'ക്ഷമ വേണം'
text_fieldsയന്ത്രത്തകരാർ, തലകറക്കം
വാണിയമ്പലം സി.കെ.ജി.എൽ.പി സ്കൂളിൽ പ്രിസൈഡിങ് ഓഫിസർ കുഴഞ്ഞു വീണു. വോട്ടിങ് യന്ത്രം തകരാറായതിന് പിറകെ ആളുകൾ കൂടിയതോടെ പ്രിസൈഡിങ് ഓഫിസർ ആൻറണി തലകറങ്ങി വീഴുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി തിരിച്ചെത്തിച്ചു. ഒരു മണിക്കൂറിന് ശേഷം യന്ത്രത്തകരാർ പരിഹരിച്ച് വോട്ടെടുപ്പ് നടന്നു.
മോക്പോൾ മാറ്റാതെ വോട്ടിങ്
ഏറനാട് നിയോജക മണ്ഡലത്തിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ ചെമ്രക്കാട്ടൂരിൽ മോക്പോളിങ് നടത്തിയ വോട്ടുകൾ ഒഴിവാക്കാതെ ഉദ്യോഗസ്ഥർ വോട്ടിങ് തുടർന്നു. പിന്നീട് മറ്റൊരു യന്ത്രം എത്തിച്ചാണ് വോട്ടിങ് തുടങ്ങിയത്.
സാദിഖലി തങ്ങൾക്ക് ഒന്നര മണിക്കൂർ കാത്തിരിപ്പ്
മലപ്പുറം പാണക്കാട് സി.കെ.എം.എം എൽ.പി സ്കൂളിലെ രണ്ടാം ബൂത്തിൽ യന്ത്രത്തകരാർ മൂലം ഒന്നര മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഈ ബൂത്തിലെ വോട്ടറായ മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സാദിഖലി തങ്ങള്‍ ഒന്നര മണിക്കൂറോളം കാത്തിരുന്നു. തുടര്‍ന്ന് യന്ത്രം മാറ്റിയതിന് ശേഷമാണ് വോട്ട് ചെയ്യാന്‍ സാധിച്ചത്.
യന്ത്രത്തകരാർ, വൈകിയോടി വോട്ടിങ്
വള്ളിക്കുന്ന് ജി.എൽ.പി സ്കൂളിൽ യന്ത്രത്തകരാർ കാരണം പോളിങ് ഒരു മണിക്കൂറിലധികം വൈകി. കോട്ടക്കൽ പുത്തൂർ ജി.എം.എൽ.പി സ്കൂളിലെ മൂന്ന് ബൂത്തുകളിൽ യന്ത്രം പണിമുടക്കി. വിദഗ്ധരെത്തി തകരാർ പരിഹരിച്ചതിന് ശേഷമാണ് വോട്ടിങ് തുടങ്ങിയത്.
മഞ്ചേരി തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂളിെല ആറാം നമ്പർ ബൂത്തിൽ രാവിലെ അര മണിക്കൂർ വൈകി. പുതിയ യന്ത്രം എത്തിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്. ചെട്ടിയങ്ങാടിയിലെ 87ാം നമ്പർ ബൂത്തിൽ രാവിലെ പത്തോടെ യന്ത്രം തകരാറിലായി. 45 മിനിറ്റ് വോട്ടിങ് തടസ്സപ്പെട്ടു. സാങ്കേതിക വിദഗ്ധരെത്തി യന്ത്രം നന്നാക്കി. ആനക്കയത്ത് ക്രസൻറ് സ്കൂളിലെ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി.
വഴിക്കടവ് പൂവ്വത്തിപ്പൊയിൽ നൂറുൽ ഹുദ മദ്റസയിലെ 34ാം നമ്പർ ബൂത്തിൽ വോട്ട് ആരംഭത്തിൽ യന്ത്രത്തകരാർ മൂലം 40 മിനിറ്റോളം വോട്ടിങ് മുടങ്ങി. മാവോവാദി ഭീഷണിയുള്ള ബൂത്താണിത്. വോട്ട് ചെയ്യാനെത്തിയ ആദിവാസികളോട് ബൂത്ത് കവാടത്തിന് സമീപം എൽ.ഡി.എഫ് പ്രവർത്തകർ വോട്ട് ചോദിച്ചതുമായി ബന്ധപ്പെട്ട് 11.30ഓടെ എൽ.ഡി.എഫ്-യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ വാേക്കറ്റം ഉണ്ടായി. പൊലീസ് എത്തിയതോടെ ഇരുവിഭാഗവും പിരിഞ്ഞു പോയി.
