ഏതു യുവത്വത്തെ തുണക്കുമെന്ന കണക്കുകൂട്ടലിൽ ബാലുശ്ശേരി
text_fieldsബാലുശ്ശേരി: കാത്തിരിപ്പിന് വിരാമമാകാൻ ഇനി രണ്ടു നാൾ. യുവ സ്ഥാനാർഥികൾ തമ്മിൽ വാശിയേറിയ മത്സരം നടന്ന ബാലുശ്ശേരി ഇക്കുറി ഏതു യുവത്വത്തിനൊപ്പം നിൽക്കുമെന്ന കണക്കുകൂട്ടലിെൻറ മുറുക്കത്തിലാണ് മുന്നണികൾ.
ഇടതു-വലതു മുന്നണികൾക്കൊപ്പം ഇത്തവണ എൻ.ഡി.എയും മണ്ഡലം നിറഞ്ഞ് കളിച്ചിരുന്നു. ഇടതുസ്ഥാനാർഥി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി 27 കാരനായ സചിൻ ദേവിന് വെല്ലുവിളിയായി യു.ഡി.എഫിലെ ധർമജൻ ബോൾഗാട്ടി തെൻറ സിനിമ നടനെന്ന സ്വാധീനമുപയോഗിച്ച് മണ്ഡലത്തിലുടനീളം കളം നിറഞ്ഞാണാടിയത്.
ബാലുശ്ശേരിയിൽ കണക്കുകൾ പിഴക്കില്ലെന്നാണ് എൽ.ഡി.എഫ് പ്രവർത്തകരുടെ ആത്മവിശ്വാസം. എന്നാൽ, ഇത്തവണ കണക്കുകൾ പിഴക്കുമെന്നും ബാലുശ്ശേരിക്ക് മാറ്റം വരുമെന്നുമുള്ള ഉറച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഭൂരിപക്ഷം കുറയുമെങ്കിലും ജയിക്കുമെന്ന് ഉറപ്പിച്ച് തന്നെയാണ് ധർമജൻ ബോൾഗാട്ടി പറയുന്നത്.
യു.ഡി.എഫിലും പ്രവർത്തകർക്കിടയിലെ ഏകോപനമില്ലായ്മ ഒളിഞ്ഞും തെളിഞ്ഞും പ്രകടമാണെങ്കിലും ധർമജെൻറ വ്യക്തി സ്വാധീനം ഇവയൊക്കെ അതിജീവിച്ചിട്ടുണ്ട് എന്നാണ് നിഷ്പക്ഷമതികൾ പറയുന്നത്.
മണ്ഡലത്തിലെ കോളനി പര്യടനവും പ്രചാരണരംഗത്ത് യു.ഡി.എഫ് സ്ഥാനാർഥിക്ക് ഇതുവരെ കിട്ടാത്ത രീതിയിലുള്ള പ്രചാരണവും കണക്കിലെടുത്താണ് യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ തെൻറ ജയം ഉറപ്പാണെന്ന് പറയുന്നത്.
അടിയൊഴുക്കുകളൊന്നും നടന്നില്ലെങ്കിൽ ഇടതു കോട്ടക്ക് ഇത്തവണയും ഒരിളക്കവും വരില്ലെന്ന ഉറപ്പിൽതന്നെയാണ് സചിൻ ദേവ്. ഇത്തവണത്തെ രാഷ്ട്രീയ മാറ്റവും ഇടതിെൻറ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും നേതൃത്വം കരുതുന്നു.
എൽ.ജെ.ഡിയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ഇടതുപക്ഷത്തിനൊപ്പം വന്നത് ഏറെ ഗുണകരമാകുമെന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. ജില്ലയിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ബാലുശ്ശേരി . യുവസ്ഥാനാർഥി ലിബിൻ ബാലുശ്ശേരി പ്രചാരണ രംഗത്ത് സജീവമായിരുെന്നങ്കിലും പ്രവർത്തകർക്കിടയിലെ ഏകോപനമില്ലായ്മ എൻ.ഡി.എയെ ഒരടി പിന്നാക്കം നിർത്തുമെന്നാണ് വിലയിരുത്തൽ.
എങ്കിലും മണ്ഡലത്തിലെ നല്ലൊരു ശതമാനം വോട്ടു നേടി സ്വദേശി കൂടിയായ ലിബിൻ വിജയിക്കുമെന്ന കണക്കുകൂട്ടലാണ് എൻ.ഡി.എക്ക്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 4814 വോട്ടിെൻറ ഭൂരിപക്ഷമാണ് എൽ.ഡി.എഫിനുള്ളത്. ലോകസഭ തെരഞ്ഞെടുപ്പിലാകട്ടെ 9745 വോട്ടിന് മണ്ഡലം യു.ഡി.എഫിന് അനുകൂലവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.