പാഴാക്കാനില്ല ഒരു വോട്ടും; ചക്രക്കസേരയിൽ ടിൻസിയെത്തി
text_fieldsകൊച്ചി: മട്ടാഞ്ചേരി ഈരവേലിയിലെ ഭിന്നശേഷിക്കാരും മറ്റും താമസിക്കുന്ന സ്പെഷൽ ഹോമിൽനിന്ന് അരകിലോമീറ്ററോളം വീൽചെയറിൽ താണ്ടി മട്ടാഞ്ചേരിയിലെ എം.എ.എസ്.എസ് എൽ.പി സ്കൂളിൽ ടിൻസിയെത്തിയത് ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകണമെന്ന ഉറച്ചബോധ്യത്തോടെയാണ്.
രാവിലെ പത്തരയോടെ സ്ഥാപനത്തിലെ ജീവനക്കാരിക്കും മറ്റൊരു അന്തേവാസിക്കുമൊപ്പമാണ് ഈ യുവതി ആവേശത്തോടെ വോട്ടുചെയ്യാനെത്തിയത്. പതിവുപോലെ നിശ്ചയദാർഢ്യത്തോടെ വോട്ടുചെയ്ത് മടങ്ങുമ്പോൾ ആ ചക്രക്കസേരക്ക് വേഗംകൂടി.
ജന്മനാ കാലുകൾക്ക് സ്വാധീനക്കുറവുള്ളതുമൂലം നടക്കാനാവില്ല ടിൻസിക്ക്. എന്നാൽ, ഓട്ടോമാറ്റിക് ചക്രക്കസേരയിൽ വേഗത്തിൽ മുന്നോട്ടുനീങ്ങുന്നതു കാണുമ്പോൾ വിസ്മയം തോന്നും. കുഞ്ഞുനാൾ മുതൽ എറണാകുളത്തെ ഒരു അഭയകേന്ദ്രത്തിലാണ് ടിൻസി വളർന്നത്.
അഞ്ചുവർഷം മുമ്പ് ഈരവേലിയിലെ സ്ഥാപനത്തിലെത്തി. 32 വയസ്സിനിടെ പരമാവധി വോട്ട് ചെയ്തിട്ടുണ്ട്. വോട്ട് നമ്മുടെ അവകാശമാണ്, അത് ചെയ്യാതിരിക്കാനാവില്ല എന്നതാണ് ടിൻസിയുടെ അഭിപ്രായം.
മികച്ച തയ്യൽക്കാരിയായ ടിൻസി, സ്ഥാപനത്തിലെ അന്തേവാസികളായ കുട്ടികൾക്കുള്ള ഉടുപ്പും മറ്റുമെല്ലാം തയ്ച്ച് നൽകാറുണ്ട്. പാട്ടുപാടാനും മിടുക്കിയാണ്.
വിശേഷ ദിവസങ്ങളിൽ അൽപം അകലെയുള്ള ചർച്ചിലേക്കും ചക്രക്കസേരയിൽ ഈ യുവതി പോകാറുണ്ട്. ടിൻസിയെക്കൂടാതെ സ്ഥാപനത്തിലെ മറ്റ് അന്തേവാസികളും വോട്ടുചെയ്യാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.