ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കുന്നംകുളം
text_fieldsഎ.സി. മൊയ്തീൻ
രണ്ടാംഘട്ട പ്രചാരണങ്ങൾക്ക്ശേഷം കാട്ടകാമ്പാൽ പഞ്ചായത്ത് പ്രദേശമാണ് കുന്നംകുളം എൽ.ഡി.എഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ ആദ്യ ഗൃഹ സന്ദർശനത്തിന് തെരഞ്ഞെടുത്ത്. കാരണം എതിരാളി ജയശങ്കറിെൻറ തട്ടകം കൂടിയാണത്. അങ്ങനെയാണ് മൊയ്തീൻ. എതിരാളികളുടെ മടയിൽ ചെന്ന് നേരിടുക. ആ പേരാട്ടവീര്യം ഒട്ടും ചോർന്നിട്ടില്ല ഈ 64 കാരന്.
കാട്ടകാമ്പാൽ സ്രായിൽ നിന്ന് ആരംഭിച്ച് നടുമുറി, പള്ളി പ്രദേശം ഉൾപ്പെടെയുള്ള 350 ലധികം വീടുകളിലാണ് സന്ദർശനം നിശ്ചയിച്ചത്. കാട്ടകാമ്പാലിൽ രാവിലെ ഏഴിന് തന്നെ 30ലധികം പ്രവർത്തകരും ഒപ്പം കൂടി പ്രചാരണം തുടങ്ങി. നടപ്പാക്കിയ വികസനവും തുടർ പദ്ധതികൾ നടപ്പാക്കാൻ തുടർ ഭരണവും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വോട്ടഭ്യർഥന.
വിജയവും ഉറപ്പുണ്ട്, തുടർഭരണം തന്നെയെന്ന് പറയാനും പലരും മറന്നില്ല. അവസാനം കോൺഗ്രസ് ഭരിക്കുന്ന സർവിസ് സഹകരണ ബാങ്കിലും സന്ദർശനം നടത്താൻ മടിച്ചില്ല. സെക്രട്ടറി ഉൾപ്പെടെ ജീവനക്കാരെയും നേരിട്ട് കണ്ട് വോട്ടഭ്യർഥിച്ചു. പുതിയ പദ്ധതികൾ ബാങ്ക്തലത്തിൽ നടപ്പാക്കാൻ വേണ്ട നിർദേശവും നൽകി.
പിന്നീട് കടവല്ലൂർ പഞ്ചായത്തിലേക്കായിരുന്നു യാത്ര. കടവല്ലൂർ മന്നം നഗറിലെ വീടുകളിലായിരുന്നു സന്ദർശനം. ഇതിനിടയിൽ കടവല്ലൂർ അന്യോന്യ പരിഷത്തിന് അന്യോന്യ വേദിയുണ്ടാക്കാൻ സർക്കാർ തലത്തിൽ 15 ലക്ഷം അനുവദിച്ചത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. നട്ടുച്ചവരെയും കടവല്ലൂരിൽ ചെലവഴിച്ച ശേഷം പിന്നീട് പോയത് കുന്നംകുളം കക്കാട് അമ്പലത്തിലെ പ്രസാദ ഊട്ടിനായിരുന്നു.
കെ. ജയശങ്കർ
പൊരി വെയിലത്തും തളരാത്ത മനസ്സുമായി യു.ഡി.എഫ് സ്ഥാനാർഥിയെ കാത്തു നിൽക്കുകയായിരുന്നു പോർക്കുളം കോളനിവാസികൾ. പൈലറ്റ് വാഹനമെത്തി.
അരമണിക്കൂർ പിന്നിട്ട ശേഷം എത്തിയ യുവ സ്ഥാനാർഥി കെ. ജയശങ്കറിനെ ഹാരമണിയിക്കാൻ കൂടുതലും വയോധികരായിരുന്നു. തുറന്ന വാഹനത്തിൽ കൈകൾ വീശി വന്ന സ്ഥാനാർഥിയോടൊപ്പം സെൽഫിയെടുക്കാനും നിരവധിപേർ ഉണ്ടായിരുന്നു. കോളനിയിലെ പ്രധാന റോഡിൽ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ അമ്പതിലധികം പ്രവർത്തകർക്കൊപ്പം നടന്നാണ് ആ വഴിയിലെ മുഴുവൻ വീടുകളിലും മിനിറ്റുകൾക്കുള്ളിൽ കയറിയിറങ്ങിയത്.
