പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന് പരാതി; മറുപടി നൽകാതെ തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്ക് നിയോഗിച്ച സർക്കാർ ജീവനക്കാർക്ക് തപാൽ ബാലറ്റുകൾ വ്യാപകമായി നിഷേധിച്ചെന്ന് പരാതി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പരാതി ലഭിച്ചിട്ടും വ്യക്തമായ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായിട്ടില്ല.
വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായിരിക്കുകയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ. കോട്ടയം ജില്ലയിൽ നിരവധി അധ്യാപകർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിശീലന ക്ലാസിനോടനുബന്ധിച്ചാണ് ഇവരിൽനിന്ന് തപാൽ വോട്ടിന് അപേക്ഷ സ്വീകരിച്ചത്. തുടർന്ന് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് അധ്യാപകർ അടക്കമുള്ളവർ പറയുന്നു. കോട്ടയം ജില്ലയിൽ ഇത് സംബന്ധിച്ച പരാതികളൊന്നും കിട്ടിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ നൽകുന്ന മറുപടി.
പ്രധാനമായും വനിത ജീവനക്കാർക്കാണ് ബാലറ്റ് നിഷേധിച്ചതെന്നും അവർ പരാതി നൽകാൻ വിമുഖത കാണിക്കുന്നുണ്ടെന്നുമാണ് ഇതിന് ജീവനക്കാരുടെ സംഘടന നേതാക്കൾ പറയുന്നത്. അതേസമയം, കോഴിക്കോട് ജില്ലയിൽനിന്നും മറ്റും വ്യാപകമായ പരാതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട്. പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുപ്പ് ക്ലാസിൽ പങ്കെടുത്ത് അപേക്ഷ നൽകിയവരാണ് പരാതിയുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് കമീഷനു പുറമെ ജില്ല കലക്ടർ, മനുഷ്യാവകാശ കമീഷൻ എന്നിവർക്കും പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടില്ലെന്ന് പരാതിക്കാർ പറയുന്നു. റിട്ടേണിങ് ഓഫിസറോട് അന്വേഷിക്കുേമ്പാൾ അപേക്ഷ തള്ളിയെന്ന വാക്കാലുള്ള മറുപടി മാത്രമാണ് ലഭിക്കുന്നത്. ഇക്കാര്യം രേഖാമൂലം നൽകുന്നില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. പോസ്റ്റൽ വോട്ടുകളുടെ വിതരണവും പോളിങ്ങും സുതാര്യമായല്ല നടന്നതെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോളിങ് ഏജൻറുമാരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
അത്യാവശ്യ സർവിസിൽ ഏർപ്പെട്ടവർ, പ്രായമായവർ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കൊക്കെ വോട്ട്ചെയ്യാൻ പ്രത്യേക കേന്ദ്രങ്ങൾ തുറന്നിരുന്നുവെങ്കിലും ആരൊക്കെ എവിടെ വോട്ടുചെയ്യുന്നു എന്ന പട്ടിക പോലും ലഭ്യമാക്കിയിരുന്നില്ലെന്നാണ് അവരുടെ ആരോപണം. ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുേമ്പാൾ കൈമലർത്തുകയാണ് റിട്ടേണിങ് ഓഫിസർമാർ.
തപാൽ വോട്ടിന് അപേക്ഷ നൽകിയവർ, ബാലറ്റ് കൈപ്പറ്റിയവർ, വോട്ട് ചെയ്തവർ എന്നീ കണക്കുകൾ പുറത്തുവിടണമെന്ന് പരാതിക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യമുന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.