മനസ്സ് തുറക്കാതെ കായംകുളം
text_fieldsകായംകുളം: കായംകുളത്തെ ഇടതു കോട്ടകളിൽ വിള്ളൽ വീഴ്ത്താനുള്ള യു.ഡി.എഫ് ശ്രമം വിജയിച്ചോയെന്ന് അറിയണമെങ്കിൽ തെരഞ്ഞെടുപ്പ് കഴിയണം. കൂടുതൽ കാലവും ഇടത് ഒാരം ചേർന്നുനിന്നിട്ടുള്ള മണ്ഡലം എൽ.ഡി.എഫിെൻറ കുത്തകയായിട്ട് ഒന്നര പതിറ്റാണ്ടായി. സിറ്റിങ് എം.എൽ.എയായ സി.പി.എമ്മിലെ യു. പ്രതിഭയാണ് മണ്ഡലം നിലനിർത്താൻ പോരാട്ടക്കളത്തിലുള്ളത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും അരിത ബാബുവിനെയാണ് പിടിച്ചെടുക്കാൻ യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണത്തെ അഞ്ചക്ക ഭൂരിപക്ഷം ഉയർത്തുന്ന തരത്തിലുള്ള പ്രതിരോധമാണ് ഇടതുപക്ഷം തീർക്കാൻ ശ്രമിക്കുന്നത്. ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച മേൽക്കൈ ഇതിന് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ.
പാർട്ടി വോട്ടുകൾക്കപ്പുറം വ്യക്തിസൗഹൃദങ്ങളും വോട്ടായി മാറുന്നതിലൂടെ സംഭവിക്കുന്ന മുന്നേറ്റത്തിലാണ് ഇടതിെൻറ പ്രതീക്ഷ. പാർട്ടിക്കുള്ളിലുയർന്ന അസ്വാരസ്യങ്ങൾ പരിഹരിച്ചുള്ള കൂട്ടായ പ്രവർത്തനങ്ങൾ കൂടുതൽ കരുത്ത് പകരുമെന്നും അവർ കരുതുന്നു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി ജി. സുധാകരെൻറ നിരീക്ഷണവും സജീവമാണ്. 2006ൽ സി.കെ. സദാശിവനിലൂടെ യു.ഡി.എഫിൽനിന്ന് തിരിച്ചുപിടിച്ച മണ്ഡലം 2016ൽ പ്രതിഭയിലൂടെ സി.പി.എം നിലനിർത്തുകയായിരുന്നു.
അരിത ബാബുവിെൻറ വ്യക്തിത്വ മികവും ക്ഷീരകർഷക കുടുംബപശ്ചാത്തലവും അനുകൂലഘടകമാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. 21ാം വയസ്സിൽ ജില്ല പഞ്ചായത്ത് അംഗമായപ്പോൾ ലഭിച്ച യുവ പരിവേഷം നിയമസഭ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാനായത് സഹായകമാകുമെന്നും അവർ കരുതുന്നു. സ്ഥാനാർഥിത്വത്തിനായി കോൺഗ്രസിലുയർന്ന തർക്കങ്ങളെ പരിഹരിക്കാനായതിലും യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നു.
അരിതയോടുള്ള കോൺഗ്രസ് നേതൃ താൽപര്യം താഴെത്തട്ടിലേക്ക് പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളും സജീവമാണ്.െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരനെ ഏകോപനത്തിനായി ചുമതലപ്പെടുത്തിയതും ഇതിെൻറ ഭാഗമാണെന്ന് പറയുന്നു.
പിണക്കങ്ങൾ പറഞ്ഞുതീർത്തും ദൈനംദിന പ്രവർത്തനം വിലയിരുത്തിയും പോരായ്മകൾ പരിഹരിച്ചും സജീവമായി ഇദ്ദേഹം രംഗത്തുണ്ട്. 2001ൽ എം.എം. ഹസൻ വിജയിച്ച തരത്തിലുള്ള രാഷ്ട്രീയമാറ്റമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. പ്രധാന മുന്നണി സ്ഥാനാർഥികളുടെ കണക്കുകളെ തെറ്റിക്കുന്നതിൽ എൻ.ഡി.എയുടെ സ്ഥാനാർഥിത്വം പ്രധാന പങ്കുവഹിക്കുമെന്നത് ഉറപ്പാണ്.
കഴിഞ്ഞ തവണ പിടിച്ച വോട്ട് വിഹിതം പി. പ്രദീപ് ലാൽ മറികടക്കുമോയെന്നതാണ് ഇരുമുന്നണിയെയും കുഴക്കുന്നത്. സമുദായ സംഘടന നേതാവിെൻറ സ്ഥാനാർഥിത്വം ഇടതു-െഎക്യമുന്നണി പക്ഷങ്ങളുടെ ചങ്കിടിപ്പ് വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. മൈന ഗോപിനാഥ് (എസ്.യു.സി.െഎ), ഗീവർഗീസ് ശാമുവൽ (സ്വ), മണിയപ്പൻ ആചാരി (സ്വ), ആർ. രാജീവ് (സ്വ), എസ്. സത്യനാരായണൻ (സ്വ) എന്നിവരും മത്സരരംഗത്തുണ്ട്.
2016ലെ തെരഞ്ഞെടുപ്പിൽ 11,857 വോട്ടിെൻറ ഭൂരിപക്ഷത്തിൽ യു. പ്രതിഭ കോൺഗ്രസിലെ എം. ലിജുവിനെയാണ് പരാജയപ്പെടുത്തിയത്. പ്രതിഭക്ക് 72,956ഉം (46.53 ശതമാനം) ലിജുവിന് 61,099ഉം (38.96 ശതമാനം) ബി.ഡി.ജെ.എസിലെ ഷാജി എം. പണിക്കർക്ക് 20,000 (12.75 ശതമാനം) വോട്ടും ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.