എലത്തൂരിൽ വൈകിയെത്തിയ പോര്
text_fieldsകോഴിക്കോട്: എലത്തൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടം കോരപ്പുഴയിൽ ഓണക്കാലത്ത് നടത്തുന്ന വള്ളംകളിയാണെന്ന് സങ്കൽപിക്കുക.
എൽ.ഡി.എഫ് ഒരു വള്ളപ്പാട് മുന്നിൽ തുഴഞ്ഞു മുന്നേറിയപ്പോഴാണ് യു.ഡി.എഫിന്റെ തോണി ആര് തുഴയണമെന്ന കാര്യത്തിൽ തീരുമാനമായത്. അൽപം വൈകിയെങ്കിലും ആഞ്ഞുതുഴഞ്ഞ് ഒപ്പമെത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. തോണി മുക്കാൻ സ്വന്തം പാളയത്തിലുള്ളവർ ചിലർതന്നെ ശ്രമം തുടരുന്നുമുണ്ട്.
ഉറച്ച മണ്ഡലത്തിൽ നെഗറ്റിവുകൾ ഏറെയുണ്ടെങ്കിലും എൽ.ഡി.എഫ് സ്ഥാനാർഥി എ.കെ. ശശീന്ദ്രൻ പൂർണ ആത്മവിശ്വാസത്തിലാണ്. വൈകിയെത്തിയ നാഷനലിസ്റ്റ് കോൺഗ്രസ് കേരളയുടെ (എൻ.സി.കെ) യു.ഡി.എഫ് സ്ഥാനാർഥി സുൽഫിക്കർ മയൂരി എതിരാളിക്കൊപ്പമെത്താനുള്ള കഠിനശ്രമത്തിലാണ്.
റിട്ട. അധ്യാപകനെന്ന നിലയിലും മുമ്പ് കൊടുവള്ളി മണ്ഡലത്തിലെ സ്ഥാനാർഥിയെന്ന പരിചയവും ബി.ജെ.പി സ്ഥാനാർഥി ടി.പി. ജയചന്ദ്രന് ഗുണകരമാകും. 25,000ലേറെ ഉറച്ചവോട്ടുകളുള്ള ബി.ജെ.പിക്ക് എലത്തൂരിൽ അടിയൊഴുക്കും ഓളവും സൃഷ്ടിക്കാനുള്ള കരുത്തുണ്ട്. യു.ഡി.എഫിലെ പടലപ്പിണക്കത്തിലാണ് പാർട്ടിയുടെ കണ്ണ്.
അധികാരമേറ്റ് 10 മാസത്തിനകം ഫോൺവിളി വിവാദത്തിൽ കുരുങ്ങി രാജിവെക്കേണ്ടിവന്ന മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയിട്ടും തീരെ തിളങ്ങാനായില്ലെന്ന അഭിപ്രായം പലയിടത്തുമുണ്ട്. െക.എസ്.ആർ.ടി.സിയെ കൂടുതൽ കുഴപ്പത്തിലാക്കിയ മന്ത്രിക്ക് സ്വന്തം മണ്ഡലത്തിലെ പ്രധാന റോഡുകൾപോലും മിനുക്കിയെടുക്കാൻ കഴിഞ്ഞില്ലെന്നും വിമർശനമുയരുന്നു.
