കുന്നത്തുനാട്ടിലെ കുന്നുകേറാൻ...
text_fieldsകെ.എ. ഫൈസൽ
പ്രവചനാതീത പോരാട്ടമാണ് കുന്നത്തുനാട്ടിൽ. ഓരോ നിമിഷവും അതിന് വീറും വാശിയുമേറുന്നു. മറ്റു മണ്ഡലങ്ങളിൽനിന്ന് വ്യത്യസ്തമായി കോർപറേറ്റ് കൂട്ടായ്മ ട്വൻറി20യുടെ സാന്നിധ്യമാണ് ഇതിന് കാരണം. പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത സിറ്റിങ് എം.എൽ.എ വി.പി. സജീന്ദ്രൻ യു.ഡി.എഫിനും മണ്ഡലത്തിൽ ഏറെ വേരുകളുള്ള പി.വി. ശ്രീനിജിൻ എൽ.ഡി.എഫിനുമായി മത്സരിക്കുന്നു. ഇരുമുന്നണികൾക്കും ഭീഷണിയായി ട്വൻറി20യുടെ ഡോ. സുജിത് പി. സുരേന്ദ്രനും വോട്ടുറപ്പിക്കുന്ന തിരക്കിലാണ്. ബി.ജെ.പി സ്ഥാനാർഥി രേണു സുരേഷും എസ്.ഡി.പി.ഐ സ്ഥാനാർഥി കൃഷ്ണൻ എരഞ്ഞിക്കലും ബി.എസ്.പി സ്ഥാനാർഥി എ.ടി. മണിക്കുട്ടനും സ്വതന്ത്രൻ സുജിത് കെ. സുരേന്ദ്രനും മത്സരരംഗത്തുണ്ട്. കാർഷിക-വ്യാവസായിക മേഖലകളുടെ സംഗമഭൂമിയായ ഇവിടെ സംസ്ഥാന രാഷ്ട്രീയത്തിലെ മുഴുവൻ പ്രശ്നങ്ങളും സ്ഥാനാർഥികൾ പ്രചാരണായുധമാക്കുന്നു.
യുവാക്കൾ തേടുന്നു, തൊഴിലും അവസരങ്ങളും
അതിരാവിലെതന്നെ സെൻറ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽ യുവതലമുറയുടെ തിരക്കാണ്. നടത്തവും ഓട്ടവും കളികളുമായെത്തുന്ന പുതുതലമുറയുടെ കൂട്ടത്തിൽ കോലഞ്ചേരി മോണിങ് ക്രിക്കറ്റ് ക്ലബ് അംഗങ്ങളുമുണ്ട്. ക്ലബിലെ എൽദോ ബാബു, ശ്രീനിഷ്, ബാലു ജോയി, ശരത്, വിനു, ശ്രീജിത്, അമൽ ജിത്ത്, സുധീഷ് എന്നിവരുടെ സംസാരത്തിലേറെയും ഇപ്പോൾ രാഷ്ട്രീയമാണ്. സംസ്ഥാനത്തിെൻറ ഭാവി ഭാഗധേയം നിർണയിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇവർ തികഞ്ഞ ആകാംക്ഷയിലാണ്.
മൂന്ന് മുന്നണികളെ പിന്തുണക്കുന്നവരും ട്വൻറി20 അനുകൂലികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇതുപോലൊരു ജനപ്രിയ സർക്കാർ എെൻറ അറിവിൽ ആദ്യമായിട്ടാണെന്ന് കളിക്കൂട്ടത്തിലെ എൽദോ പറയുമ്പോൾ, ഏത് സർക്കാറും ഈ രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും പി.ആർ വർക്കില്ലാത്തതുകൊണ്ടാണ് അറിയപ്പെടാത്തതെന്നുമാണ് വിനുവിെൻറ പക്ഷം. മുന്നണികളുടെ കൊള്ളരുതായ്മകൾ അവസാനിക്കണമെങ്കിൽ ട്വൻറി20 പോലെ ജനകീയ സംഘടനകൾ വരണമെന്ന് ശരത്തും പറയുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയെൻറ കട്ട ആരാധകരാണ് തങ്ങളെന്ന് പറയാൻ ഇവർക്കാർക്കും മടിയില്ല. ആരുവന്നാലും നാട്ടിൽ വികസനം വേണം, മികച്ച കളിസ്ഥലങ്ങൾ വേണം, തൊഴിലവസരങ്ങൾ വേണം... ഇക്കാര്യത്തിൽ ഇവർ ഏക സ്വരക്കാരാണ്.
