കോട്ടയത്ത് ഹാട്രിക് അടിക്കാൻ തിരുവഞ്ചൂർ; പിടിച്ചുകെട്ടാൻ അനിൽകുമാർ
text_fieldsകോട്ടയം: ഏതു വിധേനയും സീറ്റ് നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും കോട്ടയം നിയോജകമണ്ഡലത്തിൽ പൊരിഞ്ഞ പോരാട്ടമാണ് നടത്തുന്നത്. വികസനം പറഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. അനിൽകുമാറും ഒന്നാംസ്ഥാനത്തേക്ക് ആദ്യം ഓടിക്കയറാനുള്ള ശ്രമത്തിലാണ്.
ഇരുസ്ഥാനാർഥികളും മണ്ഡലത്തിന് പരിചിതരാണ്. തുടർച്ചയായി മൂന്നാംതവണ വിജയം തേടിയിറങ്ങുന്ന തിരുവഞ്ചൂരിന് അതിെൻറ മുൻതൂക്കമുണ്ട്. സൗഹൃദം പുതുക്കലും ക്ഷേമാന്വേഷണവുമാണ് തിരുവഞ്ചൂരിന് തെരഞ്ഞെടുപ്പ് പ്രചാരണം. വികസനത്തുടർച്ചക്കാണ് തിരുവഞ്ചൂർ വോട്ടുതേടുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ പുതുമുഖമാണെങ്കിലും അനിൽകുമാറും പൊതുരംഗത്ത് സജീവമാണ്. സി.പി.എം ജില്ല കമ്മിറ്റിയംഗം കൂടിയായ ഇദ്ദേഹത്തെ നാട്ടുകാർ അടുത്തറിയുന്നത് ജില്ലയിലെ പുഴകളുടെയും തോടുകളുടെയും കാവൽക്കാരനായാണ്. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീപുനഃസംയോജന പദ്ധതിയുടെ കോഓഡിനേറ്ററായിരുന്നു.
മണ്ഡലത്തിൽ വികസനം വരണമെങ്കിൽ എൽ.ഡി.എഫ് അധികാരത്തിലെത്തണമെന്നാണ് അനിൽകുമാർ ജനങ്ങളോട് പറയുന്നത്. ജോസ് കെ. മാണിയുടെ വരവോടെ മാറിയ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് തുണയാകുമെന്ന പ്രതീക്ഷയുണ്ട് എൽ.ഡി.എഫിന്. 15 നിയമസഭ തെരഞ്ഞെടുപ്പുകളിൽ പത്തിലും ഇടതിനെ ജയിപ്പിച്ച മണ്ഡലമാണ് കോട്ടയം. നാലു തവണ കോൺഗ്രസിനെയും ഒരു തവണ സ്വതന്ത്രനെയും വിജയിപ്പിച്ചു. എന്നാൽ, പതിറ്റാണ്ടായി കോട്ടയത്തിെൻറ മനസ്സ് ഇടതിനെ കൈവിട്ട് വലത്തോട്ട് ചാഞ്ഞാണ് നിൽപ്. മണ്ഡലപുനർനിർണയമാണ് ഇതിന് കാരണമായത്.
1957ലെ ആദ്യതെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.ഐയുടെ പി. ഭാസ്കരൻനായരാണ് (കോട്ടയം ഭാസി) നിയമസഭയിലെ ആദ്യ കോട്ടയം പ്രതിനിധി. 1987ലാണ് തിരുവഞ്ചൂർ രാധാകൃഷ്ണെൻറ ആദ്യമത്സരം. അത്തവണ സി.പി.എമ്മിെൻറ ടി.കെ. രാമകൃഷ്ണനോട് 9526 വോട്ടിന് തോറ്റു. പിന്നീട് 2011ൽ വി.എൻ. വാസവനെ 711 വോട്ടിന് തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു.
2016ൽ എൽ.ഡി.എഫിെൻറ റെജി സക്കറിയയെ തോൽപ്പിച്ച് വിജയം ആവർത്തിച്ചു. ഭൂരിപക്ഷം 33632 ആക്കി ഉയർത്തുകയും ചെയ്തു. സി.പി.എം വിട്ടെത്തിയ മിനർവ മോഹനാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ തവണ ബി.ജെ.പിയുടെ എം.എസ്. കരുണാകരൻ 12582 വോട്ടുനേടിയിരുന്നു. ഇത്തവണ വോട്ടുശതമാനം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.