കൊടുങ്ങല്ലൂർ കൈക്കലാക്കാൻ
text_fieldsചോദ്യശരങ്ങളുമായി ജാക്സൺ
മാള: കുടിവെള്ളമടക്കം മണ്ഡലത്തിലെ വികസനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് സാരഥി എം.പി. ജാക്സെൻറ പര്യടനം. തിങ്കളാഴ്ച രാവിലെ പുത്തൻ ചിറയിലായിരുന്നു പ്രചാരണ തുടക്കം. മങ്കിടിയാൻ ജങ്ഷൻ, മാണിയം കാവ്, വെള്ളൂർ, കൊമ്പത്തു കാവ്, പിണ്ടാണി, കരിങ്ങോൾ ചിറ, ശാന്തിനഗർ... എന്നിങ്ങനെ മുപ്പതോളം കേന്ദ്രങ്ങളിൽ വികസന മുരടിപ്പ് ഒട്ടനവധി ചോദ്യശരങ്ങളായി ഉയർത്തിയാണ് പ്രചാരണം.
മണ്ഡലത്തിലെ പഴം സംസ്കരണ ഫാക്ടറി പ്രവർത്തനം നടക്കുന്നുണ്ടോ? കോഴിത്തീറ്റ ഫാക്ടറിയുടെ അവസ്ഥയെന്താണ്? മത്സ്യവളർത്തൽ കേന്ദ്രമായ അഡാക്കിൽ വനിത കാൻറീൻ മാത്രമല്ലേ പ്രവർത്തിക്കുന്നത്? ചോദ്യങ്ങൾ നീളുകയാണ്. ചോദ്യങ്ങളൊക്കെ ശാന്തതയോടെയാണെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. തൊഴിൽ അവസരങ്ങൾ ധാരാളം സൃഷ്ടിക്കാനാവുന്ന വ്യവസായ സംരംഭങ്ങൾ സ്തംഭിച്ചു കിടക്കുന്നു. ഇതിന് മാറ്റമുണ്ടാവേണ്ടേ?.
ജയിച്ചു വന്നാൽ എല്ലാത്തിനും മാറ്റമുണ്ടാകുമെന്നും അതിന് തന്നെ വിജയിപ്പിക്കണമെന്നുമുള്ള അഭ്യർഥനയോടെ പ്രസംഗം അവസാനിപ്പിക്കുന്നു. നേതാക്കളായ ടി.യു. രാധാകൃഷ്ണൻ, വി.എ. അബ്ദുൽ കരീം, എ.എ. അഷറഫ്, ജോഷി പെരേപ്പാടൻ, കെ.എൻ. സജീവൻ, വി.എ. നദീർ, അരുൺ രാജ് തുടങ്ങി വലിയൊരു സംഘത്തോടൊപ്പമാണ് പര്യടനം.
ഉത്സവപ്രതീതിയിൽ സുനിൽകുമാർ
മാള: രാവിലെ എട്ടിന് തെക്കേകുന്നിൽ നിന്നുമാണ് എൽ.ഡി.എഫ് സാരഥിയും സിറ്റിങ് എം.എൽ.എയുമായ വി.ആർ. സുനിൽകുമാർ പ്രചാരണത്തിന് തുടക്കം കുറിച്ചത്. 8.20 അയനിക്കാട്, 8.45 നാരായണമംഗലം തുടർന്ന് ഉഴുവത്ത്കടവ്, പുതിയ പോസ്റ്റ്, നായ്കുളം പിന്നിട്ട് ചാപ്പാറ ജങ്ഷനിലെത്തുമ്പോൾ 11.50. ഇരുചക്ര വാഹനങ്ങളും പ്രചാരണ വാഹനങ്ങളും ഒക്കെക്കൂടി ഉത്സവപ്രതീതിയിലാണ് പര്യടനം.
ഒാരോ കവലകളിലും അമ്മമാരും കുട്ടികളുമുൾപ്പെടെയുള്ളവർ കാത്തുനിൽക്കുന്നു.സ്ഥാനാർഥി എത്തുന്നതിന് മുമ്പുള്ള പ്രസംഗകർക്ക് പറയാനുള്ളത് എൽ.ഡി.എഫ് ഭരണ നേട്ടങ്ങൾ. പ്രസംഗം തീരുന്നതിനു മുേമ്പ ആർപ്പുവിളികളുമായി സാരഥിയും സംഘവും എത്തുന്നതോടെ കൊന്നപ്പൂക്കളും ഷാളും അണിയിച്ച് സ്വീകരണം. കാതടപ്പിച്ച് പടക്കം പൊട്ടിക്കൽ. പിന്നെ മൈക്ക് വാങ്ങി സ്ഥാനാർഥി ഭരണനേട്ടങ്ങൾ ആവർത്തിക്കുന്നു.
800 കോടിയുടെ വികസനം കൊണ്ടുവന്നു. ഇത് പൂർത്തീകരിക്കണം. രണ്ടര ലക്ഷം പേർക്ക് പട്ടയം നൽകി. ഇനിയും ഒരു ലക്ഷം പേർക്കുകൂടി നൽകാനുണ്ട്. അവ നൽകണം. ഭവനരഹിതർക്കെല്ലാം വീടുകൾ നൽകും. അങ്ങനെ പോകുന്നു പ്രഭാഷണം. ഉച്ച ഭക്ഷണം ചാപ്പാറ ഇ.കെ.ഡി. ഹാളിൽ. സമയം ഉച്ചക്ക് ഒന്ന് പിന്നിട്ടു. 27 ഇടത്താണ് എത്തേണ്ടത്. 10 പിന്നിട്ടു. ഇനി 17 കൂടി ബാക്കിയുണ്ട്. വിശ്രമ ശേഷം മൂന്നിന് കാവിൽ കടവിൽ നിന്നും പര്യടന തുടർച്ച. സമാപനം വൈകീട്ട് ഏഴിന് നാലുകണ്ടം.
കടന്നാക്രമിച്ച് സന്തോഷ്
മാള: എൻ.ഡി.എ സ്ഥാനാർഥി സന്തോഷ് ചെറാകുളം തെൻറ പ്രചാരണം രാവിലെ പൊയ്യ പഞ്ചായത്തിലെ അത്തിക്കടവിൽ നിന്ന് ആരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കാത്തുനിന്നിരുന്നു. പൊയ്യ കമ്പനി പടി, പൂപ്പത്തി ഈസ്റ്റ് ജങ്ഷൻ, പൂപ്പത്തി നാൽ കവല തുടങ്ങിയ സ്ഥലങ്ങളിൽ വികസന മുരടിപ്പിനെ കുറിച്ചും സർക്കാറിെനതിരെയും കോൺഗ്രസിനെ ആക്രമിച്ചും കുറഞ്ഞ സമയത്തെ സംസാരം.
ചക്കാട്ടികുന്ന് കഴിഞ്ഞ് ജഡ്ജ് മുക്കിൽ ബി.ജെ.പി പ്രവർത്തകൻ കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ ഉച്ചഭക്ഷണം. മടത്തുംപടിയിൽ ഉച്ചയോടെ സമാപനം. നേതാക്കളായ ഡോ. ആശാലത, ശശി മേനോൻ, മനോജ് പുത്തൻചിറ എന്നിവർ വിവിധ കവലകളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.