ആഭ്യന്തര വിനോദ സഞ്ചാരികൾക്കായി മൂവാറ്റുപുഴയിൽ അർബൻ ടൂറിസം പദ്ധതി
text_fieldsമൂവാറ്റുപുഴ: നഗരസഭയുടെ ആഭിമുഖ്യത്തിൽ ആഭ്യന്തര വിനോദ സഞ്ചാരികൾക്കായി മുനിസിപ്പൽ പാർക്ക് ആസ്ഥാനമായി അർബൻ ടൂറിസം ഹബിന് രൂപം നൽകുന്നു. ജില്ലയുടെ ഉപഗ്രഹ നഗരമായി വളർന്നുവരുന്ന മൂവാറ്റുപുഴയെ ജി_വാട്ടർ സ്പോർട്സ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികൾക്കും രൂപരേഖയായി. തൊടുപുഴയാറിനു കുറുകെ പാർക്കുമായി ബന്ധിപ്പിച്ച് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിക്കുന്നതടക്കം വൻ പദ്ധതിയാണ് നടപ്പാക്കുന്നത്. നഗരസഭയും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് നടപ്പാക്കുന്നത്. നഗരസഭ ഡ്രീം ലാൻഡ് പാർക്ക് ആസ്ഥാനമാക്കിണ് ടൂറിസം ഹബിന് രൂപം നൽകുന്നത്. നിലവിലെ പാർക്ക് ലോകോത്തര നിലവാരത്തിൽ നവീകരിക്കും.
വൈവിധ്യമാർന്ന ഭക്ഷണ പാനീയങ്ങൾ ലഭിക്കുന്ന റസ്റ്റാറൻറ് ആയിരിക്കും മുഖ്യ ആകർഷകം. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ കഴിയുന്ന സാഹസിക റൈഡുകളും സ്ഥാപിക്കും. ലോകോത്തര കളിക്കോപ്പുകളും പ്രത്യേക കളിസ്ഥലം എന്നിവയും ഉണ്ടാകും. ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രളയ സമയത്ത് അഴിച്ചുമാറ്റി സൂക്ഷിക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കും നിർമിക്കുക. നിലവിെല പുഴയോര നടപ്പാതയുടെ ദൈർഘ്യം വർധിപ്പിക്കും. പാലം നിർമിക്കുന്നതുമുതൽ ലതാപാലം വരെയും ത്രിവേണി സംഗമം മുതൽ കച്ചേരിത്താഴം വരെയും പുഴയോര നടപ്പാത പുതുതായി നിർമിക്കും. നിലവിലെ പാത നവീകരിക്കും.
പ്രതിദിനം 7000 മുതൽ 8000 വരെ ആളുകൾക്ക് വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള സൗകര്യമാകും ഒരുക്കുക എന്നതാണ് ലക്ഷ്യം. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവരുടെകൂടി ശ്രദ്ധ ആകർഷിക്കുന്നതിന് എല്ലാ വർഷവും ഫെസ്റ്റ് സംഘടിപ്പിക്കും. ഇതിനുപുറമെ തൊടുപുഴ, -മൂവാറ്റുപുഴ ആറുകളിൽ ബോട്ട് സർവിസ് ആരംഭിക്കും. പാർക്ക് മുതൽ ചാലിക്കടവ് പാലം, കച്ചേരിത്താഴം വരെ ആദ്യഘട്ടത്തിൽ ഉല്ലാസ ബോട്ട് യാത്ര ഒരുക്കും.
വാട്ടർ സ്പോർട്സ് ലക്ഷ്യമിട്ട് കയാക്കി, തുഴവഞ്ചി എന്നിവ പുഴയിൽ ഇറക്കും. യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ, നഗരസഭ ചെയർമാൻ പി.പി. എൽദോസ്, ടൂറിസം സെക്രട്ടറി എ. ഷാഹുൽ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എസ്. വിജയകുമാർ, തിരുവിതാംകൂർ ദേവസ്വം ചീഫ് എൻജിനീയർ എസ്. കൃഷ്ണകുമാർ, ടൂറിസം കൺസൾട്ടൻറ് ജി. മഹേഷ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരായ പി.എം. ആശ, ഷാജി എം. ചാണ്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.