'തുടർച്ചയായി അവഗണിച്ചു; എന്‍റെ അയോഗ്യതയെന്തെന്ന് കോൺഗ്രസ് വ്യക്തമാക്കണം' -എ.വി. ഗോപിനാഥ്
text_fieldsപാലക്കാട്: കോൺഗ്രസ് പാർട്ടിയിൽ നിന്ന് തനിക്ക് നിരന്തരം അവഗണനയാണ് ലഭിക്കുന്നതെന്നും രാഷ്ട്രീയ ശത്രുക്കൾക്കില്ലാത്ത ശത്രുതയാണ് പാർട്ടി കാണിക്കുന്നതെന്നും മുൻ പാലക്കാട് ഡി.സി.സി പ്രസിഡന്‍റും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ്. എന്‍റെ അയോഗ്യതയെന്തെന്ന് പാർട്ടി വ്യക്തമാക്കണം. കോൺഗ്രസ് നേതാക്കൾ തന്നെ ബന്ധപ്പെട്ടിട്ട് കാലങ്ങളായി. പാർട്ടി അവഗണിച്ചാലും തനിക്ക് പൊതുപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ട് ഷാഫി പറമ്പിലിനെതിരെ സി.പി.എം പിന്തുണയോടെ എ.വി. ഗോപിനാഥ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം.
താൻ കറകളഞ്ഞ കോൺഗ്രസുകാരനാണെന്ന് എ.വി. ഗോപിനാഥ് പറഞ്ഞു. കഴിഞ്ഞ കുറേ കാലങ്ങളായി തന്നെ ഒതുക്കുകയാണ്. കോൺഗ്രസ് ഉപേക്ഷിച്ചാലും പൊതുപ്രവർത്തനം തുടരണം. എന്ത് തെറ്റാണ് ചെയ്തതെന്ന് കോൺഗ്രസ് വ്യക്തമാക്കണം.
താൻ പാലക്കാടുനിന്നും നെന്മാറയിൽ നിന്നും മത്സരിച്ച് തോറ്റു. അവിടെ എന്താ തോറ്റതെന്ന് പാർട്ടി പരിശോധിച്ചില്ല. പാർട്ടിയിൽ ചിലർക്ക് വേറെ ഭരണഘടനയാണ്.
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വരെ താൻ കോൺഗ്രസുകാരനാണ്. ഇപ്പോഴും കോൺഗ്രസുകാരനാണ്. ഇനിയുള്ള നീക്കം പാർട്ടിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും.
ഷാഫി പറമ്പിലുമായി തനിക്ക് ഒരു ശത്രുതയുമില്ല. കോൺഗ്രസ് ഉപേക്ഷിച്ചാൽ തനിക്ക് ആശയപരമായി യോജിക്കാൻ കഴിയുന്ന കക്ഷികളുമായി സഹകരിക്കും. മുഖ്യമന്ത്രിയുമായും മന്ത്രി എ.കെ. ബാലനുമായും തനിക്ക് നല്ല ബന്ധമുണ്ട്. അവർ വിളിക്കാറുണ്ട്. എന്നാൽ കോൺഗ്രസ് നേതാക്കൾ വിളിക്കാറില്ല.
കോൺഗ്രസിൽ ഇല്ലാതായാലും താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കില്ല. സി.പി.എമ്മിലോ ബി.ജെ.പിയിലേക്കോ എന്നൊന്നും ആലോചിച്ചിട്ടില്ല. എന്നാൽ, തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ സജീവമായി ഉണ്ടാകും. കേരളത്തിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തിയത് കോൺഗ്രസിന്‍റെ ദുർബലതയാണെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.