ദക്ഷിണ ജില്ലകളിൽ യു.ഡി.എഫ് നേരിയ നേട്ടമുണ്ടാക്കും
text_fieldsകേരളം ആര് ഭരിക്കണം എന്നതിൽ ദക്ഷിണ കേരളത്തിലെ മൂന്ന് ജില്ലകൾക്ക് നിർണായക പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ കരുതുന്നു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ മൂന്നു ജില്ലകൾ പൊതുവേ ഇടതു ചാഞ്ഞുനിൽക്കുന്നവയുമാണ്. എന്നാൽ, ഇവിടെ ഇടക്ക് യു.ഡി.എഫ് ചില അട്ടിമറികൾ നടത്താറുണ്ട്. അത്തരം തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ഭരണത്തിലേറിയിട്ടുമുണ്ട്. അതാണ്, ഇൗ മൂന്നുജില്ലകളെ ചേർത്തുപിടിക്കാൻ ഇടതുപക്ഷവും തട്ടിയെടുക്കാൻ യു.ഡി.എഫും എക്കാലവും ശ്രമിച്ചുവന്നിട്ടുള്ളത്. ഇക്കുറി ഇരുപക്ഷത്തിെൻറയും ശ്രമം ശക്തമാണ്. അതിനാൽതന്നെ ഇൗ ജില്ലകളിൽ തീപാറുകയാണ്. 2016ൽ കനത്ത തിരിച്ചടി കിട്ടിയ ഇൗ ജില്ലകളിൽ ഇക്കുറി മേൽക്കൈ നേടിയില്ലെങ്കിലും സ്ഥിതിമെച്ചപ്പെടുത്തും എന്ന നിലയിലേക്ക് മത്സരം എത്തിക്കാൻ യു.ഡി.എഫിനായിട്ടുണ്ട്. ഇതു സംസ്ഥാനതലത്തിൽതെന്ന അതിെൻറ നേതാക്കൾക്ക് പ്രതീക്ഷ നൽകുന്നു. എന്നാൽ, വിവിധ ചാനൽസർവേകളിലൂടെ തുടർഭരണമുണ്ടാകുമെന്ന തോന്നൽ സൃഷ്ടിച്ച പശ്ചാത്തലത്തിൽ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടെന്നാണ് മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് മനസ്സിലാകുക.
ആലപ്പുഴ ജില്ലയിൽ 2016ൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളും ഇടതുപക്ഷം തൂത്തുവാരിയതാണ്. ഹരിപ്പാട് ഭൂരിപക്ഷം ഗണ്യമായി കുറക്കാനും കഴിഞ്ഞിരുന്നു. പിന്നീട് അരൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ ഷാനിമോൾ ഉസ്മാൻ ജയിച്ചതോടെ യു.ഡി.എഫ് സീറ്റുകളുടെ എണ്ണം രണ്ടായി. ഇക്കുറി ജില്ലയുടെ അലകും പിടിയും മാറിയത്, രണ്ടു പ്രമുഖ നേതാക്കൾ മത്സരരംഗത്തുനിന്ന് മാറേണ്ടിവന്ന സാഹചര്യത്തിലാണെന്നു പറഞ്ഞാൽ അതിശയോക്തിയല്ല. ജി. സുധാകരനും തോമസ് െഎസക്കും മാറിനിൽക്കേണ്ടി വന്നതോടെ തെരഞ്ഞെടുപ്പിെൻറ രസതന്ത്രത്തിൽ വലിയമാറ്റമാണ് അനുഭവപ്പെടുന്നത്. (കൂടാതെ സി.പി.െഎ നേതാവും മന്ത്രിയുമായിരുന്ന തിലോത്തമനും രംഗത്തില്ലെങ്കിലും അതൊരു വലിയ ഘടകമായി ആരും കാണുന്നില്ല). അതിനാൽ, കഴിഞ്ഞ തവണ ഉണ്ടായ കടുത്ത തിരിച്ചടി യു.ഡി.എഫ് ഇക്കുറി പ്രതീക്ഷിക്കുന്നില്ല. ഹരിപ്പാടിനു പുറമേ ചേർത്തല, കുട്ടനാട് എന്നീ മണ്ഡലങ്ങളിൽ ആത്മവിശ്വാസം വളരെ വലുതാണ്. അരൂരിൽ പൊരിഞ്ഞ മത്സരമാണെങ്കിലും ഷാനിമോൾ ജയിക്കുമെന്നുതന്നെയാണ് നേതാക്കളുടെ പ്രതീക്ഷ. എന്നാൽ, ജി. സുധാകരെൻറ അമ്പലപ്പുഴയിലും തോമസ് െഎസക്കിെൻറ ആലപ്പുഴയിലും യു. പ്രതിഭയുെട കായംകുളത്തും ഇക്കുറി പൂർണവിജയപ്രതീക്ഷ പുലർത്താൻ ഇടതുമുന്നണിക്ക് ആകുന്നില്ല. മത്സരം കടുത്തതാെണന്ന് അവർ തെന്ന സമ്മതിക്കുന്നു. അതേസമയം, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് ഒരു സംശയവും ഇല്ല. അതിനാൽ, ആലപ്പുഴയിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന പോരാട്ടങ്ങൾ അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലാകുന്നു. എന്നിരുന്നാലും രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് അടക്കം ഇക്കുറി നൂറുശതമാനം വിജയമുണ്ടാക്കുമെന്നാണ് ഇടതുനേതാക്കൾ പറയുന്നത്.
