കടൽക്കാറ്റിൽ തെരഞ്ഞെടുപ്പ് ചൂടേറെയാണ്
text_fieldsചാവക്കാട്: വേനൽച്ചൂടിെൻറ കാഠിന്യം വകവെക്കാതെ ഗുരുവായൂരിൽ എൽ.ഡി.എഫും യു.ഡി.എഫും പൊരിഞ്ഞ പോരാട്ടത്തിലാണ്. ജയപരാജയം ഗുരുവായൂരിലെ വോട്ടർമാർ മാത്രമല്ല, ജില്ലയും സംസ്ഥാനവും ആകാംക്ഷയോടെ നോക്കിക്കാണുന്ന മണ്ഡലമാണ് ഗുരുവായൂർ.
അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമാക്കിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി എൻ.കെ. അക്ബറും യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറും ഓരോ ചുവടും മണ്ണിലുറപ്പിക്കുന്നത്.
എൻ.കെ. അക്ബർ (എൽ.ഡി.എഫ്)
അക്ബറിെൻറ പ്രസംഗം മൂന്ന് മിനിറ്റിൽ കൂടുന്നില്ല. എത്താവുന്നിടത്തെ വോട്ടർമാരെ പരമാവധി നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്നതാണ് അദ്ദേഹത്തിെൻറ രീതി. പുന്നയൂർ പഞ്ചായത്തിലെ അകലാട് കാട്ടിലെ പള്ളി പരിസരത്തുനിന്നാണ് അക്ബറിെൻറ പര്യടന തുടക്കം.
എൽ.സി സെക്രട്ടറി ഫസലുദ്ദീൻ ഉൾെപ്പടെ പ്രാദേശിക നേതാക്കളും പ്രവർത്തകരും അകമ്പടിയായുണ്ട്. സ്ഥാനാർഥികളുടെ കൂടെ സ്ഥിരമായുള്ള ടി.ടി. ശിവദാസൻ, അഡ്വ. പി. മുഹമ്മദ് ബഷീർ, പി.കെ. സെയ്താലിക്കുട്ടി, മായാ മോഹനൻ തുടങ്ങിയവർ ഒരു വാഹനത്തിൽ വേറെയും അനുഗമിക്കുന്നു. 15 മിനിറ്റ് ഇടവിട്ടാണ് ഓരോ സ്വീകരണ സ്ഥലവും. ദേശീയ പാതയിലൂടെ നാലാം കല്ലും പഞ്ചവടി സെൻററും തെക്കേ മദ്റസയും പൂർത്തിയാക്കി പുന്നയൂർ പഞ്ചായത്തിെൻറ അതിർത്തിയും കടന്ന് ചാവക്കാട് നഗരസഭ പരിധിയിലെ അയോധ്യ നഗറിൽ.
അവിടേയും ചുരുങ്ങിയ വാക്കുകൾ മാത്രം സ്ഥാനാർഥിയുടേതായി. ''എനിക്കു മുമ്പേ ഈ നാട്ടുകാരായ പി.ടി. കുഞ്ഞു മുഹമ്മദിനേയും കെ.വി. അബ്ദുൽ ഖാദറിനേയും ജയിപ്പിച്ചവരാണ് നിങ്ങൾ. അവരുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കണം'' - അക്ബർ വിശദീകരിച്ചു. എല്ലായിടത്തും പടക്കം പൊട്ടിച്ചും മാലയിട്ടുമാണ് അക്ബറിനെ പാർട്ടി പ്രവർത്തകർ സ്വീകരിക്കുന്നത്.
