കുന്നത്തുനാട്ടിൽ മുന്നണികൾക്ക് ചങ്കിടിപ്പ്
text_fieldsകോലഞ്ചേരി: ഉയർന്ന പോളിങ് ശതമാനത്തിൽ കുന്നത്തുനാട്ടിൽ കൂട്ടലും കിഴിക്കലുമായി മുന്നണികൾ.
കോർപറേറ്റ് സംഘടനയായ ട്വൻറി20യുടെ വരവോടെ മണ്ഡലത്തിൽ ഇക്കുറി ത്രികോണ മത്സരമാണ് നടന്നത്. 80.99 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ. ഇത് ജില്ലയിൽതന്നെ ഏറ്റവും ഉയർന്നതാണ്. ആകെ 1,87,701 വോട്ടർമാരുള്ളതിൽ 1,52,024 പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ 92,183 പുരുഷന്മാരും 95,517 സ്ത്രീകളും ഉൾപ്പെടുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ 85.93 ശതമാനമായിരുന്നു പോളിങ്. പോളിങ് ശതമാനം 80 കടന്നത് മൂന്നു മുന്നണികളിലും ട്വൻറി20ക്കും കനത്ത ആശങ്കയും ഒപ്പം പ്രതീക്ഷയുമാണ് നൽകുന്നതാണ്. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് പിണർമുണ്ട ഇർഷാദുൽ ഇബാദ് മദ്റസയിലാണ് -88.83 ശതമാനം.
ആറ് പഞ്ചായത്തുകളിൽ മികച്ച ലീഡാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. ഇതേസമയം, അപ്രതീക്ഷിത അടിയൊഴുക്കുകളെ ഇരുമുന്നണികളും ഭയക്കുന്നുണ്ട്. എന്നാൽ, ട്വൻറി20 മികച്ച മുന്നേറ്റം നടത്തിയാൽ ഒരുമുന്നണി മൂന്നാംസ്ഥാനത്ത് പോകുമെന്ന് ഉറപ്പാണ്.
മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലം പിടിച്ചെടുക്കുമെന്ന് ഇടതുസ്ഥാനാർഥി പി.വി. ശ്രീനിജിൻ പറഞ്ഞു. പത്തുവർഷത്തെ മണ്ഡലത്തിെൻറ വികസന മുരടിപ്പും സംസ്ഥാന സർക്കാറിെൻറ ജനക്ഷേമ പ്രവർത്തനങ്ങളും തനിക്ക് തുണയാകും.
ചിട്ടയായ പ്രവർത്തനത്തിലൂടെ ഇടതുപക്ഷ വോട്ടർമാരിൽ മുഴുവൻപേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനുഭാവികളും നിഷ്പക്ഷ വോട്ടർമാരും തന്നെ തുണക്കും. ട്വൻറി20 ഭീഷണിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് മണ്ഡലം നിലനിർത്തുമെന്ന് വി.പി. സജീന്ദ്രൻ പറഞ്ഞു. പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറും. ഒപ്പം സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരവും വോട്ടാവും. പ്രതീക്ഷിക്കാത്ത പല മേഖലകളിൽനിന്നും വലിയ പിന്തുണയാണ് യു.ഡി.എഫിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിൽ ട്വൻറി20 തിളക്കമാർന്ന വിജയം നേടുമെന്ന് ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു. മുന്നണികൾക്കെതിരായ പ്രതിഷേധം വോട്ടായി മാറും. ട്വൻറി20യുടെ വരവോടെ നിഷ്പക്ഷരായിനിന്ന വോട്ടർമാരടക്കം സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.