ഗഫൂറും രാജീവും സംസ്ഥാനവും ഉറ്റുനോക്കുന്ന മത്സരം
text_fieldsകളമശ്ശേരി: സംസ്ഥാനംതന്നെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായ കളമശ്ശേരിയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.
സർക്കാർ വികസന പ്രവർത്തനങ്ങളും പാലാരിവട്ടം പാലം അഴിമതി ആരോപണവും ഉയർത്തിക്കാട്ടി മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ് പി. രാജീവിനെ മത്സരഗോദയിലിറക്കിയത്. എന്നാൽ, പാലം ഒരുവിഷയമല്ല മറിച്ച് 10 വർഷെത്ത മണ്ഡലത്തിെൻറ വികസനമാണ് വിജയസാധ്യത എന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൽ ഗഫൂറും കളം നിറയുകയാണ്.
രാജീവിെൻറ പ്രചാരണത്തിന് കൊഴുപ്പേകാൻ മുഖ്യമന്ത്രി പിണറായി അടക്കമുള്ള നേതാക്കളെ കളത്തിലിറക്കിയപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂർ എം.പി തുടങ്ങി നേതാക്കളെയാണ് യു.ഡി.എഫ് പ്രചാരണത്തിന് എത്തിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി ആരോപണം ഉയർന്നഘട്ടം മുതൽ മണ്ഡലത്തിൽ കത്തിച്ചുനിർത്താൻ സി.പി.എം ഏറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇതിനിടെ മറ്റ് പല വിവാദങ്ങൾ വന്നത് യു.ഡി.എഫിന് പ്രതിരോധിക്കാനുള്ള വഴിതുറന്നു.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പി. രാജീവായിരുന്നു എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി. മണ്ഡലത്തിൽ ഒരിടത്ത് പോലും ലീഡുണ്ടാക്കാനായില്ല. എന്നാൽ, തുടർന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കളമശ്ശേരി, ഏലൂർ നഗരസഭകളിൽ ഒന്നും, നാല് പഞ്ചായത്തുകളിൽ രണ്ടിടത്തും നില മെച്ചപ്പെടുത്താൽ എൽ.ഡി.എഫിനായി. ഇതിൽ കളമശ്ശേരി നഗരസഭയിൽ എൽ.ഡി.എഫിന് വോട്ടിങ് ശതമാനം കൂട്ടാനും കഴിഞ്ഞു. ഈ കണക്കുകൂട്ടലിൽ നഗരസഭെയക്കാൾ മണ്ഡലത്തിലെ നാല് പഞ്ചായത്തിലാണ് പി. രാജീവ് ഏറെ ശ്രദ്ധ കൊടുക്കുന്നത്.
എന്നാൽ, അതൊന്നും കാര്യമായെടുക്കാതെ മണ്ഡലരൂപവത്കൃത ഘട്ടം മുതൽ 10 വർഷമായി വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ കൊണ്ടുവന്ന വികസനങ്ങളും സ്കൂളുകളിൽ നടപ്പാക്കിവരുന്ന ഉണർവ്, അക്ഷയ പദ്ധതികളും വോട്ടർമാരെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും സ്ഥാനാർഥി ഗഫൂറും.
ഇരുമുന്നണിക്കൊപ്പം എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസിൽനിന്നുള്ള പി.എസ്. ജയരാജും മത്സര രംഗത്തുണ്ട്. കേന്ദ്ര സർക്കാറിെൻറ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണ രംഗത്തുള്ളത്. എന്നാൽ, മണ്ഡലം ബി.ഡി.ജെ.എസിന് കൊടുത്തതിൽ മുന്നണിക്കിടയിൽ ബി.ജെ.പിയുടെ ശക്തമായ വിയോജിപ്പ് പ്രകടമാണ്.
നല്ല ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തും
(ജമാൽ മണക്കാടൻ, യു.ഡി.എഫ് കളമശ്ശേരി മണ്ഡലം ചെയർമാൻ)
തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഒരാഴ്ച പിറകിലായിരുന്നെങ്കിലും ഇപ്പോൾ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. സ്ഥാനാർഥിയുടെ ബൂത്തുതല പ്രചാരണം അവസാനിക്കുകയാണ്. ചൊവ്വാഴ്ച മുതൽ വോട്ടർമാരെ നേരിൽ കാണുന്ന പ്രവർത്തനങ്ങളാണ് ഇനി നടക്കുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുന്ന തെരഞ്ഞെടുപ്പിൽ, നല്ല ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തും.
ഭൂരിപക്ഷത്തോടെ മണ്ഡലം പിടിച്ചെടുക്കും
(സി.കെ. പരീത്, എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി)
നല്ല ഭൂരിപക്ഷത്തോടെ മണ്ഡലം പിടിച്ചെടുക്കും. കഴിഞ്ഞ അഞ്ച് വർഷം ഇടത് സർക്കാർ മികവാർന്ന പ്രവർത്തനങ്ങളാണ് കേരളത്തിലാകമാനം നടത്തിയത്. വീട്ടിലിരിക്കുന്നവർക്ക് വരെ വരുമാനം ലഭിക്കുന്ന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. മതസൗഹാർദം നിലനിൽക്കാൻ ഈ സർക്കാർ തുടരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്.
10,000 വോട്ടെങ്കിലും കൂടുതൽ നേടും
(ഷാജി മൂത്തേടൻ, എൻ.ഡി.എ കളമശ്ശേരി മണ്ഡലം ചെയർമാൻ)
പ്രചാരണരംഗത്ത് മറ്റു സ്ഥാനാർഥികൾക്കൊപ്പമാണ് എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ജയരാജൻ മത്സരംകാഴ്ചവെക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുപത്തയ്യായിരത്തോളം വോട്ട് നേടിയ എൻ.ഡി.എ ഇക്കുറി കൂടുതൽ മെച്ചപ്പെടുത്തി 10,000 വോട്ടെങ്കിലും കൂടുതൽ നേടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.