തിരുവത്ര പുതിയറയിലെ പ്രസംഗത്തിനു ശേഷം അൽപമകലെ മുച്ചക്ര വാഹനത്തിൽ നിന്ന് ഇറങ്ങി മാലയിട്ട് സ്വീകരിക്കാനാവാത്ത കോട്ടപ്പുറം സ്വദേശി ചാലിൽ റഷീദയും ഭർത്താവും. സംഘാടകരിലൊരാളാണ് മുന്നോട്ട് നടക്കാൻ തുടങ്ങിയ സ്ഥാനാർഥിക്ക് റഷീദയെ കാണിച്ചുകൊടുത്തത്. ഇടക്ക് നഗരസഭ പരിസരത്ത് ചെറിയ തട്ടുകടയിൽ ചായ വിറ്റിരുന്ന റഷീദയെ അന്നത്തെ 'നഗരസഭ ചെയർമാന്' നേരത്തേ പരിചയമുണ്ട്. ഭാര്യയും ഭർത്താവും ഭിന്നശേഷിക്കാരാണ്.
ചാവക്കാട്ടെ കച്ചവടക്കാലത്ത് റഷീദയെ സഹോദരനാണ് വാഹനത്തിൽ എത്തിച്ചിരുന്നത്. ഇപ്പോൾ ഒരു മുച്ചക്ര വാഹനമുണ്ട്. അത് നഗരസഭയിൽ നിന്ന് ലഭിച്ചതാണ്. റഷീദക്ക് സ്വയം ഓടിച്ചു യാത്ര ചെയ്യാം. ആ നന്ദിസ്മരണയുടെ ഭാഗം കൂടിയാണ് റഷീദ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ആലേഖനം ചെയ്ത മാസ്ക്കുമണിഞ്ഞ് സ്വീകരിക്കാനെത്തിയതിനു കാരണവും.
ഇനി പുന്ന വഴി ആലുംപടിയും ആശുപത്രി പടിയും വഞ്ചിക്കടവും താണ്ടി നഗരസഭ ബസ്സ്റ്റാൻഡ് പരിസരത്തേക്ക്. കൃത്യം 11.15ന് അവിടെ എത്തിക്കഴിഞ്ഞാൽ വിശ്രമമാണ്. അതുകഴിഞ്ഞാൽ മൂന്നിന് പാലയൂരിൽ നിന്ന് വീണ്ടും.
കെ.എൻ.എ. ഖാദർ (യു.ഡി.എഫ്)
യു.ഡി.എഫ് സ്ഥാനാർഥിക്ക് ഏറെ പറയാനും ചോദിക്കാനുമുണ്ട്. ചാവക്കാടിന് നഷ്ടമായ 15 'നഷ്ടവർഷ'ങ്ങളെക്കുറിച്ചാണ് സ്ഥാനാർഥി കെ.എൻ.എ ഖാദർ വാചാലനാകുന്നത്. കടപ്പുറം പഞ്ചായത്തിലെ വടക്കേക്കാടു നിന്നാണ് കെ.എൻ.എ. ഖാദറിെൻറ ഒരു ദിവസത്തെ പര്യടന തുടക്കം.
പലയിടത്തും മുൻകൂട്ടി അറിയിച്ചതിനേക്കാൾ നേരത്തേ എത്തുന്നതിനാൽ നാട്ടുകാരെല്ലാവരും എത്തുംവരെ നീളുന്ന പ്രസംഗകർക്ക് സുവർണാവസരം. ഇടത് മുന്നണി നേതാക്കളുടെ ചോദ്യങ്ങൾ ചോദിച്ചുള്ള പ്രസംഗങ്ങളെ പരിഹസിച്ചുകൊണ്ടാണ് ഇരട്ടപ്പുഴയിലെ പ്രസംഗത്തിനു തുടക്കം.
കൈയടിയോടെയാണ് നാട്ടുകാർ ഖാദറിെൻറ പ്രസംഗം കേൾക്കുന്നത്. തീരമേഖലയിലേക്ക് പ്രവേശിച്ചതോടെ സ്ഥാനാർഥിയുടെ പ്രസംഗം കടലും സർക്കാറിെൻറ സ്വജനപക്ഷപാതവും തീരവികസനവും ഗുരുവായൂരിലെ റോഡിെൻറ ശോച്യാവസ്ഥയും മണ്ഡലത്തിൽ സർക്കാർ തലത്തിൽ ഒരു ഉന്നത വിദ്യാലയമില്ലാത്തതുമായ കാര്യങ്ങളാണ് വിഷയമായത്. ഉച്ച ഭക്ഷണവും വിശ്രമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മിസ്രിയ മുസ്താഖലിയുടെ വീട്ടിലാണ്.
