പരിചയം പുതുക്കിയും അനുഗ്രഹംതേടിയും ബാബു ദിവാകരൻ; തട്ടകം ഉറപ്പിക്കാൻ വിശ്രമമില്ലാതെ നൗഷാദ്
text_fieldsഇരവിപുരം: മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചിട്ടുള്ള ഇരവിപുരത്തെ ഇടതുമുന്നണി സ്ഥാനാർഥി എം. നൗഷാദ് മണ്ഡലത്തിലെ നിലവിലെ എം.എൽ.എയാണ്.
വ്യാഴാഴ്ച രാവിലെ പുന്തലത്താഴം ജങ്ഷനിൽനിന്നായിരുന്നു പ്രചാരണത്തിന് തുടക്കമിട്ടത്. സംസ്ഥാന പാതക്കിരുവശവുമുള്ള കടകളിൽ കയറി പതിവുശൈലിയിൽ വോട്ടഭ്യർഥന. കടകളിൽ കയറും മുമ്പുതന്നെ പല സ്ഥലത്തുനിന്നും പരിചയപ്പെടുത്തേണ്ട, ഞങ്ങൾക്ക് നൗഷാദിനെ അറിയാം എന്നു പറയുന്നത് കേൾക്കാമായിരുന്നു.
കുറേ ദിവസമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ യാതൊരു ക്ഷീണവും നൗഷാദിെൻറ മുഖത്തില്ലായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രവർത്തകരെ പിന്നിലാക്കി വളരെ വേഗത്തിലായിരുന്നു നൗഷാദിെൻറ സഞ്ചാരം. പുന്തലത്താഴത്തുനിന്ന് രണ്ടാം നമ്പർ ജങ്ഷനിൽ എത്തിയപ്പോൾ ജങ്ഷനടുത്തുള്ള 410ാം നമ്പർ റേഷൻ കടയിലെത്തി റേഷൻ വാങ്ങാനെത്തിയ വീട്ടമ്മമാരോട് കുശലാന്വേഷണവും വോട്ടഭ്യർഥനയും. വീണ്ടും മുന്നോട്ട് നീങ്ങുമ്പോൾ ലോട്ടറി വിൽപന നടത്തുന്ന മാടൻനട സ്വദേശിയായ എഴുപത്തിനാലുകാരി ചന്ദ്രിക നൗഷാദിനടുത്തെത്തി തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.
വീണ്ടും മുന്നോട്ടുപോയപ്പോൾ ഒരു യുവാവ് കരിക്കുമായി അടുത്തെത്തി. അയത്തിൽ വാഴയിൽ ജങ്ഷനിലുള്ള സ്റ്റുഡിയോയിൽ കയറി ഫോട്ടോ എടുക്കാനെത്തിയവരെ സ്വയം പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾതന്നെ സ്റ്റുഡിയോയിലുണ്ടായിരുന്നവരുടെ മറുപടി വന്നു; ഞങ്ങളുടെ നൗഷാദിനെ ഞങ്ങൾക്കറിയില്ലേ.
തെൻറ പഴയ തട്ടകവും ജന്മനാടുമായ വടക്കേവിളയിൽ പഞ്ചായത്ത് മെംബറായും വൈസ് പ്രസിഡൻറായും കോർപറേഷൻ കൗൺസിലർ, ഡെപ്യൂട്ടി മേയർ എന്നീ നിലയിലുള്ള പ്രവർത്തനവും കഴിഞ്ഞ അഞ്ചുവർഷത്തെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളും ജനമനസ്സുകളിലുണ്ടെന്നാണ് നൗഷാദ് പറയുന്നത്. വോട്ടഭ്യർഥന നടത്തുന്നതിനിടെ ഒരാൾക്ക് മുഖ്യമന്ത്രിയുടെ ചിത്രവും പാർട്ടി ചിഹ്നവും പതിച്ച മാസ്ക്ക് െവച്ചുകൊടുത്തു.
അദ്ദേഹത്തെകണ്ട് ഒാട്ടോകളിലും ബസുകളിലും യാത്ര ചെയ്തവർ കൈയുയർത്തി അഭിവാദ്യം അർപ്പിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ തനിക്ക് വോട്ടായി മാറുമെന്നും വിജയം സുനിശ്ചിതമാണെന്നുമാണ് നൗഷാദ് പറയുന്നത്.
ഇരവിപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഇരവിപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ബാബു ദിവാകരൻ. ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് അദ്ദേഹം. വോട്ട് ചോദിച്ചെത്തുന്നിടത്ത് തന്നെ പരിചയപ്പെടുത്തുന്നതിന് മുമ്പുതന്നെ വോട്ടർമാർക്കിടയിൽനിന്ന് അഭിപ്രായം വരും. ടി.കെ. ദിവാകരൻ സാറിെൻറ മകനല്ലെ.
ഞങ്ങളെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എങ്കിലും തെൻറ ചിഹ്നവും പേരും പറഞ്ഞ് വോട്ട് ചോദിച്ചിട്ടാണ് ഓരോ കേന്ദ്രത്തിൽനിന്നും മടങ്ങുന്നത്. ദുർഭരണത്തിനെതിരെ തനിക്കൊരു വോട്ട് ചെയ്യണമെന്നാണ് പ്രധാന അഭ്യർഥന. വെള്ളിയാഴ്ച രാവിലെ പട്ടത്താനത്തുനിന്നായിരുന്നു പ്രചാരണത്തിന് തുടക്കമിട്ടത്.
വടക്കേവിള, പാട്ടത്തിൽകാവ് ഭാഗങ്ങളിലെ വീടുകളിൽ കയറി വോട്ട് ചോദിച്ചശേഷം മൂന്ന് മരണവീടുകളിൽ സന്ദർശനം. മാതാപിതാക്കളുടെ സ്ഥലം വടക്കേവിളയിലായതിനാൽ ഒട്ടുമിക്ക കുടുംബങ്ങൾക്കും ബാബു ദിവാകരനെ നേരിട്ടറിയാം. തുടർന്ന് പഴയ കൊല്ലം മണ്ഡലത്തിൽപെട്ട പ്രദേശങ്ങളിലായിരുന്നു വോട്ടഭ്യർഥന. ഉച്ചയോടെ രണ്ടാം കുറ്റിയ്ക്കടുത്തുള്ള കിളികൊല്ലൂർ വലിയപള്ളിയിൽ നമസ്കാരത്തിനെത്തിയവരോട് വോട്ട് ചോദിക്കാനുള്ള യാത്രക്കിടയിൽ എഴുപത്തിരണ്ടുകാരിയും മുൻ കശുവണ്ടി തൊഴിലാളിയുമായ രമ സ്ഥാനാർഥിയെ പേരെടുത്ത് വിളിച്ച് കുശലാന്വേഷണം നടത്തി.
കിളികൊല്ലൂർ പള്ളിയിൽ ജുമാ നമസ്കാരത്തിനെത്തിയവരോട് വോട്ട് ചോദിച്ചശേഷം സിയാറത്തുംമൂട് പള്ളിയിൽ നമസ്കാരം കഴിഞ്ഞിറങ്ങിയവരോട് വോട്ട് തേടൽ. നമസ്കാരം കഴിഞ്ഞിറങ്ങിയ പലരുമായും പരിചയം പുതുക്കി വോട്ട് ചോദിച്ചശേഷം തില്ലേരി പള്ളിയിലും പള്ളിയുടെ പരിസരത്തെ വീടുകളിലും വോട്ട് ചോദിച്ചശേഷം വെടിക്കുന്ന് കോളനി ഭാഗത്ത് വീടുകളിൽ സന്ദർശനം നടത്തി.
വൈകീട്ടോടെ മേവറത്തെ സെൻട്രൽ കമ്മിറ്റി ഓഫിസിൽ ബൂത്ത് പ്രസിഡൻറുമാരുടെ യോഗത്തിൽ പങ്കെടുത്തശേഷം വീണ്ടും ഭവനസന്ദർശനം. തീരദേശത്തും സൂനാമി ഫ്ലാറ്റിലും സന്ദർശനം നടത്തിയ തനിക്ക് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും മൂന്നുതവണ എം.എൽ.എയും ഒരുതവണ മന്ത്രിയുമായിരുന്ന തെൻറ പ്രവർത്തനങ്ങൾ തനിക്ക് വോട്ടായി മാറുമെന്നും ബാബു ദിവാകരൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.