കാഞ്ഞിരപ്പള്ളിക്കാർ ചോദിക്കുന്നു മിഴി തുറക്കുമോ കാമറകൾ?
text_fieldsകാഞ്ഞിരപ്പള്ളി: സംസ്ഥാനമെങ്ങും കാമറ ചർച്ചയാകുമ്പോൾ കാഞ്ഞിരപ്പള്ളിയിലെ ടൗണിലെ കാമറകൾ മിഴിയടച്ചിട്ട് വർഷങ്ങൾ. നിരവധി തവണ പരാതി നൽകിയിട്ടും പ്രവർത്തിപ്പിക്കാനുള്ള നടപടികൾ മുടന്തുകയാണ്. പ്രവർത്തനസജ്ജമായാൽ കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിരതെറ്റിച്ചുള്ള ഡ്രൈവിങ്ങും അനധികൃത പാർക്കിങ്ങുമാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. കാമറ നിരീക്ഷണം ഉണ്ടെന്നറിഞ്ഞാൽ ഡ്രൈവർമാർ സൂക്ഷ്മത പുലർത്തുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ ടൗണിൽ 16 കാമറകളാണ് സ്ഥാപിച്ചത്. പേട്ടക്കവല, ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ പരിസരം, കുരിശുങ്കൽ ജങ്ഷൻ, പുത്തനങ്ങാടി റോഡിൽ കെ.എസ്.ഇ.ബി ജങ്ഷൻ, ഗ്രോട്ടോ ജങ്ഷൻ, തമ്പലക്കാട് റോഡ് എന്നിവിടങ്ങളിലായിരുന്നു അവ.
ഇപ്പോൾ മിക്കയിടങ്ങളിലെയും കാമറകൾ പോസ്റ്റിൽ നിന്നുതന്നെ വിച്ഛേദിച്ച നിലയിലാണ്. ചിലത് കാണാനുമില്ല. ട്രാഫിക് കുറ്റകൃത്യങ്ങൾ, മാലിന്യങ്ങൾ തള്ളുന്നത്, അനധികൃത പാർക്കിങ്, മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പ്രതികളെ പിടികൂടാൻ പൊലീസിനു നിരീക്ഷണ കാമറകൾ ഏറെ സഹായകരമായിരുന്നു. ടൗണിലുണ്ടാകുന്ന പല കേസുകളിലും പൊലീസ് ഇപ്പോൾ ആശ്രയിക്കുന്നത് വ്യാപാര സ്ഥാപനങ്ങളിലെ നിരീക്ഷണ കാമറകളാണ്. ടൗണിലെ കാമറകളിൽ പതിയുന്ന ദ്യശ്യങ്ങൾ പൊലീസ് സ്റ്റേഷനിലെ മോണിറ്ററിൽ രാത്രിയും പകലും ദൃശ്യങ്ങൾ ലഭിക്കുന്ന രീതിയിലായിരുന്നു അന്ന് സജ്ജീകരിച്ചിരുന്നത്. പഞ്ചായത്തിന്റെ 2012-13 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6,57,236 രൂപ മുടക്കിയാണ് സ്ഥാപിച്ചത്. തകരാറിലായതോടെ 2017ൽ അഞ്ചു ലക്ഷം രൂപയോളം മുടക്കി തകരാർ പരിഹരിച്ച് വീണ്ടും പ്രവർത്തനം ആരംഭിച്ചു.
എന്നാൽ, പിന്നെയും പ്രവർത്തനരഹിതമായത് അധികൃതര്‍ മാത്രം അറിഞ്ഞിട്ടില്ല. തകരാർ പരിഹരിച്ച് കാമറകൾ പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.