വാട്സ്ആപ്പിലെ പോരല്ലേ പോര്
text_fieldsരാഷ്ട്രീയം പറഞ്ഞാൽ അഡ്മിൻ കണ്ണുരുട്ടുമെന്ന് ഭയന്ന് മിണ്ടാപ്പൂച്ചകളായിരുന്ന സിംഹങ്ങളെല്ലാം ഇപ്പോൾ ഗ്രൂപ്പുകളിൽ സജീവമാണ്. തെരഞ്ഞെടുപ്പല്ലേ, അൽപം രാഷ്ട്രീയമൊക്കെ ആയിക്കോട്ടെ എന്ന് കരുതി നിയന്ത്രണത്തിൽ അയവുവരുത്തിയ അഡ്മിൻമാരെല്ലാം തലയിൽ കൈവെച്ചിരിപ്പാണ്.
കൊച്ചി: കവലപ്രസംഗങ്ങളും വാഹന പ്രചാരണവുമൊക്കെ എന്ത്? തെരഞ്ഞെടുപ്പിെൻറ ചൂടറിയണമെങ്കിൽ നാട്ടിൻപുറങ്ങളിലെ വാട്സ്ആപ് ഗ്രൂപ്പുകളിലേക്കിറങ്ങി ചെല്ലണം. ആനുകാലിക വിവാദങ്ങളും രാഷ്ട്രീയ വിഷയങ്ങളും വാരിയിട്ടലക്കുകയാണവിടെ. ഇടതിനെ തുണച്ച് ഒരു ചേരി. വലതിനെ തുണച്ച് മറ്റൊന്ന്. എൻ.ഡി.എക്കാർ വേറെ. മറ്റ് പാർട്ടിക്കാരും ഒന്നിനും പിന്നിലല്ല. വെല്ലുവിളിയും മറുപടികളുമായി െകാഴുക്കുകയാണ് വാട്സ്ആപ് രാഷ്ട്രീയ പോര്.
രാഷ്ട്രീയം പറഞ്ഞാൽ അഡ്മിൻ കണ്ണുരുട്ടുമെന്ന് ഭയന്ന് മിണ്ടാപ്പൂച്ചകളായിരുന്ന സിംഹങ്ങളെല്ലാം ഇപ്പോ ൾ ഗ്രൂപ്പുകളിൽ സജീവമാണ്. തെരഞ്ഞെടുപ്പല്ലേ, അൽപം രാഷ്ട്രീയമൊക്കെ ആയിക്കോട്ടെ എന്ന് കരുതി നിയന്ത്രണത്തിൽ അയവുവരുത്തിയ അഡ്മിൻമാരെല്ലാം തലയിൽ കൈവെച്ചിരിപ്പാണ്.
പ്രളയത്തിലെ സർക്കാർ സഹായംപോലെ തന്നെ പ്രളയ ഫണ്ട് തട്ടിപ്പും വാട്സ്ആപ് ഗ്രൂപ്പുകളിൽ ചർച്ചയാണ്. നിപ്പയും കൊറോണയും നിയന്ത്രിച്ച കേരള മോഡൽ ഒരു കൂട്ടർ ഉയർത്തിക്കാട്ടുേമ്പാൾ സ്പ്രിൻഗ്ലർ കരാറും ഓഖി ചുഴലിക്കാറ്റിലെ സർക്കാറിെൻറ നിഷേധ സമീപനവും ഉയർത്തിയാണ് മറ്റൊരു കൂട്ടരുടെ പ്രതിരോധം. കോവിഡ്കാലത്തെ കിറ്റും പെൻഷനും സംബന്ധിച്ച അവകാശവാദം നേരിടുന്നത് ആഴക്കടൽ മത്സ്യബന്ധനക്കരാറും സ്വർണക്കടത്തും പറഞ്ഞാണ്.
സ്വപ്നയും ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസും ചർച്ച െചയ്യുേമ്പാൾ സരിതയും ജോപ്പനും അന്നത്തെ മുഖ്യമന്ത്രിയും ചർച്ചയിലെത്തും. ഭരണത്തുടർച്ചയും സർവേ ഫലങ്ങളും ചർച്ചയാകുേമ്പാൾ കാലങ്ങളോളം ഭരണത്തുടർച്ചയുണ്ടായിരുന്ന സംസ്ഥാനങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം. ഉരുളക്കുപ്പേരി കണക്കേ കൊണ്ടും കൊടുത്തും യഥാർഥ രാഷ്ട്രീയപ്പോര് മുറുകുകയാണ് വാട്സ്ആപ് ഗ്രൂപ്പുകളിൽ.
രാഷ്ട്രീയമില്ലാതെ സൗഹൃദം മാത്രം നിലനിന്നിരുന്ന ഗ്രൂപ്പുകളിൽ രാഷ്ട്രീയം കടന്നു വന്നതോടെ അംഗങ്ങൾ രണ്ടും മൂന്നും തട്ടായി തിരിഞ്ഞ് ശത്രുക്കളെപ്പോലെ പെരുമാറുന്നതായി ചില ഗ്രൂപ് അഡ്മിൻമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
ക്ലാസ്മേറ്റ്സ് ഗ്രൂപ്പുകൾപോലും ഇതിൽനിന്ന് ഭിന്നമല്ല. രാഷ്ട്രീയ ചർച്ചകളിൽ താൽപര്യമില്ലാത്ത ഒരു വലിയ വിഭാഗമാണ് ഈ അതിപ്രസരത്തിൽ വെട്ടിലായത്. തെരഞ്ഞെടുപ്പ് കഴിയുംവരെ പരസ്പരമുള്ള ഇൗ പോർവിളി സഹിക്കാനാവാതെ ഗ്രൂപ് വിട്ടവർ ഏറെ. രാഷ്്്ട്രീയ നിരോധനം നിലനിൽക്കുന്ന ചില ഗ്രൂപ്പുകളിൽ രാഷ്ട്രീയ ചർച്ച പരിധി വിട്ടതോടെ ആ ഗ്രൂപ്പിലെ രാഷ്ട്രീയക്കാർക്കുവേണ്ടി പ്രത്യേക ഗ്രൂപ്പുണ്ടാക്കിയാണ് ചില അഡ്മിൻമാർ തലയൂരിയത്്.
രാഷ്ട്രീയ ചർച്ചയുടെ പേരിൽ അസഭ്യവർഷങ്ങളും വ്യക്തിവൈരാഗ്യത്തിലേക്ക് വളരുന്ന വാചക പ്രയോഗങ്ങളും ചിലപ്പോൾ പരിധി വിടുന്നതായി ചില വാട്സ്ആപ് ഗ്രൂപ് അഡ്മിൻമാർ ചൂണ്ടിക്കാട്ടി. സഭ്യതയുടെ അതിർവരമ്പ് വിടുന്നവരെ തൽക്കാലം പുറത്താക്കലല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഇവരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.