തപാൽ വോട്ടിലും ക്രമക്കേട്; സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുന്നില്ലെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടർപട്ടികയിൽ മാത്രമല്ല തപാൽ വോട്ടിലും ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 80 വയസ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ തപാൽ ബാലറ്റായാണ് സ്വീകരിക്കുന്നത്. ഇതിലും വലിയ കൃത്രിമം നടക്കുന്നുണ്ട്. മരിച്ചവരുടെയും പോസ്റ്റല്‍ വോട്ടില്‍ സമ്മതപത്രം നല്‍കാത്തവരുടെയും പേരുകള്‍ തപാൽ ബാലറ്റ് പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. തപാൽ വോട്ടിന് അപേക്ഷിക്കാത്തവരുടെ പേരും പട്ടികയിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
തപാൽ വോട്ടുകള്‍ മുദ്രവെച്ച ബാലറ്റ് ബോക്‌സില്‍ അല്ല ശേഖരിക്കുന്നതെന്നും ഇവ സ്‌ട്രോങ് റൂമിലല്ല സൂക്ഷിക്കുന്നതെന്നും പലയിടത്തും സി.സി.ടി.വിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇടത് സര്‍വീസ് സംഘടനകള്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതി എം.എല്‍.എമാര്‍ ഉയര്‍ത്തിയിട്ടുണ്ട്. പൊലീസുകാരുടെ വോട്ടിന്‍റെ കാര്യത്തിൽ പൊലീസ് അസോസിയേഷന്‍ അനധികൃതമായി ഇടപെടുന്നുണ്ട്. വോട്ട് ചെയ്ത ശേഷം അത് മൊബൈലില്‍ പകര്‍ത്തി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് അയച്ചു കൊടുക്കണമെന്നാണ് നിര്‍ദേശം. ഈ നടപടി ശരിയല്ലെന്ന് താൻ ഡി.ജി.പിയോട് പറഞ്ഞിരുന്നു.
തിരുവനന്തപുരം സെന്‍ട്രലില്‍ തപാൽ വോട്ടിനുള്ള പട്ടികയിൽ മരിച്ചു പോയ 10 പേരുടെ വിവരങ്ങൾ കടന്നു കൂടിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇരട്ടവോട്ട് സംബന്ധിച്ച ഹൈകോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. ഇരട്ടവോട്ട് വിഷയത്തിൽ പ്രാഥമിക പരിശോധന നടത്തിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമേറിയതാണെന്ന് കണ്ടെത്തിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് താനും എം.പിമാരും പരാതി നല്‍കി. എ.ഐ.സിസി പ്രതിനിധി സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിന്‍റെ ഫലമായാണ് പ്രത്യേക നിരീക്ഷകനെ കേരളത്തിലേക്ക് അയച്ചത്. കേരളത്തില്‍ വ്യാപകമായി കള്ളവോട്ട് നടത്താന്‍ സി.പി.എം. ആസൂത്രിതം ചെയ്ത പദ്ധതിയാണിതെന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന് ലഭിച്ച അപ്രതീക്ഷിത വിജയത്തിന് പിന്നിൽ വോട്ടര്‍പട്ടികയിലെ ക്രമക്കേടും വ്യാജ വോട്ടുകളും ആണെന്നും ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.