തെരഞ്ഞെടുപ്പിെൻറ പിറ്റേന്നും തിരക്കൊഴിയാതെ സ്ഥാനാർഥികൾ
text_fieldsകോതമംഗലം: തെരഞ്ഞെടുപ്പ് ആരവങ്ങൾ ഒഴിഞ്ഞിട്ടും കോതമംഗലത്തെ യു.ഡി.എഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം ബുധനാഴ്ചയും തിരക്കിലായിരുന്നു.
രാവിലെ വിവിധ ദേവാലയങ്ങളിൽ പ്രാർഥന നടത്തിയശേഷം കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കാണാൻ തൊടുപുഴയിലേക്ക്. അദ്ദേഹവുമായി തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ചർച്ചചെയ്തു. വീണ്ടും കോതമംഗലത്തേക്ക്. തെൻറ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നവരെ വഴിയിൽ കണ്ടപ്പോൾ വാഹനം നിർത്തി കുശലം പറഞ്ഞു.
പിന്നീട് നെല്ലിക്കുഴിയിൽ സി.പി.എം നേതാവും മുൻ പഞ്ചായത്ത് അംഗവുമായ സി.ഇ. നാസറിെൻറ സഹോദരൻ ചക്കുംതായം പരീക്കുട്ടി ഹാജിയുടെ മരണവിവരമറിഞ്ഞ് അദ്ദഹത്തിെൻറ വസതിയിലും ചേലാട്ട് മരണപ്പെട്ട ഇടയത്തുകുടിയിൽ എൽദോസ് കുര്യെൻറ വസതിയിലും എത്തി.
എൽ.ഡി.എഫ് സ്ഥാനാർഥിയും എം.എൽ.എയുമായ ആൻറണി ജോൺ രാവിലെതന്നെ മരണവീടുകൾ സന്ദർശിക്കുകയും കല്യാണങ്ങളിൽ പങ്കുചേരുകയും ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം രാത്രിയും ബുധനാഴ്ചയുമായി സംഘ്പരിവാർ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെ സന്ദർശിച്ചു.
എൻ.ഡി.എ സ്ഥാനാർഥി ഷൈൻ കെ. കൃഷ്ണൻ തൃക്കാരിയൂരിലെ വീടുകൾ സന്ദർശിച്ച് ബി.ജെ.പി ഓഫിസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തി.
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും എൽദോ എബ്രഹാം തിരക്കിലാണ്. എൽ.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും ഫോണിൽ വിളിച്ചു.
തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം എൽ.ഡി.എഫ് പ്രവർത്തകരുമായി പങ്കിട്ടു. രാവിലെ നാട്ടുകാർ സുഹൃത്തുക്കൾ, എൽ.ഡി.എഫ് പ്രവർത്തകർ എന്നിവരെ കണ്ടു. എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി. വോട്ടുശതമാനവും കൂട്ടലും കിഴിക്കലിനും ശേഷം വിജയപ്രതീക്ഷയും പങ്കുെവച്ചു.
രാവിലെ വീട്ടിൽ കുറച്ചുനേരം ചെലവഴിച്ചു. സ്വന്തം നാടായ തൃക്കളത്തൂരും കോട്ടയം പാമ്പാടിയിലും ആയവന പഞ്ചായത്തിലും മരണവീടുകൾ സന്ദർശിച്ചു.
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ യു.ഡി.എഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ. പ്രചാരണ സമയങ്ങളിൽ എത്തിപ്പെടാൻ കഴിയാതിരുന്ന വിവാഹ വീടുകളും മരണ വീടുകളും കുഴൽനാടൻ ബുധനാഴ്ച സന്ദർശിച്ചു. ചികിത്സ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന പ്രവർത്തകരെ വീടുകളിലെത്തി കണ്ടു.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ മുന്നണി നേതാക്കളുമായി ചർച്ച നടത്തി. വാളകത്ത് സി.പി.എം ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് എബി പൊങ്ങണത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ആക്രമണം സംബന്ധിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.