സാമുദായിക നിലപാടിൽ വലിയ ഉറപ്പില്ലാതെ എൽ.ഡി.എഫ്
text_fieldsസ്വന്തം ലേഖകൻ
കൊച്ചി: മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെയും നായർ- പിന്നാക്ക-ദലിത് വിഭാഗങ്ങളുടെയും വോട്ടുകൾ ആർക്ക് ലഭിക്കുമെന്ന വിശകലനത്തിൽ എൽ.ഡി.എഫിൽ ആശങ്ക. ക്രിസ്ത്യൻ വോട്ടുകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ഇരുകൈയും നീട്ടി മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്. അതോടെ സവർണ ക്രൈസ്തവർ യു.ഡി.എഫിൽനിന്ന് അകലുമെന്നായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ.
എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത്തരമൊരു വേലിയേറ്റം ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി മണ്ഡലങ്ങളിൽ ജോസ് വിഭാഗം വെള്ളം കുടിച്ചുവെന്നാണ് റിപ്പോർട്ട്.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുസ്ലിം, ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിലേക്കാണ് ഒഴുകിയത്. ഈ വോട്ടുകൾ യു.ഡി.എഫിലേക്ക് പോയാൽ തുടർ ഭരണം എളുപ്പമാവില്ല. മലബാറിലെ മുസ്ലിം വോട്ടിൽ ബഹുഭൂരിപക്ഷം യു.ഡി.എഫിന് ലഭിക്കുമെന്നതിൽ തർക്കമില്ല. എസ്.ഡി.പി.ഐ ചിലയിടത്ത് എൽ.ഡി.എഫിനൊപ്പം നിന്നെങ്കിലും അത് ഇടതു വിജയത്തിന് വഴിയൊരുക്കില്ല. തിരുവിതാംകൂറിലെ മുസ്ലിം വിഭാഗത്തിനിടയിലും യു.ഡി.എഫ് അനുകൂല ചലനമുണ്ടായി. അതേസമയം, ബി.ജെ.പിയെ തോൽപ്പിക്കാൻ ജയസാധ്യത നോക്കി ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫിനും വോട്ട് ചെയ്തു. നേമം, കഴക്കൂട്ടം, ചാത്തന്നൂർ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ അങ്ങനെ സംഭവിച്ചതായാണ് കരുതുന്നത്. അതേസമയം കഴിഞ്ഞ തവണ ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫിനെ അനുകൂലിച്ചവർ ഇത്തവണ യു.ഡി.എഫിനൊപ്പമായെന്നും വിലയിരുത്തലുണ്ട്.
എൻ.എസ്.എസ് ഇത്തവണ യു.ഡി.എഫിനൊപ്പമായിരുന്നു. ദലിത് -ആദിവാസി ജനത എൽ.ഡി.എഫിെൻറ സ്ഥിരം വോട്ട് ബാങ്കാണ്. എന്നാൽ, കെ.പി.എം.എസ് അടക്കമുള്ള ദലിത് സംഘടനകൾ പൂർണമായി ഇത്തവണ എൽ.ഡി.എഫിനൊപ്പം നിന്നിട്ടില്ല. സ്ഥാനാർഥി പട്ടികയിൽ എൽ.ഡി.എഫ് നടത്തിയ അട്ടിമറി കഴിഞ്ഞ തവണ കിട്ടിയ മണ്ഡലങ്ങളിൽ വിള്ളലുണ്ടാക്കിയേക്കുമെന്നും വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.