കൊറോണ തങ്ങളുടെ വയറ്റത്തടിെച്ചന്ന കാര്യത്തിൽ ഏകാഭിപ്രായമാണ് പട്ടിമറ്റം ടൗണിലെ ഓട്ടോ ഡ്രൈവർമാരായ ശിവൻ, ജോണി, സലീം, സജി എന്നിവർക്ക്. വരുമാനം കുറഞ്ഞ തങ്ങളെപ്പോലുള്ളവർക്ക് ആശ്വാസമേകാനാണ് ജനപ്രതിനിധികൾ ശ്രമിക്കേണ്ടതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ജനങ്ങൾക്കുവേണ്ടി നല്ലത് ചെയ്യാനാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ഇത് രാഷ്ട്രീയക്കാർ മറക്കുന്നതാണ് ട്വൻറി20 പോലുള്ള സംഘടനകളെ വളർത്തുന്നത്. എന്നാൽ, മുന്നണി രാഷ്ട്രീയത്തെ പൂർണമായും തള്ളിക്കളയുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായവും ഇവർക്കുണ്ട്. ട്വൻറി20 മത്സരരംഗത്ത് വന്നതോടെ കുന്നത്തുനാട് ഇക്കുറി പ്രവചനാതീതമാണെന്ന അഭിപ്രായവും ഇവരിൽ ചിലർ പങ്കുെവക്കുന്നു.
വിശ്വാസത്തിനും വോട്ടിൽ വിലയേറെ
പഴന്തോട്ടം ജങ്ഷനിലെ നാൽക്കവലയിൽ പോൾ വർഗീസും സംഘവും പതിവുപോലെ ചർച്ചയിലാണ്. സംഘത്തിൽ ജോണിയും പത്രോസും തങ്കപ്പനും എല്ലാവരുമുണ്ട്. ''യാക്കോബായ വിശ്വാസികൾക്ക് നീതിനിഷേധിച്ചത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മൂന്നു മുന്നണികൾക്കും ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്'' -േപാൾ വർഗീസ് തകർക്കുകയാണ്.
പള്ളികൾ സംരക്ഷിക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ സഹായിക്കാമെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ പറ്റിച്ചു. പ്രകടനപത്രികയിൽപോലും സഭതർക്കം പരിഹരിക്കാനുള്ള മാർഗം പറയാതെ യു.ഡി.എഫും വഞ്ചിച്ചു. എല്ലാം ശരിയാക്കാന്ന് പറഞ്ഞ് ഡൽഹിയിൽ കൊണ്ടുപോയി ബി.ജെ.പിയും പറ്റിച്ചു. ഞങ്ങൾ ഇനി ആരെ വിശ്വസിക്കും...? -പോൾ വർഗീസ് തുടർന്നതോടെ പിന്തുണയുമായി േജാണിയും ചേർന്നു. 'പിണറായി സർക്കാറാണ് സെമിത്തേരി ബിൽ കൊണ്ടുവന്നത്. സുപ്രീം കോടതിയിലിരിക്കുന്ന തർക്കത്തിൽ സർക്കാറിന് പരിമിതികളുണ്ട്' -കൂട്ടത്തിലെ ഇടത് സഹയാത്രികർ പ്രതിരോധിക്കുകയാണ്. സഭക്കനുകൂലമായി പരസ്യ നിലപാടെടുക്കുന്നവർക്ക് വോട്ട് നൽകും -പോൾ വർഗീസ് തീർത്തുപറഞ്ഞു. ഇതോടെ ആ കൂട്ടമൊന്നടങ്കം അതിനോട് യോജിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.