അഴീക്കോട്ടെ കോളനികളിൽ ഇനി സൗരവെളിച്ചം
text_fieldsകണ്ണൂർ: വൈദ്യുതി മുടങ്ങിയാലും അഴീക്കോട് പഞ്ചായത്തിലെ പട്ടികജാതി കോളനികൾ ഇനി ഇരുട്ടിലാകില്ല. പഞ്ചായത്ത് സൗരസുവിധ കിറ്റ് നൽകിയതോടെയാണ് 49 കുടുംബങ്ങളിൽ സൗരവെളിച്ചം തെളിഞ്ഞത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ചാർജിങ് സൗകര്യമുള്ള റാന്തൽ, ടോർച്ചോടുകൂടിയ റേഡിയോ എന്നിവയാണ് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയത്.
പ്രത്യേക ഘടകപദ്ധതി പ്രകാരം പട്ടികജാതി വികസന ഫണ്ടിൽ നിന്നും 1,53,000 രൂപ ഇതിനായി ചെലവാക്കി. പള്ളിക്കുന്നുമ്പ്രം, കല്ലടത്തോട്, ചാൽ ഭഗത്സിങ് എന്നീ കോളനിവാസികൾക്കാണ് കിറ്റ് ലഭിച്ചത്.
കാർബൺ ന്യൂട്രൽ പഞ്ചായത്താക്കുന്നതിന്റെ ആദ്യപടി കൂടിയാണ് അനർട്ട് മുഖേന നടപ്പാക്കിയ ഈ പദ്ധതി.
അഞ്ച് മണിക്കൂർ സൂര്യപ്രകാശം ലഭിച്ചാൽ റാന്തൽ അഞ്ച് മണിക്കൂറും രണ്ട് മണിക്കൂർ പ്രകാശം ലഭിച്ചാൽ റേഡിയോ രണ്ട് മണിക്കൂറും പ്രവർത്തിക്കും. റാന്തലിന് അഞ്ചു വർഷവും ഇതിന്റെ പാനലിന് 25 വർഷവും വാറന്റിയുണ്ട്. ഗുണഭോക്തൃ വിഹിതമായ 390 രൂപ അടച്ച എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും കിറ്റ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് പറഞ്ഞു. 2020-21 സാമ്പത്തിക വർഷം പട്ടികജാതി വികസനത്തിന് വകയിരുത്തിയ 54.07 ലക്ഷം രൂപയും ചെലവഴിച്ച പഞ്ചായത്ത് കൂടിയാണ് അഴീക്കോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.