കളമശ്ശേരിയിൽ മുസ്ലിം ലീഗിനെ വലച്ച് പാളയത്തിൽ പട
text_fieldsകൊച്ചി: വോട്ടെടുപ്പ് ദിനത്തിലേക്ക് ജില്ല ഉണരുേമ്പാൾ പല മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ വിജയപരാജയങ്ങൾ നിർണയിക്കും വിധം രാഷ്ട്രീയ അടിയൊഴുക്കുകൾ വ്യാപകം. പലയിടത്തും വോട്ടുമറിക്കൽ സംഭവിക്കുമെന്ന് മുന്നണികൾക്ക് ഉള്ളിൽ തന്നെ ആശങ്കയുണ്ട്. നിഷ്പക്ഷ വോട്ടർമാരെയും സ്വന്തം പ്രവർത്തകരെയും സ്വാധീനിക്കാൻ അടവ് പലതും പയറ്റുകയാണ് അവസാന നിമിഷവും സ്ഥാനാർഥികൾ.
എറണാകുളം, ആലുവ, തൃക്കാക്കര, പിറവം മണ്ഡലങ്ങളിൽ യു.ഡി.എഫ് ഏറെ ദൂരം പ്രചാരണത്തിൽ മുന്നേറിയതോടെ അവസാന മണിക്കൂറുകളിൽ എൽ.ഡി.എഫ് പ്രവർത്തകർ ഒപ്പം എത്താതെയായി. സി.പി.എം അഭിമാന പോരാട്ടമായി കണക്കാക്കുന്ന കളമശ്ശേരി, തൃപ്പൂണിത്തുറ, കോതമംഗലം, വൈപ്പിൻ മണ്ഡലങ്ങളിലാണ് പാർട്ടി സംവിധാനം കൂടുതലും കേന്ദ്രീകരിക്കുന്നത്. ഇവിടങ്ങളിൽ പിന്നോട്ട് പോകരുതെന്ന നിഷ്കർഷയോടെയാണ് അവസാന നിമിഷവും പ്രവർത്തനം. കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ കോൺഗ്രസിലെ പടലപ്പിണക്കം അവസാന നിമിഷവും സ്ഥാനാർഥികൾക്ക് തലവേദനയാണ്.
കളമശ്ശേരിയിൽ പാളയത്തിൽ പട
കളമശ്ശേരിയിൽ ഒാരോ വോട്ടും എണ്ണിത്തിട്ടപ്പെടുത്തും വിധമാണ് ഇരുമുന്നണികളുടെയും പ്രവർത്തനം. പ്രചാരണത്തിെൻറ അവസാന സമയത്ത് മുസ്ലിം ലീഗിലെ അഹമ്മദ് കബീർ വിഭാഗം സ്ഥാനാർഥിക്കെതിരെ രഹസ്യമായി പ്രവർത്തിക്കുന്നെന്ന വിവാദം ഉയർന്നിട്ടുണ്ട്. ഇതിനെ തടയിടാൻ വിശ്വസ്തരെ ലീഗ് കേന്ദ്രങ്ങളിൽ ചുമതലയേൽപിച്ച് വി.കെ. ഇബ്രാഹിംകുഞ്ഞും ചുവടുകൾ വെച്ചു.
പ്രാദേശിക പാർട്ടി ഘടകങ്ങളെ അപ്രസക്തമാക്കി സിനിമ മേഖലയിലുള്ളവരെ ഇറക്കി പി. രാജീവ് പ്രചാരണം നടത്തുന്നുവെന്ന മുറുമുറുപ്പാണ് ഇടതുക്യാമ്പിൽ ഉയർന്നത്. പ്രവർത്തകരെ വ്യക്തിപരമായി വിളിച്ച് സംസാരിച്ചാണ് ഈ അനിഷ്ടം മറികടക്കാൻ സ്ഥാനാർഥിയുടെ ശ്രമം. ബി.ഡി.ജെ.എസുകാരനായ എൻ.ഡി.എ സ്ഥാനാർഥിക്ക് ബി.ജെ.പി-ആർ.എസ്.എസ് ഘടകങ്ങളിൽനിന്ന് പൂർണ പിന്തുണ ലഭിക്കാത്തതും മണ്ഡലത്തിൽ ചർച്ചയാണ്.
വോട്ട് വിഹിതം പെരുമ്പാവൂരിലെ ആശങ്ക
എസ്.ഡി.പി.ഐ, ട്വൻറി20, വെൽെഫയർ പാർട്ടി സ്ഥാനാർഥികൾ പിടിക്കുന്ന വോട്ട് ജയസാധ്യതയെ ബാധിക്കുമോയെന്ന ആശങ്കയാണ് പെരുമ്പാവൂരിൽ പ്രധാന രാഷ്ട്രീയ പ്രശ്നം. ഇക്കാര്യത്തിൽ കൂടുതൽ ആശങ്ക യു.ഡി.എഫിനാണ്. എന്നാൽ, ട്വൻറി20 എത്ര വോട്ട് പിടിക്കുമെന്നത് ഇരുമുന്നണികളെയും വ്യാകുലപ്പെടുത്തുന്നു. കേരള കോൺഗ്രസ് എമ്മിന് സീറ്റ് ലഭിച്ചതിലെ മുറുമുറുപ്പ് പ്രചാരണത്തിെൻറ അവസാന സമയത്തും പൂർണമായി ഇല്ലാതാക്കാൻ എൽ.ഡി.എഫിനും കഴിഞ്ഞിട്ടില്ല.
കുരുക്കായി വിഡിയോ, പ്രതിരോധം
കോതമംഗലത്ത് അവസാന നാളുകളിൽ കൂടുതൽ ചർച്ചയായത് എൽ.ഡി.എഫ് സ്ഥാനാർഥി ആൻറണി ജോണിെൻറ പ്രചാരണ വാഹനത്തിൽ യു.ഡി.എഫ് പ്രവർത്തകൻ കയറി അലങ്കോലപ്പെടുത്തിയ വിഡിയോയാണ്. ഇതിെൻറ ഫലമെന്നോണം എൽ.ഡി.എഫിെൻറ വാഹന റാലിയിൽ വൻതോതിൽ യുവാക്കൾ കൂടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് ഷിബു തെക്കുംപുറത്തിെൻറ നേതൃത്വത്തിൽ 'എെൻറ നാട്' കൂട്ടായ്മയുടെ സഹായ വിതരണം എൽ.ഡി.എഫ് തടസ്സപ്പെടുത്തിയ സംഭവങ്ങൾ പറഞ്ഞാണ് യു.ഡി.എഫിെൻറ പ്രതിരോധം.
മൂവാറ്റുപുഴയിൽ അപസ്വരം
മൂവാറ്റുപുഴയിൽ പ്രചാരണം അവസാനിക്കുേമ്പാൾ ഇരുമുന്നണി സ്ഥാനാർഥികളും സ്വന്തം പാർട്ടിയിലെയും മുന്നണികളിലെയും അപസ്വരം ഒതുക്കാനാണ് പാടുപെട്ടത്. പ്രവർത്തകരെ സ്വാധീനിക്കാൻ തങ്ങളെ സ്ഥാനാർഥി 'ബൈപാസ്' ചെയ്തെന്ന് കോൺഗ്രസ് നേതാക്കൾ മുറുമുറുത്തപ്പോൾ സ്വന്തം നാട്ടിലെ പ്രവർത്തകരെ കാര്യമായി ശ്രദ്ധിച്ചില്ലെന്ന പരാതിയാണ് എൽ.ഡി.എഫ് സ്ഥാനാർഥിക്ക് നേരെ ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.