യന്ത്രം പണിമുടക്കിയത് കാരണം കൊണ്ടോട്ടി മണ്ഡലത്തില്‍ ആറ് ബൂത്തുകളില്‍ വെട്ടെടുപ്പ് അല്പസമയം തടസ്സപ്പെട്ടു. മുതുവല്ലൂര്‍ പഞ്ചായത്തിലെ 68, 61, 66 ബൂത്തുകളിലും കൊണ്ടോട്ടി നഗരസഭയിലെ 140ാം നമ്പര്‍ ബൂത്തിലും ചെറുകാവ് പഞ്ചായത്തിലെ 115ാം നമ്പര്‍ ബൂത്തിലും ചീക്കോട് പഞ്ചായത്തിലെ 58ാം നമ്പര്‍ ബൂത്തിലുമാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്.
ആലങ്കോട് പഞ്ചായത്തിൽ മൂന്ന് സ്ഥലങ്ങളിൽ മെഷീൻ തകരാറിലായി. അര മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ച് വോട്ടിങ് തുടങ്ങി. മങ്കടയിൽ മൂന്നിടത്ത് യന്ത്രത്തകരാർ കാരണം ഒരു മണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു. പൊന്നാനി മണ്ഡലത്തിൽ പലയിടങ്ങളിലും യന്ത്രത്തകരാർ ഉണ്ടായി. അൽപനേരത്തെ തടസ്സത്തിന് ശേഷം എല്ലായിടത്തും പുനരാരംഭിച്ചു.
വേങ്ങര മണ്ഡലത്തിലെ പറപ്പൂർ എ.എല്‍.പി സ്കൂൾ ബൂത്തിലും നൊട്ടപ്പുറം സ്കൂളിലും യന്ത്രത്തകരാർ മൂലം അൽപനേരത്തേക്ക് വോട്ടിങ് നിർത്തിവെക്കേണ്ടി വന്നു. കണ്ണമംഗലം മുട്ടുംപുറം എൽ.പി സ്കൂളിലെ 39 നമ്പർ ബൂത്തിൽ വി.വി പാറ്റ് മെഷീൻ തകരാറിനെ തുടർന്ന് പോളിങ് തടസ്സപ്പെട്ടു. മോക്ക് പോളിങ്ങിൽ ശരിയായി പ്രവർത്തിച്ച യന്ത്രം ആദ്യവോട്ടർ വോട്ട് ചെയ്യുന്നതിനിടെ തകരാറിലാവുകയായിരുന്നു.
കുറ്റാളൂരിൽ 70 നമ്പർ ബൂത്തിൽ യന്ത്രത്തകരാർ കാരണം നിശ്ചിതസമയത്ത് വോട്ടിങ് തുടങ്ങാനായില്ല. ഒന്നര മണിക്കൂർ വൈകി. കണ്ണമംഗലം 83ാം നമ്പർ ബൂത്തിലും വി.വി പാറ്റ് തകരാറിലായി. എടക്കാപ്പറമ്പ് ജി.എൽ.പി സ്കൂൾ ബൂത്ത് 44ലും 46ലും ഓരോരുത്തർ വോട്ട് അമർത്താതെ പോയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് തിരിച്ചെത്തിച്ചു.
അധിക ബൂത്തുകൾ അനുഗ്രഹമായി; പോളിങ് സ്റ്റേഷനുകളിൽ തിരക്ക് കുറഞ്ഞു
പൊന്നാനി: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വോട്ടർമാർക്ക് സൗകര്യമൊരുക്കാനായി അധിക ബൂത്തുകൾ ക്രമീകരിച്ചതോടെ മുൻ കാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ തിരക്ക് കുറഞ്ഞു. തീരദേശ മേഖലകളിൽ നേരത്തെ പുലർച്ചെ മുതൽ തന്നെ നീണ്ട നിരയാണ് പ്രകടമാകാറുള്ളതെങ്കിലും ഇത്തവണ പത്തിൽ താഴെ പേർ മാത്രമാണ് ഒരേ സമയം വരിയിൽ ഉണ്ടായിരുന്നത്.
ഇത് വോട്ട് ചെയ്യാനെത്തിയവർക്കും ആശ്വാസമായി. വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയ ഭാഗങ്ങളിൽ മാത്രമാണ് വോട്ടർമാർക്ക് ഏറെ നേരം വരിനിൽക്കേണ്ടി വന്നത്.