എന്നാൽ, എൻ.സി.പിക്ക് സീറ്റ് നൽകുന്നതിൽ മനസ്സിനുള്ളിൽ മാത്രം മുറുമുറുപ്പുള്ള സി.പി.എം പ്രവർത്തകരുടെ പിന്തുണയിൽ വിജയം എളുപ്പമാകുമെന്നാണ് സ്ഥാനാർഥിയുടെ ക്യാമ്പിെൻറ പ്രതീക്ഷ. കോരപ്പുഴ പാലം നവീകരണമുൾപ്പെടെ ചെയ്തുകാണിച്ച വികസനങ്ങളേറെയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എൻ.സി.പിക്ക് എലത്തൂരിൽ അവസാന മത്സരമാകുമെന്നാണ് സി.പി.എമ്മിെൻറ പ്രതീക്ഷ. അടുത്തവട്ടം ചുറ്റിക അരിവാൾ നക്ഷത്രത്തിൽ വോട്ട് ചെയ്യാനാണ് അവർക്ക് പൂതി. കോഴിക്കോട് കോർപറേഷനിലെ ആറ് ഡിവിഷനുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് എലത്തൂർ നിയമസഭ മണ്ഡലം. ചേളന്നൂർ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ എൽ.ഡി.എഫിനാണ് ഭരണം. കോർപറേഷനിൽ ആറിൽ അഞ്ച് ഡിവിഷനുകളും എൽ.ഡി.എഫിെൻറ ൈകയിലാണ്.
എൽ.ഡി.എഫിെൻറ 29,070 വോട്ടെന്ന 2016ലെ ഭീമൻ ഭൂരിപക്ഷം നികത്തി 103 വോട്ടിെൻറ ലീഡ് ലോക്സഭ തെരഞ്ഞെടുപ്പിൽ എലത്തൂരിൽ യു.ഡി.എഫ് സ്വന്തമാക്കിയിരുന്നു. ആ നേട്ടം കൈവരിച്ച എം.കെ. രാഘവൻ എം.പിയുടെ അഭിപ്രായം പോലും പരിഗണിക്കാതെ പുതിയ ഘടകകക്ഷിക്ക് സീറ്റ് നൽകിയതിൽ താഴേത്തട്ടിലെ കോൺഗ്രസ് പ്രവർത്തകർക്ക് അമർഷം ബാക്കിയാണ്.
എ.കെ. ശശീന്ദ്രൻ (എൽ.ഡി.എഫ്)
സ്ഥാനാർഥിപര്യടനം ഒരുവട്ടം കൂടിയുണ്ട്. എല്ലായിടത്തും ആവേശകരമായ പ്രചാരണവും സ്വീകരണവുമാണ്. ഇടതുപക്ഷത്തെ ദേശീയ നേതാക്കളുടെ സാന്നിധ്യവും മണ്ഡലത്തിലുണ്ട്. യു.ഡി.എഫിലെ തർക്കങ്ങൾ 'അഡീഷനൽ പ്ലസാ'ണ്. ഉറപ്പാണ് എലത്തൂരിലെ ജയം.
സുൽഫിക്കർ മയൂരി (യു.ഡി.എഫ് സ്വതന്ത്രൻ)
രണ്ടുവട്ടം ജയിച്ചിട്ടും വികസന പ്രവർത്തനമൊന്നും നടത്താത്ത എതിർ സ്ഥാനാർഥി മത്സരത്തിൽനിന്ന് പിന്മാറി ജനങ്ങളോട് മാപ്പ് പറയണം. ഗതാഗത മന്ത്രിക്ക് റോഡുകൾപോലും നന്നാക്കാനായില്ല. ഇടതുമുന്നണി പ്രവർത്തകർതന്നെ ഇക്കാര്യം സമ്മതിക്കുന്നു. മണ്ഡലത്തിൽ പ്രകടനപത്രികയിൽ പറഞ്ഞതൊന്നും നടപ്പായിട്ടില്ല.
ടി.പി. ജയചന്ദ്രൻ (എൻ.ഡി.എ )
ഇടത്, വലത് മുന്നണികളിലെ സ്ഥാനാർഥികൾക്കെതിരായ വികാരം അനുകൂലമാകും. നിലവിലെ ജനപ്രതിനിധി മണ്ഡലത്തിനായി ഒന്നും ചെയ്തിരുന്നില്ല. കുടിവെള്ളത്തിനായി ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഗതാഗതപ്രശ്നവും രൂക്ഷമാണ്. യു.ഡി.എഫിൽനിന്നും എൽ.ഡി.എഫിൽനിന്നും വോട്ടുകൾ ബി.ജെ.പിക്ക് കിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.