ഇടതുപക്ഷത്തിെൻറയും കമ്യൂണിസ്റ്റ് പാർട്ടികളുടെയും കോട്ടയെന്ന് പറയാവുന്ന ജില്ലയാണ് കൊല്ലം. 2016 ൽ ജില്ലയിൽ നിന്ന് ഒറ്റ സീറ്റുപോലും യു.ഡി.എഫിന് ലഭിച്ചില്ല. ആർ.എസ്.പി നേതാവായിരുന്ന ബേബിജോണിെൻറ തട്ടകമായ ചവറയിൽ മകനായ ഷിബുപോലും പരാജയപ്പെട്ടു. ചവറക്ക് പ്രിയങ്കരനായിരുന്ന വിജയൻപിള്ളയുടെ വ്യക്തിപ്രഭാവമാണ് ഷിബുവിെൻറ പരാജയകാരണമായി പിന്നീട് വിലയിരുത്തിയത്. വിജയൻപിള്ളയുടെ മകനാണ് ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർഥി. എതിർഭാഗത്ത് ഷിബുബേബിജോണും. അതികായരുടെ മക്കൾ തമ്മിലുള്ള അങ്കത്തിൽ ഷിബുവിന് മുൻതൂക്കമുണ്ടാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ചവറക്കുപുറമേ യു.ഡി.എഫിന് വേറെയുമുണ്ട് പ്രതീക്ഷകൾ. കരുനാഗപ്പള്ളി, കൊല്ലം, കുണ്ടറ മണ്ഡലങ്ങളാണ് ഇവ. കൊല്ലത്ത് നടൻ മുകേഷിന് താരപ്രഭാവമുണ്ടെങ്കിലും ജനകീയതയില്ലെന്ന പേരുദോഷം അഞ്ചുവർഷംകൊണ്ട് പിടിച്ചുപറ്റിയിട്ടുണ്ട്. ജനങ്ങളുമായി ഇടപഴകാൻ വൈദഗ്ധ്യമുള്ള ബിന്ദുകൃഷ്ണ അതിനാൽ മികച്ച മത്സരം കാഴ്ചെവക്കുന്നു. കുണ്ടറയിൽ വിഷ്ണുനാഥിെൻറ വരവോടെ മേഴ്സിക്കുട്ടിയമ്മ വലിയ മത്സരമാണ് നേരിടുന്നത്. ആഴക്കടൽ മത്സ്യബന്ധനക്കരാർ ഏറ്റവും ചർച്ചാവിഷയമാകുന്നു, കൊല്ലംജില്ലയിൽ. മേഴ്സിക്കുട്ടിയമ്മയുടെയും മുഖ്യമന്ത്രിയുടെയും ചില പ്രസ്താവനകൾ ലത്തീൻ കത്തോലിക്കാ സഭാ നേതൃത്വത്തെ അലോസരപ്പെടുത്തിയതും ഇടതുപക്ഷത്തിന് തിരിച്ചടിയാണ്. ചടയമംഗലം, പുനലൂർ, പത്തനാപുരം, കുന്നത്തൂർ, ചാത്തന്നൂർ, ഇരവിപുരം എന്നീ മണ്ഡലങ്ങൾ ഇടതുമുന്നണിക്ക് പൂർണപ്രതീക്ഷ നൽകുന്നു. ഇൗ മണ്ഡലങ്ങളിൽ അട്ടിമറി സാധ്യതയൊന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നതേയില്ല. ചടയമംഗലത്ത് സി.പി.െഎ സ്ഥാനാർഥി പിന്നാക്കമായിരുന്നെങ്കിലും സി.പി.എം നേതൃത്വം ഇടപെട്ട് മുന്നിലേക്ക് എത്തിച്ചു. കൊട്ടാരക്കരയിലാകെട്ട, സി.പി.എമ്മിെൻറ കെ.എൻ. ബാലഗോപാലും കോൺഗ്രസിെൻറ രശ്മിയും പ്രവചനം അസാധ്യമാകുംവിധം ശക്തമായ മത്സരമാണ്. എക്കാലവും സി.പി.െഎയുടെ പ്രസ്റ്റീജ് മണ്ഡലമായിരുന്ന കരുനാഗപ്പള്ളിയിൽ ഇക്കുറി ഇടതുമുന്നണിക്ക് അത്രവിശ്വാസം പോരാ. ഇൗ വക കാരണങ്ങളാൽ കൊല്ലം ജില്ലയിൽ കഴിഞ്ഞ തവണത്തെക്കാൾ പ്രകടനം മെച്ചമാക്കുമെന്ന യു.ഡി.എഫ് വിശ്വാസത്തിൽ കഴമ്പുണ്ടെന്ന് തോന്നുന്നു.