പലയിടത്തും പോളിങ് ഉദ്യോഗസ്ഥർ വിശ്രമത്തിലായിരുന്നു. എന്നാൽ സാമൂഹിക അകലം പാലിച്ചും കൈയുറകൾ നൽകിയും സാനിറ്റൈസർ നൽകിയുമാണ് വോട്ടർമാരെ ബൂത്തുകളിലേക്ക് പ്രവേശിപ്പിച്ചത്. ഇത്തവണ 80 വയസ്സിന് മുകളിലുള്ളവർക്ക് വീടുകളിലെത്തി വോട്ട് ചെയ്യാനുള്ള അവസരം നൽകിയിരുന്നതിനാൽ പ്രായമേറിയവരും ഇത്തവണ ബൂത്തുകളിലെത്തിയില്ല.
മഞ്ചേരിയിൽ പോളിങ്ങിൽ നേരിയ വർധന
മഞ്ചേരി: സമ്മതിദാനാവകാശം വിനിയോഗിക്കാൻ മഞ്ചേരി മണ്ഡലത്തിലെ വോട്ടർമാർ ഒഴുകിയെത്തിയതോടെ മണ്ഡലത്തിൽ വോട്ടിങ് ശതമാനത്തിൽ കഴിഞ്ഞ തവണത്തേക്കാൾ നേരിയ വർധന. 74.01 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മണ്ഡലത്തിൽ 1,03,156 പുരുഷ വോട്ടർമാരും 1,03,804 സ്ത്രീവോട്ടർമാരും അടക്കം 2,06,960 വോട്ടർമാരാണ് ഉള്ളത്. രാവിലെ തന്നെ മിക്ക ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടു. പത്ത് മണിയോടെ തന്നെ സ്ത്രീകളടക്കമുള്ള വോട്ടർമാർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. വയോജനങ്ങളും യുവാക്കളുമെല്ലാം ഉച്ചയോടെ ബൂത്തിലെത്തി.
ആദ്യമണിക്കൂറുകളിൽ പലയിടത്തും റെക്കോഡ് പോളിങ്ങാണ് നടന്നത്. മിക്കയിടത്തും വോട്ടർമാരുെടെ വലിയ നിര കാണാനായി. എന്നാൽ, പിന്നീട് വോട്ടിങ് മന്ദഗതിയിലായി. വൈകീട്ടോടെ വീണ്ടും വോട്ടർമാരെത്തി ബൂത്തുകൾ സജീവമായി.
മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും പോളിങ് ശതമാനം വർധിച്ചു. 2011ൽ 71.01 ശതമാനവും 2016ൽ 73.02 ശതമാനവും ആയിരുന്നു മണ്ഡലത്തിലെ പോളിങ്. പോളിങ് വർധിച്ചത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. ഭൂരിപക്ഷം വർധിപ്പിച്ച് മണ്ഡലം നിലനിർത്താനാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിെൻറ കണക്കുകൂട്ടൽ. എന്നാൽ, മഞ്ചേരിയിൽ മാറ്റമുണ്ടാകുമെന്നാണ് എൽ.ഡി.എഫ് നേതൃത്വം പറയുന്നത്.
കൊണ്ടോട്ടിയിൽ ആവേശപോളിങ്
കൊണ്ടോട്ടി: ജില്ലയിൽ ഏറ്റവും ഉയർന്ന പോളിങ് കൊണ്ടോട്ടി മണ്ഡലത്തിൽ. 78.28 ശതമാനമാണ് ഇക്കുറി പോളിങ്. എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേതിനേക്കാൾ കുറവാണിത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയിൽ 79.07 ശതമാനമാണ് പോളിങ്.
ഇതാണ് 78.28 ശതമാനമായി കുറഞ്ഞത്. ആറിടങ്ങളില്‍ വോട്ടുയന്ത്രം പണിമുടക്കിയതൊഴിച്ചാല്‍ വോട്ടെടുപ്പ് വളരെ ശാന്തമായിരുന്നു. തകരാറുകള്‍ പരിഹരിച്ച ശേഷം ഉടനെത്തന്നെ വോട്ടെടുപ്പ് തുടര്‍ന്നു. 2,05,261 വോട്ടര്‍മാരില്‍ 1,60,698 പേര് വോട്ട് രേഖപ്പെടുത്തി. 76.95 ശതമാനം പുരുഷ വോട്ടര്‍മാരും 79.65 ശതമാനം സ്ത്രീ വോട്ടര്‍മാരും വോട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.