കുറ്റ്യാടി 81.29, വടകര 79.33, നാദാപുരം 78.85
text_fieldsവടകര: താലൂക്കിലെ മൂന്നു നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് വോട്ടുയന്ത്രം തകരാറിലായത്. ചൊവ്വാഴ്ച രാത്രി എട്ടുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം കുറ്റ്യാടിയില്‍ 81.29, വടകരയില്‍ 79.33, നാദാപുരത്ത് 78.85 ശതമാനം എന്നിങ്ങനെയാണ് പോളിങ്. 2016ല്‍ വടകരയില്‍ 81.2, കുറ്റ്യാടിയില്‍ 84.97, നാദാപുരത്ത് 80.49 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
അന്തിമ കണക്കുകള്‍ വരുമ്പോള്‍ കഴിഞ്ഞ തവണത്തെ ശതമാനത്തിലേക്ക് ഇത്തവണയും ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം എങ്ങനെ അനുകൂലമാകുമെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും സംശയത്തിലാണ്. വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ ആര്.എം.പി.ഐ സ്ഥാനാര്‍ഥി വന്നത് മത്സരത്തിെൻറ മട്ടും ഭാവവും മാറ്റിയിരുന്നു. ഇവിടെ, ആത്മവിശ്വാസത്തിെൻറ കാര്യത്തില്‍ ഇരുമുന്നണികളും ഒട്ടും പിറകിലല്ല. കുറ്റ്യാടി ഇത്തവണ തിരിച്ചുപിടിക്കുമെന്നുറപ്പിച്ച എല്‍.ഡി.എഫും നിലനിര്‍ത്താനിറങ്ങിയ യു.ഡി.എഫും ശുഭപ്രതീക്ഷയില്‍ തന്നെയാണ്.
നാദാപുരത്ത് യു.ഡി.എഫ് അനുകൂല അന്തരീക്ഷമുണ്ടെന്ന് ആവര്‍ത്തിക്കുമ്പോള്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിനു രണ്ടഭിപ്രായമില്ല. എന്നാല്‍, ഇത്തവണ 80 വയസ്സിനു മുകളിലുള്ളവരുടെ വോട്ടുകള്‍ ഏറെയും നേരത്തേ ചെയ്തുകഴിഞ്ഞതാണ്. ഇതിനുപുറമെ പോസ്റ്റല്‍ വോട്ടുകള്‍ പ്രത്യേക കേന്ദ്രത്തിലെത്തി ചെയ്യുകയാണുണ്ടായത്. ഇതെല്ലാം ഏതെല്ലാം രീതിയില്‍ മാറിമറിയുമെന്ന കാര്യത്തില്‍ നേതൃതലത്തില്‍ സംശയങ്ങളുണ്ട്. അതിനാല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും നേതാക്കളുടെ ഉള്ളില്‍ തീയാണുള്ളത്. വടകര മേഖലയില്‍ വടകരയിലും കുറ്റ്യാടിയിലും തീപാറും മത്സരം തന്നെയാണ് നടന്നത്. ഇതിനിടെ, കോവിഡ് സാഹചര്യത്തില്‍ വടകരയിലുള്‍പ്പെടെ കൂടുതല്‍ ബൂത്തുകള്‍ ഒരുക്കിയത് പതിവു കാഴ്ചയായിരുന്ന നീണ്ടനിര ഒഴിവാകാന്‍ കാരണമായി. വടകരയില്‍ നേരേത്ത 148 ബൂത്തായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ 97 എണ്ണം കൂടി 245 ആയി.
വര്‍ധിച്ച ബൂത്തുകള്‍ക്ക് സൗകര്യമില്ലാത്ത സ്കൂളുകളില്‍ താൽക്കാലിക ബൂത്ത് കെട്ടിയുണ്ടാക്കുകയായിരുന്നു. വടകര താലൂക്കില്‍ 18 സ്ഥലത്താണ് ടാര്‍പോളിനും ഷീറ്റും ഉപയോഗിച്ച് താൽക്കാലിക ബൂത്തുകള്‍ ഒരുക്കിയത്. ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം വൈകാനിടയാക്കിയതായി ആക്ഷേപമുണ്ട്. ഒഞ്ചിയം ഗവ. യു.പി സ്കൂളിലാണ് ഇത്തരമൊരു പരാതിയുണ്ടായത്. ഇവിടെ ജീവനക്കാരുടെ അലംഭാവത്തിനെതിരെ ആര്.എം.പി.ഐ സ്ഥാനാര്‍ഥി കെ.കെ. രമ രംഗത്തെത്തി. തുടര്‍ന്ന് ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.