'ചന്ദ്ര'മണ്ഡലത്തിൽ 'സുര'യുദിക്കുമോ?
text_fieldsകാഞ്ഞങ്ങാട്: സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമെൻറ മണ്ഡലമാണ് കാഞ്ഞങ്ങാട്. 2011ലാണ് ഇ. ചന്ദ്രശേഖരൻ ആദ്യം മത്സരിച്ചത്. അന്ന് 11,000 ആയിരുന്നു ഭൂരിപക്ഷം. 2016ൽ വീണ്ടും ചന്ദ്രശേഖരൻതന്നെ മത്സരിച്ചു, ഭൂരിപക്ഷം -26000. ഇരട്ടിയിലധികമായി.
കേവലം ഇടതുപക്ഷവോട്ടിെൻറ വളർച്ച മാത്രമല്ല, ചന്ദ്രശേഖരൻ എന്ന വ്യക്തി പൊതുസമൂഹത്തിൽ കാണിച്ച രാഷ്ട്രീയ ജീവിതത്തിനുള്ള അംഗീകാരം കൂടിയായിരുന്നു ഭൂരിപക്ഷത്തിലുണ്ടായ വർധന.
ഇടതു കേന്ദ്രങ്ങളിൽ മാത്രം എം.എൽ.എ ഫണ്ടും സർക്കാർ വികസനവും എത്തിക്കുന്ന പതിവു രീതികളിൽ നിന്നുമാറി യു.ഡി.എഫ്, ബി.ജെ.പി കേന്ദ്രങ്ങളിൽക്കൂടി ഫണ്ട് അനുവദിക്കുകയെന്ന തന്ത്രം ഉപയോഗിച്ച ചന്ദ്രശേഖരൻ സ്വന്തം നിലയിൽ വോട്ടുസമാഹരിച്ചു.
ഇപ്പോൾ മന്ത്രി സ്ഥാനത്തുനിന്നും ഇറങ്ങിയാണ് അങ്കത്തട്ടിലെത്തുന്നത്. 3530 കോടി രൂപയുടെ നിക്ഷേപം കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടത്തിയിട്ടുണ്ട്് എന്നതാണ് എൽ.ഡി.എഫിെൻറ പ്രധാന പ്രചാരണം. യു.ഡി.എഫ് കേന്ദ്രങ്ങളിലെ വോട്ടുകൂടി ലക്ഷ്യമിട്ട് വെള്ളരിക്കുണ്ടിൽ റവന്യൂ ടവർ സ്ഥാപിച്ചതാണ് പ്രധാന നേട്ടം.
കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി, ടൗൺ സ്ക്വയർ പദ്ധതി, പരപ്പയിൽ ട്രൈബൽ ഒാഫിസ്, കോട്ടച്ചേരി മേൽപാലം എന്നിവയാണ് ഇടതു പര്യടനത്തിെൻറ മണ്ഡലംതല പ്രചാരണത്തിെൻറ കാതൽ. പിന്നാലെ സംസ്ഥാന സർക്കാറിെൻറ പൊതുനേട്ടങ്ങളും. ഒന്നാംഘട്ടത്തിൽ മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിങ്ങനെ സന്ദർശിച്ച ചന്ദ്രശേഖരൻ, രണ്ടാംഘട്ടത്തിൽ ഒരു ദിവസം ഒരു പഞ്ചായത്ത് എന്ന നിലയിൽ പര്യടനം നടത്തി.
മൂന്നാംഘട്ടത്തിൽ പൊതുയോഗങ്ങളിലേക്ക് കടക്കുന്ന ചിട്ടയായ രീതികളാണുള്ളത്. മന്ത്രിയാണ് സ്ഥാനാർഥിയെന്നതിെൻറ ഒാളവും ഒച്ചയും എല്ലാ മണ്ഡലത്തിലുണ്ട്. കാഞ്ഞങ്ങാട് എം.എൻ. സ്മാരകത്തോടനുബന്ധിച്ച് പ്രത്യേക ഒാൺലൈൻ 'വാർ റൂമും' പ്രവർത്തിക്കുന്നുണ്ട്.
കോൺഗ്രസിലെ പുതിയ തലമുറയുടെ പ്രതീകമാണ് പി.വി. സുരേഷ്. ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. സ്വന്തം മണ്ഡലമാണ് സുരേഷിന് കാഞ്ഞങ്ങാട്. മണ്ഡലത്തിലെ 'ചന്ദ്ര'പ്രഭയെ 'സുര' പ്രഭയാക്കാൻ സുരേഷിനു കഴിയുമോയെന്നാണ് കാണേണ്ടത്. യു.ഡി.എഫിനു കടന്നുചെല്ലാൻ പ്രയാസമുള്ള നെടുേങ്കാട്ടകൾകൊണ്ട് നിറഞ്ഞതാണ് കാഞ്ഞങ്ങാട് മണ്ഡലമെങ്കിലും 'മന്ത്രി'യെന്ന പദവി തന്നെയാണ് യു.ഡി.എഫിെൻറ പ്രചാരണായുധം.
3530 കോടിയുടെ കണക്ക് അവതരിപ്പിച്ചുകൊണ്ട് നീങ്ങുന്ന എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് നീങ്ങുന്നത് 'ആ കോടികൾ എവിടെയെന്ന ചോദ്യവുമായാണ്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ യു.ഡി.എഫിെൻറ പ്രധാന വോട്ടുബാങ്ക് മലയോരമാണ്. മലയോരത്തെ ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളിലും തീരദേശത്തെ മുസ്ലിം ന്യൂനപക്ഷ വോട്ടുകളിലുമാണ് സുരേഷിെൻറ പ്രതീക്ഷ.
ഇതിനുപുറമെ ചില സമുദായ വോട്ടുകളിലും കണ്ണുണ്ട്. പൂരം നാളിൽ പൂരക്കളി കളിച്ചും പൂരക്കളിയുടെ കഴകങ്ങൾ സന്ദർശിച്ചും മെയ് വഴക്കം പ്രകടിപ്പിക്കുന്ന സുരേഷ്, വോട്ടു വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. 26000 വോട്ടിെൻറ വലിയ മാർജിൻ ഇത്തവണ കുറക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, അട്ടിമറിയുംവരെ കുറക്കാനുള്ള തന്ത്രങ്ങളാണ് സുരേഷിനുമുന്നിൽ തുറക്കാനുള്ളത്്.
കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാര പ്രമുഖനാണ് ബി.ജെ.പി സ്ഥാനാർഥി എം. ബൽരാജ്. ത്രികോണ മത്സരത്തിന് സാധ്യതയില്ലാത്ത മണ്ഡലമാണ് കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട് നഗരത്തിൽനിന്നും വലിയ തോതിൽ വോട്ട് ബൽരാജ് പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.