കരുനാഗപ്പള്ളി: ആത്മവിശ്വാസത്തിൽ മഹേഷ്, പ്രവർത്തന മികവിൽ രാമചന്ദ്രൻ
text_fieldsകരുനാഗപ്പള്ളി: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നിലനിന്ന അനിശ്ചിതത്വമൊന്നും കരുനാഗപ്പള്ളിയിൽ ബാധകമായിരുന്നില്ല. നേരത്തേതന്നെ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്നതിനാൽ സി.ആർ. മഹേഷ് പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുമ്പേ കളത്തിലിറങ്ങിയിരുന്നു. കഴിഞ്ഞതവണ വിളിപ്പാടകലെനിന്നും കൈവിട്ടുപോയ വിജയം സ്വന്തമാക്കാനുള്ള തീവ്രശ്രമം.
സ്കൂട്ടറിൽ വീട്ടിൽനിന്ന് പുറപ്പെടുന്ന മഹേഷ് സൗഹൃദങ്ങൾ പുതുക്കിയാണ് പ്രചാരണയാത്രയും നടത്തുന്നത്. പ്രവർത്തകരുമായി ബൈക്കിൽ സഞ്ചരിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വോട്ടഭ്യർഥന. തുടർന്ന് കശുവണ്ടി ഫാക്ടറികളിലെത്തി തൊഴിലാളികളോട് സംവദിച്ചു. പി.എസ്.സി കോച്ചിങ് സെൻററുകളിൽ എത്തുേമ്പാൾ, യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ നിയമനങ്ങൾ സുതാര്യമാക്കുമെന്ന് ഉേദ്യാഗാർഥികൾക്ക് ഉറപ്പ്.
എവിടെ ചെന്നാലും പ്രവർത്തകരെ പേരെടുത്ത് വിളിക്കാനുള്ള ചരിചയവൃന്ദം പ്രചാരണം എളുപ്പമാക്കുന്നു. രാത്രി 12 വരെ വീടുകളിൽ കയറി അഭ്യർഥന. കാണാൻ കഴിയാത്തവരെയെല്ലാം ഫോണിൽ ബന്ധപ്പെടും. മണ്ഡലത്തിൽ മൂന്ന് റൗണ്ട് പ്രവർത്തനം പൂർത്തിയാക്കിയ മഹേഷ് നാലാം റൗണ്ടിലാണ്.
പഞ്ചായത്തുകളിൽ സ്വീകരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. രാവിലെ സന്ദർശിക്കാൻ കഴിയാത്ത പ്രധാന ജങ്ഷനുകളിൽ പ്രവർത്തകരുമൊത്ത് എത്തും. കോളനികളിലും കശുവണ്ടി തൊഴിലാളികെളയും കണ്ട് വോട്ട് അഭ്യർഥന. ഒരവസരം എനിക്ക് തരണം, ഞാൻ കൂടെ ഉണ്ടാകും. കുറഞ്ഞ വാക്കിൽ ഒത്തിരി കാര്യങ്ങൾ പറയുന്നു. രാത്രിയാവുന്നതുവരെ സ്വീകരണപരിപാടികൾ. യു.ഡി.എഫ് മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ, കൺവീനർ എം.എ. സലാം, എം.എസ്. ഷൗക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞടുപ്പ് പ്രവർത്തനം.
തുടർച്ചയായി എൽ.ഡി.എഫ് വിജയിക്കുന്ന മണ്ഡലം നിലനിർത്താൻ സിറ്റിങ് എം.എൽ.എ ആർ. രാമചന്ദ്രൻ കഠിനപ്രയത്നത്തിലാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾതന്നെ പ്രവർത്തകരുമൊത്ത് കരുനാഗപ്പള്ളി ടൗണിൽ നടത്തിയ പ്രകടനത്തോടെയാണ് തെരഞ്ഞടുപ്പ് പ്രവർത്തനത്തിന് തുടക്കംകുറിച്ചത്. എം.എൽ.എ എന്ന നിലയിൽ അഞ്ചുവർഷം മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളാണ് രാമചന്ദ്രെൻറ തുറുപ്പ് ചീട്ട്. സംസ്ഥാന സർക്കാർ നടപ്പാക്കിയ വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിലേക്കും വോട്ടർമാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
എൽ.ഡി.എഫിെൻറ വികസനപ്രവർത്തനങ്ങൾ വീടുകളിൽ എത്തിക്കാൻ ചിട്ടയായ പ്രവർത്തനം. കയർ, കശുവണ്ടി, തൊഴിലുറപ്പ് തൊഴിലാളി പ്രദേശങ്ങൾ എല്ലാം സന്ദർശിച്ച് സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങൾ വിശദമായി പറഞ്ഞ് വോട്ടുകൾ ഉറപ്പുവരുത്തിയാണ് മടക്കം.
മണ്ഡലത്തിലെ പ്രധാന ജങ്ഷനുകൾ, മാർക്കറ്റുകൾ എല്ലാം സന്ദർശിച്ച് മൂന്ന് റൗണ്ട് പ്രവർത്തനം പൂർത്തിയാക്കി. സ്ഥാനാർഥിയുടെ സ്വീകരണ പരിപാടികളിലേക്ക് കടക്കുകയാണിപ്പോൾ. വനിതാ സ്ക്വാഡ്, യുവജന വിദ്യാർഥി സംഘങ്ങൾ എല്ലാം വോട്ട് സമാഹരിക്കാനായി രംഗത്ത് സജീവമായുണ്ട്. രാവിലെ തുടങ്ങുന്ന സ്വീകരണ പരിപാടികൾ വൈകിയാണ് അവസാനിക്കുക. പിന്നീട് നേതാക്കളുമായി ആശയവിനിമയം. വീടുകൾ സന്ദർശിച്ച് വോട്ടുറപ്പിക്കാനും സമയം കണ്ടെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.