ഇടത്തോട്ടോ വലത്തോട്ടോ? പിടിതരാതെ കൽപറ്റയുടെ മനസ്സ്
text_fieldsകൽപറ്റ: പതിവിലും വാശിയേറിയ പോരാട്ടത്തിനാണ് ജില്ല ആസ്ഥാനമായ കൽപറ്റ ഇത്തവണ സാക്ഷ്യംവഹിച്ചത്. ഫലമറിയാൻ രണ്ടു ദിവസത്തെ അകലം മാത്രമുള്ളപ്പോഴും കൽപറ്റയുടെ മനസ്സ് ആർക്കും പിടിതരുന്നില്ല.
യു.ഡി.എഫും എൽ.ഡി.എഫും അവസാന നിമിഷവും ഒരുപോലെ വിജയപ്രതീക്ഷ പങ്കുവെക്കുന്നു. സർക്കാറിെൻറ ജനക്ഷേമപദ്ധതികളും പെൻഷനുമെല്ലാം വോട്ടായി മാറിയെന്നും സിറ്റിങ് സീറ്റ് നിലനിർത്താനാകുമെന്നും എൽ.ഡി.എഫ് ഉറച്ച് വിശ്വസിക്കുന്നു. യു.ഡി.എഫ് ക്യാമ്പിലും ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല.
പാർട്ടി വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാനായെന്നും ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാത്തത് സർക്കാറിനെതിരെയുള്ള വോട്ടായി മാറിയെന്നും നേതൃത്വം വിലയിരുത്തുന്നു. ഇരുവിഭാഗവും വിജയിക്കുമെന്ന് പറയുമ്പോഴും വലിയ ഭൂരിപക്ഷം അവകാശപ്പെടുന്നില്ല.
2016ൽ യു.ഡി.എഫിനായി മത്സരിച്ച് പരാജയപ്പെട്ട എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാറായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദിഖിനെയാണ് യു.ഡി.എഫ് കളത്തിലിറക്കിയത്. എൻ.ഡി.എ സ്ഥാനാർഥി ടി.എം. സുഭീഷ് നേടുന്ന വോട്ടുകളും നിർണായകമാകും. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട തർക്കവും ജില്ലക്കു പുറത്തുനിന്നുള്ള ഒരാളെ സ്ഥാനാർഥിയാക്കിയതുമെല്ലാം കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.
പല ബൂത്തുകളിലും കോൺഗ്രസ് വോട്ടുകൾ പോൾ ചെയ്തിട്ടില്ലെന്നും എൽ.ഡി.എഫ് വോട്ടർമാരെയെല്ലാം ബൂത്തുകളിലെത്തിക്കാനായെന്നും എൽ.ഡി.എഫ് അവകാശപ്പെടുന്നു. മുന്നണി മാറി മത്സരിക്കുന്ന ഒരാളെ സ്ഥാനാർഥിയാക്കിയത് എൽ.ഡി.എഫിന് തിരിച്ചടിയായെന്നും പരമ്പരാഗത ഇടതുവോട്ടുകൾപോലും ഇത്തവണ അവർക്ക് നഷ്ടമായെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.
എം.വി. ശ്രേയാംസ്കുമാർ 2006ൽ യു.ഡി.എഫിനൊപ്പവും 2011ൽ എൽ.ഡി.എഫിനൊപ്പവും നിന്നാണ് നിയമസഭയിലെത്തിയത്. 2016ൽ മൂന്നാം അങ്കത്തിനിറങ്ങിയെങ്കിലും തോറ്റു. 13,083 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സി.കെ. ശശീന്ദ്രെൻറ വിജയം. ഇത്തവണ കൽപറ്റ ആരെ തുണക്കുമെന്ന് കാത്തിരുന്നു കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.