അവിടെ മുൻ പ്രസിഡൻറ് മുസ്താഖലിയും അദ്ദേഹത്തിെൻറ സഹോദരൻ ഇൻകാസ് നേതാവ് സി. സാദിഖലിയും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ. അതിനിടയിൽ കെ.എൻ.എ ഖാദറിനെ വിമർശിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ചർച്ചയായി. മറുപടി ചോദിച്ച് ചാനലുകാരുമെത്തി. ഭക്ഷണത്തിനു ശേഷമാകാമെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരേയും ഒപ്പം കൂട്ടി. വിശ്രമത്തിനു ശേഷം മുഖ്യമന്ത്രിക്കുള്ള മറുപടി സരസമായി നൽകി.
യാത്ര വീണ്ടും. തൊട്ടാപ്പ്, സുനാമി കോളനി, മുനക്കക്കടവ് ഹാർബർ. ഹാർബറിലെ എസ്.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളികളുടെ സ്വീകരണം. അവിടെ വെച്ച് താനൂരിൽനിന്ന് വന്ന വള്ളക്കാർ കാണാെനത്തി. വഞ്ചിയിൽ കോണി ചിഹ്നം വരച്ചിട്ടുണ്ട്. ധരിച്ചത് പച്ച ടീ ഷർട്ട്. പി.കെ. ഫിറോസിെൻറ വോട്ടർമാരാണ്. തങ്ങളുടെ നേതാവിനെ കണ്ടയുടനെ വഞ്ചി കരക്കടുപ്പിച്ച് എല്ലാരും പെട്ടെന്നെത്തി. പിന്നെ സെൽഫി എടുക്കാനുള്ള തിരക്ക്.
പിന്നീട് ഹാർബർ ചുറ്റിയടിച്ച് നോക്കി. മാധ്യമത്തിനോടായി ഇങ്ങനെ ''അപ്പോ ഇതാണ് മുനക്കക്കടവ് ഹാർബർ അല്ലേ... ? ഇത് വെറും ഫിഷ് ലാൻഡിങ് സെൻറർ അല്ലേ...? പിന്നെ ആരാ ഇതിന് ഹാർബർ എന്ന് പേരിട്ടത്...!'' എന്നിട്ട് കൂടെയുള്ളവരോടായി പറഞ്ഞു: ''നമുക്ക് ഇവിടെ ഹാർബർ വേണം.''
ദിലീപ് നായർ (എൻ.ഡി.എ)
ബി.ജെ.പി മഹിള മോർച്ച പ്രസിഡൻറ് നിവേദിതയുടെ പത്രിക തള്ളിയതോടെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി) സ്ഥാനാർഥിയായി മത്സരിച്ച ദിലീപ് നായർക്കാണ് അവരുടെ പിന്തുണ.
ഗുരുവായൂരിൽ ബി.ജെ.പിക്ക് സ്ഥാനാർഥിയില്ലാത്തതുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് നടക്കുന്നത്. എൻ.ഡി.എ ഗുരുവായൂരിൽ ദിലീപ് നായർക്ക് പിന്തുണ നൽകിയ ശേഷം വന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയും വിവാദത്തിലാണ്.
ഗുരുവായൂരിൽ ചില കേന്ദ്രങ്ങളിൽ വോട്ടഭ്യർഥന നടത്തിയെങ്കിലും മണ്ഡലത്തിലെ പ്രചാരണ പരിപാടി ആരംഭിക്കാനിരിക്കേയാണ് ഈ പ്രസ്താവന.
ബി.ജെ.പി അധ്യക്ഷൻ ഇതിന് വിശദീകരണം നൽകിയെങ്കിലും സുരേഷ് ഗോപിയുടെ പ്രതികരണം മോശമായെന്നും വ്യക്തിപരമാണെങ്കിൽ പോലും ഒഴിവാക്കാമായിരുന്നുവെന്നും ദിലീപ് നായർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.