'പഞ്ചവടിപ്പാല'ത്തെ പൊളിച്ചടുക്കി 'മാഫിയ'; കളമശ്ശേരിയിൽ പോസ്റ്റർ യുദ്ധം
text_fieldsകൊച്ചി: 'പഞ്ചവടിപ്പാല'ത്തെ പൊളിച്ചടുക്കി 'മാഫിയ'. ഹിറ്റായ രണ്ട് മലയാള സിനിമക്ക് 2021ലെ തെരഞ്ഞെടുപ്പിൽ എന്തുകാര്യമെന്ന് ചോദിച്ചവർ കളമശ്ശേരി മണ്ഡലത്തിലെത്തണം. ഇവിടെ ചുവരുകളിൽ ഇപ്പോൾ രണ്ട് സിനിമ പോസ്റ്ററും ഹിറ്റായി ഓടുകയാണ്.
ഹൈകോടതി പഞ്ചവടിപ്പാലമെന്ന് വിശേഷിപ്പിച്ച പാലാരിവട്ടം പാലത്തിലെ അഴിമതിയെ മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയമാക്കിയ എൽ.ഡി.എഫാണ് പഞ്ചവടിപ്പാലം സിനിമയുടെ പോസ്റ്റർ മണ്ഡലത്തിൽ അങ്ങിങ്ങായി പതിച്ചത്. പെെട്ടന്ന് പ്രത്യക്ഷപ്പെട്ട പോസ്റ്റർ മണ്ഡലത്തിലെ ചൂടേറിയ രാഷ്ട്രീയ ചർച്ചയായി. മുൻമന്ത്രിയും സിറ്റിങ് എം.എൽ.എയുമായ വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ മകൻ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറും സി.പി.എമ്മിലെ പി. രാജീവും തമ്മിലാണ് പ്രധാന മത്സരം.
പഞ്ചവടിപ്പാലം സിനിമയുടെ ഒറിജിനൽ പോസ്റ്ററിൽ ഒരുവിധ സമകാലീന രാഷ്ട്രീയ സംഭവങ്ങളുെടയും സൂചനകളില്ല എന്നതാണ് കൗതുകകരമെങ്കിൽ മാഫിയ സിനിമയുടെ പോസ്റ്ററിൽ നിറയെ എൽ.ഡി.എഫ് കാലത്തെ ചൂടേറിയ അഴിമതി വിഷയമാണ്.
ബുധനാഴ്ചയാണ് പഞ്ചവടിപ്പാലം സിനിമയുടെ പോസ്റ്ററുകൾ മണ്ഡലത്തിൽ പതിച്ചത്. ഇതിന് മറുപടി പോസ്റ്ററായി 'മാഫിയ' എത്തിയത് വെള്ളിയാഴ്ചയും. ഇടപ്പള്ളി മുതൽ കളമശ്ശേരി വരെയുള്ള ഭാഗങ്ങളിലാണ് പോസ്റ്ററുകളത്രയും പതിച്ചിട്ടുള്ളത്. പ്രളയഫണ്ടിലെ തട്ടിപ്പും അനധികൃത സ്വത്തുസമ്പാദനത്തിന് ഏരിയ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള വാർത്ത കട്ടിങ്ങുകൾ 'മാഫിയ' പോസ്റ്ററിലുണ്ട്. പ്രചാരണം പലവിധത്തിലാണെങ്കിലും സിനിമ പോസ്റ്റർകൊണ്ടുള്ള യുദ്ധം ഇതാദ്യമായിരിക്കാം. ഏതായാലും ഇരുസിനിമ പോസ്റ്ററും മണ്ഡലത്തിലുള്ളവർ കൗതുകമായാണ് വീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.