ഹാട്രിക് ട്രാക്കിൽ ഇനി കര കയറുന്നതാര്... ?
text_fieldsകൊല്ലം ജില്ലയിൽ കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലം, കഴിഞ്ഞതവണ എൽ.ഡി.എഫിന് കൂടുതൽ ഭൂരിപക്ഷം കിട്ടിയ മണ്ഡലം, ഹാട്രിക് വിജയം നേടിയ സിറ്റിങ് എം.എൽ.എ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന മണ്ഡലം... നീളുന്നു കൊട്ടാരക്കരയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ.
ദിവസങ്ങൾ കഴിയുേമ്പാൾ പോരാട്ടം കൂടുതൽ ശക്തമാകുകയാണ്. പ്രചാരണത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം മുന്നേറുമ്പോൾ ശക്തി തെളിയിക്കാൻ എൻ.ഡി.എയുമുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും മുൻ രാജ്യസഭാ അംഗവുമായ കെ.എൻ. ബാലഗോപാലിെൻറ പ്രചാരണത്തിെൻറ മുഖ്യഘടകം സിറ്റിങ് എം.എൽ.എ പി. അയിഷാപോറ്റിയാണ്.
1980, 1982, 1987, 1991, 1996, 2001 വർഷങ്ങളിൽ പരാജയമറിയാതെ മുന്നേറിയ ആർ. ബാലകൃഷ്ണപിള്ളയെ 2006 ൽ 12,087 വോട്ടുകൾക്ക് അട്ടിമറിച്ച് അയിഷാപോറ്റിയിലൂടെയാണ് സി.പി.എം മണ്ഡലം തിരിച്ചുപിടിച്ചത്. 2011 ലും 2016 ലും അയിഷാപോറ്റി വിജയം ആവർത്തിച്ചു.
42632 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് 2016 ലെ വിജയം. വിജയത്തുടർച്ച ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് ബാലഗോപാൽ പ്രചാരണരംഗത്ത് മുന്നേറുന്നത്.
സർക്കാറിെൻറ വികസനനേട്ടങ്ങളും മണ്ഡലത്തിലെ പുരോഗതിയും വിശദീകരിച്ച് 'ഉറപ്പാണ് കൊട്ടാരക്കര' എന്ന നിലയിൽ മികച്ച പ്രവർത്തനത്തിലൂടെയാണ് എൽ.ഡി.എഫ് മുന്നേറുന്നത്. ജില്ല പഞ്ചായത്തംഗം കൂടിയായ ആർ. രശ്മി കോൺഗ്രസ് സ്ഥാനാർഥിയായി കളത്തിലിറങ്ങുമ്പോൾ തുടക്കത്തിൽ വലിയൊരു മത്സരം ആരും പ്രതീക്ഷിച്ചിരുന്നില്ല.
പ്രചാരണം മുന്നേറിയതോടെ മുൻനിരയിലേക്കെത്താൻ രശ്മിക്ക് കഴിഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളുടെ ശക്തമായ പ്രചരണത്തോടൊപ്പം ആഴക്കടൽ മത്സ്യബന്ധന കരാറും കശുവണ്ടി തൊഴിലാളികളുടെ അവസ്ഥകൂടി പ്രചാരണത്തിൽ സജീവമാക്കുന്നതിൽ യു.ഡി.എഫ് വിജയം കണ്ടു. ഇതെല്ലാം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി.
എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയിലെ വയക്കൽ സോമനും സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടായ പ്രദേശങ്ങളിൽനിന്ന് കൂടുതൽ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നേറ്റം. മുന്നണി സ്ഥാനാർഥികൾ ഉൾെപ്പടെ 10 പേരാണ് ജനവിധി തേടുന്നത്.
അണ്ണാ ഡെേമാക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറ് പാർട്ടി സ്ഥാനാർഥി ഉഷ കൊട്ടാക്കര, എസ്.യു.സി.ഐക്കായി ഇ. കുഞ്ഞുമോന്, ശിവസേന സ്ഥാനാർഥിയായി ടി. ജൈനേന്ദ്രന്‍, ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കായി വി. വേണുഗോപാല്‍ എന്നിവരും സ്വതന്ത്രരായി ഇയാംകോട് മണിക്കുട്ടൻ, മാത്യൂസ് കെ. ലൂക്കോസ്, ലാല്‍ വിശ്വന് എന്നിവരും മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.