കായംകുളത്ത് ഏറ്റുമുട്ടുന്നത് രാഷ്ട്രീയം
text_fieldsആലപ്പുഴ: സിറ്റിങ് എം.എൽ.എയും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ യു. പ്രതിഭയും മുൻ ജില്ല പഞ്ചായത്ത് അംഗം അരിത ബാബുവും തമ്മിൽ ഉശിരൻ പോരാട്ടമാണ് ഇത്തവണ കായംകുളത്ത്.
ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തിയ കെ.ഒ. അയിഷാബായിയും പ്രഗത്ഭ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞും മുതൽ സി.കെ. സദാശിവനും ജി. സുധാകരനും വരെയുള്ള ശക്തരായ കമ്യൂണിസ്റ്റ് നേതാക്കളും തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ളയും മുൻമന്ത്രിമാരായ തച്ചടി പ്രഭാകരനും എം.എം. ഹസനും വരെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രതിനിധീകരിച്ച മണ്ണാണിത്. കൃത്യമായ രാഷ്ട്രീയ പോരാട്ടമാണ് ഇവിെട അരങ്ങേറുന്നത്.
കഴിഞ്ഞതവണ പ്രതിഭയോട് പരാജയപ്പെട്ട എം. ലിജുവിെൻറ പേരാണ് അവസാനനിമിഷം വരെ പറഞ്ഞുകേട്ടിരുന്നത്. ലിജുവിനും കായംകുളം വിട്ടൊരു മണ്ഡലം താൽപര്യമില്ലായിരുന്നുവെന്നത് നേര്. അമ്പലപ്പുഴയിലേക്ക് കൂടുമാറിയ ലിജുവിന് പകരം അവസാനം കണ്ടെത്തിയ അരിതയെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രചാരണത്തിെൻറ മുൻനിരയിലേക്ക് കൊണ്ടുവരാൻ യു.ഡി.എഫിന് കഴിഞ്ഞു.
ഡി.വൈ.എഫ്.ഐ അടക്കമുള്ള പാർട്ടി ഘടകങ്ങളുമായി പലപ്പോഴും കൊമ്പുകോർത്ത പ്രതിഭക്കെതിരെ സി.പി.എമ്മിനുള്ളിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
കെ.എസ്. ബാബുജാൻ അടക്കമുള്ള അർഹരായവരെ തഴഞ്ഞാണ് പ്രതിഭയുടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടായത്്. ഇത്തരം പ്രശ്നങ്ങൾ മുതലാക്കാമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. അതേസമയം, അവസാന നിമിഷത്തിൽ ഈ കണക്കുകൂട്ടൽ തെറ്റിച്ച് സി.പി.എം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രതിഭക്ക് വോട്ട് ഉറപ്പിക്കാൻ പാർട്ടിയുടെ എല്ലാ ഘടകങ്ങളിലേക്കും കർശന നിർദേശം സി.പി.എം നൽകിക്കഴിഞ്ഞു.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ എ.എം. ആരിഫിെൻറ വിജയത്തിന് വഴിയൊരുക്കിയത് കായംകുളത്തെ വോട്ടർമാർ നൽകിയ 4297 വോട്ടാണെന്ന് കാണാം.
കഴിഞ്ഞ തവണത്തെ പ്രതിഭയുടെ 11,857 വോട്ടിെൻറ ഭൂരിപക്ഷവും പുതിയ വോട്ടർമാരുമാണ് എൽ.ഡി.എഫിെൻറ പ്രതീക്ഷ. എസ്.എൻ.ഡി.പി യോഗം ഭാരവാഹിയും ബി.ഡി.ജെ.എസ് ജില്ല വൈസ് പ്രസിഡൻറുമായ പ്രദീപ് ലാലിനെയാണ് എൻ.ഡി.എ അവതരിപ്പിച്ചിരിക്കുന്നത്.
നിയമസഭ-2016
എല്‍.ഡി.എഫ്- 72956
യു.ഡി.എഫ്-61099
എന്‍.ഡി.എ-20,000
ഭൂരിപക്ഷം 11857
ലോക്സഭ- 2019
എല്‍.ഡി.എഫ്-62370
യു.ഡി.എഫ്-58073
എന്‍.ഡി.എ-31660
ഭൂരിപക്ഷം-4297
തദ്ദേശം -2020
എല്‍.ഡി.എഫ്-69463
യു.ഡി.എഫ്-56964
എന്‍.ഡി.എ-32748
ഭൂരിപക്ഷം-12499
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.