ചാത്തന്നൂരിലെ തിളപ്പ്
text_fieldsകൊല്ലം ജില്ലയിൽ ത്രികോണ മത്സരത്തിെൻറ ചൂടും ചൂരും നിറയുന്ന ഏക മണ്ഡലമാണ് ചാത്തന്നൂർ. ജനകീയനായ എം.എൽ.എ എന്ന് പേരെടുത്ത ജി.എസ്. ജയലാലിനെ തന്നെയാണ് സി.പി.ഐ കളത്തിലിറക്കിയത്. മണ്ഡലത്തില്നിന്ന് തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്. കഴിഞ്ഞ തവണ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ജില്ല പ്രസിഡൻറ് കൂടിയായ ബി.ബി. ഗോപകുമാർ പ്രചാരണ രംഗത്ത് മുന്നേറ്റം നടത്തുന്നുണ്ട്.
സ്ഥാനാർഥി നിർണയത്തിലെ പടലപ്പിണക്കങ്ങൾ പരിഹരിച്ചാണ് എൻ. പീതാംബരക്കുറുപ്പിനെ കോൺഗ്രസ് രംഗത്തിറക്കിയത്. പ്രഗല്ഭരായ സ്ഥാനാർഥികൾ നിറഞ്ഞതോടെ മണ്ഡലത്തിെൻറ ഗതി എങ്ങോട്ടാകുമെന്നത് നിർവചിക്കാനാകില്ല. മണ്ഡലത്തിൽ കാടിളക്കിയുള്ള പ്രചാരണമാണ് എൻ.ഡി.എ നടത്തുന്നത്. ജി.എസ്. ജയലാൽ പ്രചാരണത്തിൽ മുന്നിലാണെങ്കിലും എതിരാളികൾ കടുത്ത വെല്ലുവിളി ഉയർത്തുന്നു. എം.പി ആയിരുന്നപ്പോഴുള്ള ജനകീയത മുതലെടുത്താണ് പീതാംബരക്കുറുപ്പ് നിറഞ്ഞുനിൽക്കുന്നത്. മണ്ഡലം പിടിക്കുമെന്ന് മൂന്നു സ്ഥാനാർഥികളും ഉറപ്പിച്ചുപറയുമ്പോൾ ജനങ്ങളുടെ ഉറപ്പ് ആർക്കാണെന്നറിയാൻ വോട്ടെണ്ണൽ ദിവസംവരെ കാത്തിരിക്കേണ്ടിവരും.
കഴിഞ്ഞ വർഷത്തെപ്പോലെ മികച്ച വിജയം ആവർത്തിക്കുമെന്ന് ജയലാൽ പറയുന്നു. 2016ൽ 34,407 വോട്ടിെൻറ ഭൂരിപക്ഷമാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബി.ബി. ഗോപകുമാറിന് കിട്ടിയത് ഭൂരിപക്ഷത്തെക്കാൾ കുറഞ്ഞ വോട്ടാണ് (33,199). ഇത്തവണ കല്ലുവാതുക്കൽ പഞ്ചായത്ത്, പരവൂർ നഗരസഭ അടക്കം വോട്ട് ശതമാനം വർധിച്ചത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അതിലൂടെ വിജയിക്കാമെന്നുമാണ് ഗോപകുമാറിെൻറ പ്രതീക്ഷ. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിനാൽ മണ്ഡലത്തിലെ കോൺഗ്രസ് പാരമ്പര്യം തിരികെ കൊണ്ടുവരാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പീതാംബരക്കുറുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.