കാസർകോട്ട് ഇ.വി.എമ്മിൽ താമര വലുത്, ഏണി ചെറുത്
text_fieldsകാസർകോട്: ജനാധിപത്യ സംവിധാനത്തിെൻറ കടക്കൽ കത്തിവെച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേരളത്തിലും നടന്നു വരുന്ന ശ്രമങ്ങളുടെ ഉദാഹരണമാണ് കാസർകോട്ട് നടന്നതെന്ന് മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ.എ. ഗോവിന്ദൻ നായർ, കൺവീനർ എ.എം. കടവത്ത് എന്നിവർ ആരോപിച്ചു.
ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ കാസർകോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ.എ. നെല്ലിക്കുന്നിെൻറ പേരിന് നേരെ സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി ഏണി ചിഹ്നത്തിെൻറ വലുപ്പം കുറച്ചു. അതേസമയം ബി.ജെ.പിയുടെ താമര ചിഹ്നത്തിെൻറ വലുപ്പം കൂട്ടി.
ഇതിനുപിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് അന്വേഷണ വിധേയമാക്കി കുറ്റക്കാർക്കെതിരെ നടപടി വേണം. മാത്രമല്ല താമരത്തണ്ടിെൻറ കീഴെ ബി.ജെ.പി എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കാസർകോട് ഗവ: കോളജിൽ ശനിയാഴ്ച നടന്ന ഇലക്ട്രോണിക് വോട്ടുയന്ത്രം ക്രമപ്പെടുത്തലിനിടെ യു.ഡി.എഫ് പ്രതിനിധികളാണ് പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയത്.
എൻ.എ.നെല്ലിക്കുന്ന് അടക്കമുള്ള നേതാക്കൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ക്രമപ്പെടുത്തൽ മാറ്റി വെച്ച് പ്രശ്ന പരിഹാരം ഉറപ്പു നൽകിയത്.ഇതു സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ഉത്തരേന്ത്യയിലെന്ന പോലെ ബി. ജെ.പിക്ക് കൂട്ടുനിന്ന് ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള നീക്കത്തെ ചെറുത്ത് തോൽപിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.