കടുപ്പമാണ് കൊടുവള്ളിയുടെ കാര്യം
text_fieldsകോഴിക്കോട്: അനുകൂല ഘടകങ്ങളേറെയുണ്ടെങ്കിലും യു.ഡി.എഫിന് കൊടുവള്ളി മത്സരം കടുപ്പം. മുസ്ലിം ലീഗ് സുരക്ഷിത മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സീറ്റിൽ എം.കെ. മുനീറാണ് അങ്കത്തട്ടിലുള്ളത്.
എതിർസ്ഥാനാർഥി കഴിഞ്ഞ തവണ ലീഗിൽനിന്ന് പുറത്തുവന്ന് എൽ.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച കാരാട്ട് റസാഖ്. അന്നത്തെക്കാൾ ശക്തനായാണ് റസാഖിെൻറ രണ്ടാം വരവ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ മണ്ഡലത്തിലിറങ്ങി ഓളം സൃഷ്ടിച്ചു.
നാട്ടുകാരനായ സ്ഥാനാർഥി എന്ന പ്രചാരണത്തിന് എൽ.ഡി.എഫ് ഊന്നൽ നൽകുന്നു. റസാഖ് എം.എൽ.എ ആയപ്പോഴുണ്ടായ വികസനവും ചർച്ചയാകുന്നുണ്ടിവിടെ. അതൊക്കെ എത്രത്തോളം എൽ.ഡി.എഫിന് അനുകൂലമായ വോട്ടാവും എന്നതാണ് മണ്ഡലം ഉറ്റുനോക്കുന്നത്.
ലീഗിനെ സംബന്ധിച്ച് മണ്ഡലം തിരിച്ചുപിടിക്കൽ അനിവാര്യമാണ്. മുസ്ലിം ലീഗിന് ശക്തമായ അടിത്തറയുള്ള മണ്ണിൽ മുനീർ മത്സരത്തിനെത്തിയതോടെ പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ തൽക്കാലം മാറി. താഴേക്കിടയിൽ പാർട്ടി ഘടകങ്ങൾ തെരഞ്ഞെടുപ്പ് അടുക്കുന്തോറും ചിട്ടയായ പ്രവർത്തനത്തിലേക്ക് വരുന്ന കാഴ്ചയാണ്.
പ്രാദേശിക പടലപ്പിണക്കങ്ങളുടെ പേരിലാണ് 2016ൽ യു.ഡി.എഫിന് സീറ്റ് നഷ്ടമായത്. 573 വോട്ടിെൻറ ഭൂരിപക്ഷത്തിന് കാരാട്ട് റസാഖ് 2016ൽ എതിർസ്ഥാനാർഥിയായിരുന്ന മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം.എ. റസാഖിെന തോൽപിച്ചു. ഇത്തവണ വീണ്ടും എം.എ. റസാഖും മുൻ കൊടുവള്ളി എം.എൽ.എ വി.എം. ഉമ്മർ മാസ്റ്ററും സീറ്റ് കിട്ടാൻ വേണ്ടി നടത്തിയ 'മത്സര'ത്തിനൊടുവിലാണ് മുനീർ കൊടുവള്ളിയിൽ എത്തിയത്.
2006ലാണ് കൊടുവള്ളി ആദ്യമായി ലീഗിന് നഷ്ടമായത്. ലീഗ് നേതാവായിരുന്ന പി.ടി.എ. റഹീം ഇടതുപാളയത്തിലേക്ക് മാറി മത്സരിക്കുകയായിരുന്നു ഇവിടെ. കെ. മുരളീധരനായിരുന്നു അന്ന് എതിർ സ്ഥാനാർഥി. 7510 വോട്ടിെൻറ ഭൂരിപക്ഷത്തിൽ റഹീം ജയിച്ചു. അത് പക്ഷേ, കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ ലീഗ് നേതാക്കൾ കടപുഴകിയ തെരഞ്ഞെടുപ്പായിരുന്നു.
ബി.ജെ.പിക്ക് പതിനൊന്നായിരത്തോളം വോട്ടുണ്ട് മണ്ഡലത്തിൽ. എസ്.ഡി.പി.ഐക്ക് രണ്ടായിരത്തിനടുത്ത് വോട്ടുണ്ട്. വെൽഫെയർ പാർട്ടിക്കും രണ്ടായിരത്തോളം വോട്ടുണ്ട്.
കാന്തപുരം സുന്നി വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ അവരുെട പിന്തുണ എല്ലാകാലത്തും എൽ.ഡി.എഫിനാണ്. 2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും കൊടുവള്ളി നഗരസഭയും യു.ഡി.എഫിന് സ്വന്തമാക്കാനായി. ഏഴായിരത്തിലധികം വോട്ടിെൻറ ലീഡ് യു.ഡി.എഫിന് ലഭിച്ചു. പഴയ കൊടുവള്ളിെയ സംബന്ധിച്ച് അത് തൃപ്തികരമായ ലീഡല്ല.
നിയമസഭ 2016
കാരാട്ട് റസാഖ്
(എൽ.ഡി.എഫ് സ്വത): 61,033
എം.എ. റസാഖ്
(മുസ്ലിം ലീഗ്): 60,460
അലി അക്ബർ
(ബി.ജെ.പി): 11,537
ഭൂരിപക്ഷം: 573
തദ്ദേശം 2020
യു.ഡി.എഫ് 86,825
എൽ.ഡി.എഫ് 73,649
എൻ.ഡി.എ 10,595
ലോക്സഭ 2019
യു.ഡി.എഫ് 81,689
എൽ.ഡി.എഫ് 45,781
എൻ.ഡി.എ 11,682
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.