മീനച്ചൂടിനുമപ്പുറം മത്സരച്ചൂട്
text_fieldsചിറ്റൂർ: തെരഞ്ഞെടുപ്പ് ചൂടിനെക്കാൾ ഒരുപടി കൂടുതലാണ് ചിറ്റൂരിലെ വേനൽ ചൂടിനും. ചുരം കടന്നെത്തുന്ന വരണ്ട കാറ്റ് സ്ഥാനാർഥികളുടെ പ്രചാരണ വേഗത്തെ ഉലക്കുന്നുണ്ടെങ്കിലും ചിറ്റൂർ പിടിക്കാൻ കടുത്ത പോരാട്ടത്തിലാണ് മുന്നണികൾ. പരിചയസമ്പന്നതയുടെ കരുത്തുമായി നിലവിലെ എം.എൽ.എ കെ. കൃഷ്ണൻകുട്ടി ജനവിധി തേടുമ്പോൾ കോൺഗ്രസ് സ്ഥാനാർഥി സുമേഷ് അച്യുതൻ യുവത്വത്തിെൻറ പ്രസരിപ്പുമായാണ് ജനങ്ങൾക്കിടയിലേക്കിറങ്ങുന്നത്. ബി.ജെ.പി സ്ഥാനാർഥി എൻ. നടേശനും ഇരുമുന്നണികൾക്കും ശക്തമായ വെല്ലുവിളിയുയർത്തി രംഗത്തുണ്ട്.
കെ. കൃഷ്ണൻകുട്ടി
ചിറ്റൂരിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന കൃഷ്ണൻകുട്ടി വോട്ടഭ്യർഥിക്കുന്നത് കഴിഞ്ഞ അഞ്ച് വർഷത്തെ വികസനനേട്ടങ്ങൾ മുൻനിർത്തിയാണ്. മണ്ഡലത്തിലെ ജലദൗർലഭ്യതക്ക് പരിഹാരം കണ്ടത് തന്നെയാണ് പ്രധാന പ്രചാരണ വിഷയം. വികസനത്തുടർച്ചക്ക് കൃഷ്ണൻകുട്ടിയെ വിജയിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. നല്ലേപ്പിള്ളിയിൽനിന്ന് രാവിലെ ഒമ്പതോടെയാണ് പ്രചാരണം ആരംഭിച്ചത്. പര്യടനത്തിൽ ഏറെ മുന്നിലാണ് കെ. കൃഷ്ണൻകുട്ടി. നല്ലേപ്പിള്ളിയിലെ വിവിധ ഭാഗങ്ങളിൽ പര്യടനത്തിലായിരുന്നു വെള്ളിയാഴ്ച സ്ഥാനാർഥി. നിറഞ്ഞ സദസ്സിനെ അഭിമുഖീകരിക്കുമ്പോൾ വാഗ്ദാനങ്ങളല്ല വികസനത്തുടർച്ചക്കാണ് കെ. കൃഷ്ണൻകുട്ടി വോട്ട് തേടുന്നത്.
സുമേഷ് അച്യുതൻ
ചിറ്റൂരിൽ നിറഞ്ഞുനിന്ന അച്യുതെൻറ മകനെന്ന നിലയിൽ മണ്ഡലത്തിലെങ്ങും സുപരിചിതനാണ് സുമേഷ് അച്യുതൻ. തെൻറ രണ്ടാം ഘട്ട പ്രചാരണത്തിലാണ് സുമേഷ് അച്യുതൻ. വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള വാർഡിലായിരുന്നു പര്യടനം. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അതിവേഗത്തിലുള്ള പ്രചാരണത്തിലാണ് സുമേഷ്. പത്തിന് ആർ.വി പുതൂരിൽനിന്ന് ആരംഭിച്ച ബൈക്ക് ഷോയിൽ പങ്കെടുത്തു. 11ന് തത്തമംഗലം ഗുരുസ്വാമിയാർ മഠത്തിലെ പൊതുയോഗത്തിൽ പങ്കെടുത്തു. പിന്നീട് രമ്യ ഹരിദാസ് എം.പിക്കുമൊത്ത് വടകരപ്പതിയിൽ ബൈക്ക് റാലിയിൽ പങ്കെടുത്തു. പൊതുയോഗങ്ങളും റോഡ് ഷോയുമൊക്കെയായി പരമാവധി വോട്ടർമാരെ കാണാനാണ് സുമേഷിെൻറ ശ്രമം.
വി. നടേശൻ
ചിറ്റൂരിലെ ബി.ജെ.പി സ്ഥാനാർഥി വി. നടശെൻറ വെള്ളിയാഴ്ചത്തെ പര്യടനം പൊൽപ്പുള്ളി പഞ്ചായത്തിലായിരുന്നു. രാവിലെ നടുക്കാട് നിന്ന് ആരംഭിച്ചു. തുടർന്ന് മരുതംപള്ളം, ചെറക്കോട് വേർക്കോലി, മുരുതംപള്ളം, പുളക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ കോളനികൾ കയറി വോട്ട് അഭ്യർഥിച്ചു. ചിറ്റൂരിലെ സമഗ്രവികസനത്തിന് തന്നെ വിജയിപ്പിക്കണമെന്ന് വോട്ടർമാരോട് നേരിട്ട് പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ വൈകീട്ട് ചിറ്റൂർ ടൗണിൽ ബൈക്ക് റാലി നടത്തി സ്ഥാനാർഥിക്കൊപ്പം ബി.ജെ.പി നേതാക്കളായ നരേന്ദ്രവർമ, ഭാസ്കരൻ, പ്രസാദ്, മുരളീധര ദാസ്, പ്രവീൺ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.