ഇടതു സർക്കാറിനെ പരിഹസിച്ച് രാഹുൽ; ബോർഡ് സ്ഥാപിച്ചാൽ മെഡിക്കൽ കോളജ് ആകുമോ?
text_fieldsകൽപറ്റ/മാനന്തവാടി/സുൽത്താൻ ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പ് തന്നെ സംബന്ധിച്ച് സംസ്ഥാനത്തിനും വയനാടിനും വേണ്ടിയുള്ള രണ്ടു തെരഞ്ഞെടുപ്പാണെന്ന് രാഹുൽ ഗാന്ധി എം.പി. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഒരു ബോർഡ് സ്ഥാപിച്ചിട്ട് വയനാടിന് മെഡിക്കൽ കോളജ് നൽകിയെന്നാണ് ഇടതു സർക്കാർ പറയുന്നത്.
മെഡിക്കൽ കോളജ് എന്നാൽ ബോർഡ് വെക്കലാണെങ്കിൽ വയനാട് മുഴുവൻ ബോർഡ് സ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിയുമെന്നും രാഹുൽ പരിഹസിച്ചു. ജില്ല ആശുപത്രി ഒ.പി ടിക്കറ്റിലെ പേരുപോലും ഇതുവരെ മാറ്റിയിട്ടില്ല. എല്ലാവർക്കും ചികിത്സ ലഭ്യമാവുന്ന സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോളജാണ് വേണ്ടത്.
വയനാട്ടിൽ ചെയ്തുതീർക്കേണ്ടതായ വളരെ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ബഫർ സോൺ, മെഡിക്കൽ കോളജ്, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം തുടങ്ങിയ സുപ്രധാന പ്രശ്നങ്ങൾ ജില്ല അഭിമുഖീകരിക്കുന്നു. ഇവക്ക് പരിഹാരമുണ്ടാക്കാൻ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ കഴിയില്ല. ആദിവാസികളുടെ ഗുരുതര ആരോഗ്യ-സാമ്പത്തിക പ്രശ്നങ്ങൾ, ചെറുകിട കർഷകരുടെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനുണ്ട്. ബഫർ സോണിനെക്കുറിച്ച് ലോക്സഭയിൽ ചോദിച്ചപ്പോൾ ഇടതുപക്ഷ സർക്കാറാണ് അത് ചെയ്തതെന്നാണ് മറുപടി ലഭിച്ചത്.
യു.ഡി.എഫ് സർക്കാറിനെ സ്വാധീനിക്കാനുള്ള തെൻറ കഴിവുപയോഗിച്ച് വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകുകയാണെന്നും അതിന് ജില്ലയിലെ മൂന്ന് സീറ്റിലും യു.ഡി.എഫ് പ്രതിനിധികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആശയപരമായി മാത്രമാണ് സി.പി.എമ്മിനോട് എതിർപ്പുള്ളത്. അവരുടെ ആശയങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല.
വയനാടിെൻറ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒത്തൊരുമിച്ച് പോകണം. കർഷകരെ സഹായിക്കാനും ലോക ഭൂപടത്തിൽ വയനാടിന് സ്ഥാനം പിടിക്കാനും അവസരം ലഭിച്ചിട്ടും എൽ.ഡി.എഫ് സർക്കാർ ഒന്നും ചെയ്തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. കൽപറ്റയിൽ പൊതുയോഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യു.ഡി.എഫ് ചെയര്മാന് റസാഖ് കല്പറ്റ അധ്യക്ഷത വഹിച്ചു. നേതാക്കളായ താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍, പി.പി.എ. കരീം, എന്‍.ഡി. അപ്പച്ചന്, വെറോണിക, കാന്താ നായിക്, കെ.കെ. അഹമ്മദ് ഹാജി, കെ.എല്‍. പൗലോസ്, പി.ടി. ഗോപാലക്കുറുപ്പ്, പി. ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ അഡ്വ. ടി.ജെ. ഐസക് സ്വാഗതവും പി.പി. ആലി നന്ദിയും പറഞ്ഞു.
സുൽത്താൻ ബത്തേരിയിൽ നടന്ന പരിപാടിക്ക് നേതാക്കളായ ടി. മുഹമ്മദ്, കെ.കെ. അബ്രഹാം, എൻ.എം. വിജയൻ, പി.വി. ബാലചന്ദ്രൻ, ഡി.പി. രാജശേഖരൻ, ആർ.പി. ശിവദാസ്, എടക്കൽ മോഹനൻ, പി.പി. അയ്യൂബ്, എം.എ. അസൈനാർ, മാടക്കര അബ്ദുല്ല, നിസി അഹമ്മദ്, പി.ഡി. സജി, എൻ.സി. കൃഷ്ണകുമാർ, കെ.ഇ. വിനയൻ, എൻ.യു. ഉലഹന്നാൻ, കെ.കെ. വിശ്വനാഥൻ, ഷബീർ അഹമ്മദ്, കോണിക്കൽ ഖാദർ, സി.കെ. ഹാരിഫ്, കെ. നൂറുദ്ദീൻ, ഉമ്മർ കുണ്ടാട്ടിൽ, ജോസഫ് പെരുവേലിൽ, സി.പി. വർഗീസ്, സമദ് കണ്ണിയൻ, അമൽ ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.