തലസ്ഥാന ജില്ലയിലാണ് ബി.ജെ.പിക്ക് ചെറിയ പ്രതീക്ഷയുള്ളത്. നേമം സിറ്റിങ് സീറ്റാണ്. അവിടെ ഇടതുമുന്നണിയുടെ വി. ശിവൻകുട്ടി, യു.ഡി.എഫിെൻറ കെ. മുരളീധരൻ, എൻ.ഡി.എയടെ കുമ്മനംരാജശേഖരൻ എന്നിവരാണ് രംഗത്തുള്ളത്. ബി.ജെ.പിയെ തോൽപിക്കാൻ എന്നു പ്രഖ്യാപിച്ച് നേമത്ത് കെ. മുരളീധരൻ എത്തിയതോടെ ശിവൻകുട്ടി പിൻതള്ളപ്പെട്ടതായാണ് മണ്ഡലത്തിലെത്തുന്നവർക്ക് മനസ്സിലാകുക. മത്സരം ഇപ്പോൾ കുമ്മനവും മുരളീധരനും തമ്മിൽ നേർക്കുനേർ ആണ്. പ്രവചിക്കാനാവാത്ത കടുത്തമത്സരം എന്ന നിലയിലേക്ക് സ്ഥിതിമാറി. കഴക്കൂട്ടവും കാട്ടാക്കടയുമാണ് ബി.ജെ.പി കടുത്ത മത്സരം നൽകുന്ന മറ്റു മണ്ഡലങ്ങൾ. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രനും തമ്മിലാണ് മത്സരം എന്നു പറഞ്ഞാൽ തെറ്റാവില്ല. യു.ഡി.എഫിെൻറ ഡോ. എസ്.എസ്. ലാൽ മൂന്നാം സ്ഥാനത്തേക്ക് മാറുന്ന അവസ്ഥയാണ് കാണുന്നത്. ഇടതുമുന്നണിക്ക് പൊതുവേ മേൽക്കൈയുള്ള മണ്ഡലം ഇത്തവണയും ആ നിലതന്നെയാണ് കാഴ്ചെവക്കുന്നത്. കാട്ടാക്കടയിൽ പക്ഷേ, മത്സരം യു.ഡി.എഫും - എൽ.ഡി.എഫും തമ്മിലായി മാറി. എൽ.ഡി.എഫിനാണ് വിജയപ്രതീക്ഷ.
വി.എസ്. ശിവകുമാർ മത്സരിക്കുന്ന തിരുവനന്തപുരം, കെ. ശബരീനാഥ് മത്സരിക്കുന്ന അരുവിക്കര, എ. വിൻസൻറിെൻറ കോവളം എന്നിവക്കു പുറമേ പാറശാലയിലും യു.ഡി.എഫ് മുൻതൂക്കം കാട്ടുന്നുണ്ട്. ത്രികോണ മത്സരമുള്ള വട്ടിയൂർക്കാവിൽ ഇപ്പോൾ ഇടതുമുന്നണി സ്ഥാനാർഥിയായ വി.കെ. പ്രശാന്തിനാണ് മുൻതൂക്കം. എന്നാൽ, വൈകിയെത്തിയ യു.ഡി.എഫിെൻറ വീണ എസ്. നായർ പെെട്ടന്നുതന്നെ മത്സരമാക്കി മാറ്റിയിട്ടുണ്ട്. നെയ്യാറ്റിൻകരയിലും വാമനപുരത്തും നെടുമങ്ങാടും പ്രവചനാതീത മത്സരമാണ് ഇരുമുന്നണികളും കാഴ്ചെവക്കുന്നത്. ഇടതുകോട്ടയെന്നു കരുതപ്പെട്ടിരുന്ന വാമനപുരത്ത് മത്സരം കടുത്തു എന്നത് ശ്രദ്ധേയമാണ്. കാട്ടാക്കട, ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് ഇടതുമുന്നണി പൂർണമായും പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. നേമം, നെയ്യാറ്റിൻകര, നെടുമങ്ങാട്, വാമനപുരം എന്നിവിടങ്ങൾ പ്രവചനാതീതമായിരിക്കുന്നു. തിരുവനന്തപുരം, പാറശാല, അരുവിക്കര, കോവളം എന്നിവിടങ്ങൾ യു.ഡി.എഫ് മുൻതൂക്കം കാട്ടുന്നു. ഇതാണ് ഇപ്പോൾ ലഭിക്കുന്ന ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.