സ്വീകരണം വിലമതിക്കാവുന്നതാണെന്നും വിജയ പ്രതീക്ഷ കൂട്ടാനായെന്നും ജയശങ്കർ പറഞ്ഞു. മന്ത്രി മണ്ഡലം കൂടിയായ കുന്നംകുളത്തെ വികസന മുരടിപ്പാണ് സ്ഥാനാർഥി ചൂണ്ടികാട്ടിയത്. രൂക്ഷ കുടിവെള്ള പ്രശ്നത്തിൽ ഫലപ്രദ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ മന്ത്രിയും കൂടിയായ എം.എൽ.എ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തി.
തുടർന്ന് പോർക്കുളം കരുവാൻപടി സെൻററിലും സ്വീകരണം ഏറ്റുവാങ്ങി. പഞ്ചായത്ത് അതിർത്തിയായ തിരുത്തിക്കാട് മൊയ്യ് കുളം വരെ എത്തിയ ശേഷം അവിടെ നിന്നും തിരിച്ച് ചെറിയ ഇടവഴികളിലൂടെയും വോട്ടഭ്യർഥിച്ച് സഞ്ചരിച്ചു. പിന്നീട് എത്തിയത് മങ്ങാട് പൊന്നം സെൻററിൽ. മിച്ചഭൂമിയിലെ മുഴുവൻ വീടുകളും സന്ദർശിച്ച് വോട്ട് തേടി. മങ്ങാട് സെൻററിലും മാളോർക്കടവ് മേഖലകളിലും വോട്ട് ചോദിച്ച് ഒടുവിൽ പഞ്ചായത്ത് പര്യടന യാത്ര വെട്ടിക്കടവ് സമാപിച്ചു.
അഡ്വ കെ.കെ. അനീഷ് കുമാർ
ബൈക്കിലേറിയായിരുന്നു കുന്നംകുളം എൻ.ഡി.എ സ്ഥാനാർഥി കെ.കെ. അനീഷ് കുമാറിെൻറ കാട്ടകാമ്പാൽ പഞ്ചായത്തിലെ പര്യടനം. പ്രചാരണ യാത്ര തുറന്ന വാഹനത്തിലാണ് ആരംഭിച്ചതെങ്കിലും ഇടക്കു വെച്ച് വാഹനത്തിന് കേടുപറ്റിയതോടെ പ്രവർത്തകെൻറ ബൈക്കിൽ കയറിയിരിക്കുകയായിരുന്നു. ഇതിനിടെ സ്വന്തം വാഹനമായ ബുള്ളറ്റ് ഓടിച്ചും സ്ഥാനാർഥി യാത്ര തുടർന്നു. നിരവധി കേന്ദ്രങ്ങളിൽ സ്ത്രീകൾ കുട്ടികളുമായി സ്ഥാനാർഥിയെ വരവേൽക്കാൻ കാത്തു നിൽപുണ്ടായിരുന്നു.
ഇരുപത്തിയഞ്ചിലധികം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിലായിരുന്നു സ്ഥാനാർഥി പര്യടനം. പല കേന്ദ്രങ്ങളിലും അമ്മമാരുടെ അനുഗ്രഹം തേടാനും മറന്നില്ല. ഓരോ കേന്ദ്രങ്ങളിലും സമീപത്തെ 15 ലധികം വീടുകളിൽ കയറി വോട്ടഭ്യർഥിച്ചു. ഇടത്-വലത് മുന്നണികളെ പരോക്ഷമായി വാക്കുകളിലൂടെ അമ്പെയ്തും കേന്ദ്ര സർക്കാറിെൻറ വികസന പദ്ധതികൾ ഉയർത്തിയുമായിരുന്നു അനീഷ് കുമാറിെൻറ പ്രചാരണം. കാട്ടകാമ്പാൽ പഞ്ചായത്തിൽ നടത്തിയ വാഹന പ്രചാരണ പര്യടനത്തിൽ നാൽപതോളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.