പാലം അഴിമതി, ആഴക്കടൽ, അരി, ഇരട്ടവോട്ട്; പോരാട്ടം ഹൈവോൾട്ടിൽ
text_fieldsകൊച്ചി: പാലാരിവട്ടം പാലമാണ് ജില്ലയിൽനിന്ന് ഉയർന്ന പ്രധാന രാഷ്ട്രീയ പ്രചാരണ വിഷയമെങ്കിലും തെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചതോടെ ഒരുപിടി രാഷ്ട്രീയ ആരോപണങ്ങളിലേക്കും ഏറ്റുമുട്ടലുകളിലേക്കും കൂടി വഴിമാറി. ദേശീയനേതാക്കളും സംസ്ഥാന നേതാക്കളും എത്തിയതോടെ തെരഞ്ഞെടുപ്പ് പോരാട്ടം ഹൈവോൾട്ടിൽ കത്തുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിവിട്ട ഇരട്ടവോട്ട് ആരോപണം ജില്ലയിലും ചർച്ചയാണ്. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ ഇരട്ടവോട്ട് ആരോപണം ഉയർത്തി ഹൈബി ഈഡൻ എം.പിയാണ് രംഗത്തെത്തിയത്.
എൽദോസ് കുന്നപ്പിള്ളിയും ആരോപണമുന്നയിച്ചെങ്കിലും അദ്ദേഹത്തിനും ഭാര്യക്കും രണ്ടിടത്ത് വോട്ടുള്ളത് എതിർ പ്രചാരണായുധമായി മാറി. ജില്ലയിലെത്തിയ കോൺഗ്രസ് ദേശീയനേതാക്കൾവരെ രാഷ്ട്രീയ ആയുധമാക്കിയത് ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദമാണ്. തീരദേശത്തെ പര്യടനത്തിൽ ഇത് സംസ്ഥാന നേതാക്കൾ ആവർത്തിച്ചു. ശനിയാഴ്ച പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തീരദേശ പര്യടനത്തിനിടെതന്നെ ഇതിന് മറുപടി നൽകി.
സൗജന്യക്കിറ്റിന് തെരഞ്ഞെടുപ്പ് കമീഷൻ സ്റ്റേ വന്നതാണ് ഒടുവിലെ പ്രചാരണ വിഷയം. ദേശീയ-സംസ്ഥാന നേതാക്കളുടെ പര്യടനം ഉഷാറായതോടെ തെരഞ്ഞെടുപ്പുരംഗവും ചൂടേറുകയാണ്. ജില്ലയിലെ ഭൂരിഭാഗം സ്ഥാനാർഥികളും ആദ്യ റൗണ്ട് പ്രചാരണം പൂർത്തിയാക്കി. സ്വീകരണ സ്ഥലങ്ങളിലെല്ലാം പരമാവധി ആളെ കൂട്ടാൻ ശ്രമിക്കുന്നുണ്ട്. മൈക്ക് അനൗൺസ്മെൻറുകൾ അടുത്തയാഴ്ചയോടെ കൂടുതൽ സജീവമാകും. ഞായറാഴ്ച കുടുംബ സന്ദർശനങ്ങളാണ് സ്ഥാനാർഥികൾ ഒരുക്കിയിരിക്കുന്നത്. ബി.ജെ.പി അവരുടെ മഹാസമ്പർക്ക ദിവസമായാണ് ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തകർ പ്രചാരണത്തിനിറങ്ങും. പരസ്യപ്രചരണത്തിന് എട്ട് ദിവസം മാത്രമാണ് ഇനിശേഷിക്കുന്നത്. പ്രചാരണം ശക്തിയേറിയതോടെ മിക്ക മണ്ഡലത്തിലും ഫലം പ്രവചനാതീതമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.