്രതിനിധാനംചയ്യുന്ന എം.പി രാഹുലിെൻറ പിന്തുണ കൂടിയാവുേമ്പാൾ മൂന്നിടത്തും ജയിച്ചുകയറാനാവുമെന്ന പ്രതീക്ഷയാണ് ഉള്ളതെങ്കിലും ഇടതുമുന്നണിയുടെ ചിട്ടയായ പ്രവർത്തനം പ്രതീക്ഷ തകർക്കുമോ എന്ന ആശങ്കയും അവർക്കുണ്ട്.
മലപ്പുറത്ത് സീറ്റ് നിലനിർത്താൻ ഇടതുമുന്നണി
പൊന്നാനിയിൽ സി.ഐ.ടി.യു നേതാവ് പി. നന്ദകുമാറിെൻറ സ്ഥാനാർഥിത്വത്തിനെതിരെ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.എം. സിദ്ദീഖിെൻറ അനുയായികൾ പരസ്യമായി രംഗത്തിറങ്ങിയത് പാർട്ടിയെ ഞെട്ടിെച്ചങ്കിലും നേതൃത്വം അതെല്ലാം പരിഹരിച്ച് പ്രചാരണത്തിൽ മുന്നിലെത്തിയിരിക്കുകയാണ്. കെ.പി.സി.സി അംഗവും മുൻ ജില്ല പഞ്ചായത്ത് അംഗവുമായ എ.എം. രോഹിതാണ് കോൺഗ്രസ് സ്ഥാനാർഥി. സി.പി.എം അസംതൃപ്തരുടെ വോട്ടും ബി.ജെ.പിയിലെ നല്ലൊരു ശതമാനം വോട്ടും കൂടി ലഭിച്ചാലേ സ്പീക്കർ ശ്രീരാമകൃഷ്ണെൻറ 15,640 എന്ന ഭൂരിപക്ഷം മറികടക്കാൻ രോഹിതിനാവൂ.
മുസ്ലിം ലീഗുകാർ കൂടി സഹായിച്ചാണ് കഴിഞ്ഞ തവണ നിലമ്പൂരിൽ ഇടതുസ്വതന്ത്രൻ അൻവർ വിജയിച്ചതെങ്കിൽ ഇക്കുറി കോൺഗ്രസ് സ്ഥാനാർഥി പ്രകാശിനുവേണ്ടി മുസ്ലിം ലീഗ് അണികൾ ശക്തമായി രംഗത്തുണ്ട്. അതോടൊപ്പം കോൺഗ്രസിൽ കാലുവാരൽകൂടി നടന്നില്ലെങ്കിൽ ഇടതുമുന്നണിക്ക് മണ്ഡലം നഷ്ടപ്പെടാനാണിട.
ഇതിനു പുറമെ മലപ്പും ജില്ലയിൽ കടുത്ത മത്സരം നടക്കുന്നത് താനൂർ, തവനൂർ മണ്ഡലങ്ങളിലാണ്. സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ സ്ഥാനാർഥിയായതോടെ കെ.ടി. ജലീലിന് വിയർക്കാതെ കരപിടിക്കാനാവില്ലെന്ന് വന്നിരിക്കുന്നു. താനൂർ ഇടതുമുന്നണിയിൽനിന്ന് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ ലീഗ് സ്ഥാനാർഥിയാക്കിയത്. അതുകൊണ്ടുതന്നെ പ്രചാരണത്തിൽ അവർ മുൻതൂക്കം നേടിയിട്ടുണ്ട്. നിലവിൽ 16ൽ നാലു മണ്ഡലങ്ങളാണ് ഇടതുമുന്നണിക്ക്. അത് നിലനിർത്താനാണ് മുന്നണി മുൻതൂക്കം നൽകുന്നത്.
പാലക്കാട് ജില്ലയിൽ തീപാറുന്ന പോരാട്ടം തൃത്താല മണ്ഡലത്തിലാണ്. സിറ്റിങ് എം.എൽ.എ വി.ടി. ബൽറാമും സി.പി.എമ്മിലെ എം.ബി. രാജേഷും തമ്മിൽ. ബി.ജെ.പി പ്രതീക്ഷ പുലർത്തുന്ന മലമ്പുഴയിലും പാലക്കാട്ടും പ്രചാരണത്തിൽ മേൽക്കൈ നേടാൻ കഴിഞ്ഞിട്ടില്ല. മെട്രോമാൻ ഇ. ശ്രീധരനെ രംഗത്തിറക്കി പാലക്കാട് അത്ഭുതം സൃഷ്ടിക്കാനാണ് ബി.ജെ.പി രംഗത്തിറങ്ങിയതെങ്കിലും അദ്ദേഹത്തിെൻറ പ്രായക്കൂടുതൽ പ്രചാരണരംഗത്ത് ഇരുമുന്നണികളോടൊപ്പമെത്താൻ കഴിയാത്ത അവസ്ഥയാണുണ്ടാക്കിയിട്ടുള്ളത്. ഇത് ഷാഫി പറമ്പിലിെൻറ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. 12ൽ ഒമ്പത് എൽ.ഡി.എഫും മൂന്നിൽ യു.ഡി.എഫുമാണ് ജില്ലയിലെ ഇപ്പോഴത്തെ കക്ഷിനില. അതിൽ മാറ്റത്തിന് സാധ്യത തെളിഞ്ഞുകാണുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.